Remembering Akbar | അക്‌ബർ കക്കട്ടിൽ വിട വാങ്ങിയിട്ട് 9 വർഷം; അധ്യാപക കഥകളുടെ അമരക്കാരൻ


● സാധാരണക്കാരുടെ ജീവിതം നർമ്മത്തിൽ അവതരിപ്പിച്ചു.
● 'പാഠം 30' മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറി.
● കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു.
(KVARTHA) മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്ന അക്‌ബർ കക്കട്ടിൽ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഫെബ്രുവരി 17ന് ഒൻപത് വർഷം. കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബർ കക്കട്ടിൽ. 'അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു.
വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അധ്യാപക കഥകൾ ടിവി ചാനലുകളിൽ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഇദ്ദേഹത്തിന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അക്‌ബർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദുഃഖകരമായ ജീവിതത്തെ പോലും അക്ബർ സ്വതസ്സിദ്ധമായ നർമം കൊണ്ട് തേജോമയമാക്കി. നാല് നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’എന്ന നോവൽ എഴുതപ്പെട്ടതിൽ ഏറ്റവും മികച്ചവയിൽ ഒന്നാണ്.
ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ. ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ്, എസ് കെ പൊറ്റക്കാട് അവാർഡ്, മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ ഏഴിന് അക്ബർ കക്കട്ടിൽ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ ഗവേർണിങ് ബോഡികൾ, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് തന്റെ 62-ാമത് വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Akbar Kakkattil, a renowned writer known for his teacher stories, passed away 9 years ago. He was a prominent figure in Malayalam literature, particularly for his tales about teachers.
#AkbarKakkattil #TeacherStories #MalayalamLiterature #RememberingAkbar #MalayalamAuthors #KeralaNews