നാടിന്റെ അഭിമാനം, നക്ഷത്രമായി മാഞ്ഞു: സൈനികൻ അരുൺ രാമകൃഷ്ണന് വിട


● ഒരു വർഷത്തിനുള്ളിൽ വിരമിക്കാനിരിക്കുകയായിരുന്നു.
● ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
● ആയിരക്കണക്കിന് ആളുകൾ അന്ത്യാഭിവാദ്യമർപ്പിച്ചു.
● രാഷ്ട്രീയ സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വെള്ളരിക്കുണ്ട്: (KVARTHA) ഡൽഹിയിൽ സൈനിക വകുപ്പിൽ ഹവിൽദാർ തസ്തികയിൽ ജോലി ചെയ്ത് വന്നിരുന്ന അരുൺ രാമകൃഷ്ണന്റെ ഭൗതികശരീരം തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷം 2:30-ഓടുകൂടി പന്നിത്തടം എ.കെ.ജി നഗറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആയിരക്കണക്കിന് ആളുകളും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും സൈനിക ബഹുമതികളോടെ നടന്ന ചടങ്ങിൽ അന്ത്യോപചാരമർപ്പിച്ചു.

2011-ലാണ് പന്നിത്തടം സ്വദേശികളായ രാമകൃഷ്ണൻ-തങ്കമണി ദമ്പതികളുടെ മൂത്തമകനായ അരുൺ രാമകൃഷ്ണൻ സൈനിക സേവനത്തിൽ പ്രവേശിച്ചത്. സിക്കിം, ഗോവ, ജമ്മു-കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഡൽഹിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അടുത്ത ഒരു വർഷത്തിനുള്ളിൽ ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇതിനിടയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള 12 പേരിൽ ഒന്നാം റാങ്കോടെ അരുൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സെപ്റ്റംബർ 10-ന് ഭൂട്ടാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായുള്ള കായിക പരിശീലനം എല്ലാ മാസത്തെയും പോലെ സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു. 5 കിലോമീറ്റർ ഓടുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാത ലക്ഷണത്തെ തുടർന്ന് ഒന്നാംഘട്ട സർജറി അടിയന്തരമായി നടത്തി. തുടർന്ന് രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് സെപ്റ്റംബർ 4-ന് പുലർച്ചെ 2 മണിക്ക് അരുൺ മരണപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് ബെവ്കോ ജീവനക്കാരിയായ ഭാര്യ ശരണ്യ മൂന്നുമാസത്തെ അവധിയെടുത്ത് ഡൽഹിയിൽ അരുണിനൊപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ അരുണിന്റെ മരണസമയത്തും ശരണ്യ കൂടെയുണ്ടായിരുന്നു.
മരണത്തിന് തൊട്ടുമുമ്പായി അരുൺ രാമകൃഷ്ണന്റെയും ഭാര്യയുടെയും മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി. തുടർന്ന് വ്യാഴാഴ്ച പകൽ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
സൈനിക ബഹുമതികൾക്ക് ശേഷം വൈകീട്ട് 7 മണിയോടുകൂടി മൃതദേഹം വിമാനമാർഗ്ഗം രാത്രി 9:30-ന് മംഗലാപുരത്തെത്തിച്ചു. ശേഷം രാത്രിയിൽ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചു. വിദേശത്തുള്ള ബന്ധുക്കൾ എത്തിച്ചേർന്നതിനെ തുടർന്ന് തിരുവോണ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭൗതികശരീരം വീട്ടിലെത്തിച്ചു.
സി.പി.ഐ.എം കാസർകോട് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായ എം. രാജഗോപാലൻ, പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി എം. രാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.കെ. രാജൻ, പി.ആർ. ചാക്കോ, എളേരി ഏരിയ സെക്രട്ടറി അപ്പുക്കുട്ടൻ, പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ. രാജു എന്നിവർ അന്ത്യോപചാരമർപ്പിച്ച് റീത്ത് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എം.പി.യും മുതിർന്ന പാർട്ടി നേതാവുമായ പി. കരുണാകരൻ, വിവിധ ഏരിയ കമ്മിറ്റിയംഗങ്ങളായ പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ, കെ. കുമാരൻ, കയനി മോഹനൻ, എം.വി. രതീഷ്, ടി.വി. ജയചന്ദ്രൻ, ടി.കെ. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് മെമ്പർ എം.ബി. രാഘവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. വിജയകുമാർ, വിനോദ് പന്നിത്തടം, രമണി രവി, രമണി ഭാസ്കരൻ, കരിന്തളം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. ബാലചന്ദ്രൻ എന്നിവരും അന്ത്യോപചാരമർപ്പിച്ചു.
കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ടി. നന്ദകുമാർ, ചന്ദ്രൻ വെള്ളരിക്കുണ്ട്, ജില്ലാ കളക്ടർക്ക് വേണ്ടി വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. സതീഷ്, സബ് ഇൻസ്പെക്ടർ എൻ. ജയരാജൻ, കാസർകോട് ജില്ലാ സൈനിക ക്ഷേമ ഡയറക്ടർക്ക് വേണ്ടി സി.ജെ. ജോസഫ്, സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂർ യൂണിറ്റിന്റെ ടീം കണ്ണൂർ ഡി.എസ്.സി., പ്രദേശത്തെ വിവിധ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ, സാംസ്കാരിക മേഖലകളിലെ പ്രവർത്തകർ എന്നിവരും റീത്തുകളും ബൊക്കെയും അർപ്പിച്ച് അന്ത്യോപചാരം ചെയ്തു.
അരുൺ രാമകൃഷ്ണൻ്റെ വിയോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ ദുഃഖം കമന്റുകളിലൂടെ അറിയിക്കൂ.
Article Summary: Indian Army Havildar Arun Ramakrishnan passes away.
#ArunRamakrishnan #IndianArmy #Vellarikkund #Kasargod #RIP #Tribute