Sunil Babu | കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു അന്തരിച്ചു
Jan 6, 2023, 08:16 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സുനില്‍ ബാബു (50) അന്തരിച്ചു. കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 മണിക്ക് എറണാകുളത്തെ ആശുപത്രിയിലാണ് അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്നു. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനില്‍ ബാബു. ഭാര്യ: പ്രേമ. മകള്‍: ആര്യ സരസ്വതി. മൃതദേഹം അമൃത ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവിധ ഭാഷകളില്‍ നൂറോളം സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബു മൈസൂറു ആര്‍ട്‌സ് കോളജിലെ പഠനത്തിനുശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.
പ്രശസ്ത കാമറാമാന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലെ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.
അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയവയാണ് സുനില്‍ ബാബുവിന്റെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. ബോളിവുഡില്‍ എം എസ് ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സുനില്‍ ഒരു ഇന്‍ഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Keywords: News,Kerala,State,Kochi,Death,Obituary,Cinema,Entertainment,hospital,Latest-News, Art director Sunil Babu passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

