Mary Roy | പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു; വിട വാങ്ങിയത് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com) പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് പള്ളിക്കൂടം സ്‌കൂളിനോട് ചേര്‍ന്ന വീട്ടുവളപ്പില്‍വച്ച് നടക്കും. 
Aster mims 04/11/2022

പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുകര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. ബുകര്‍ സമ്മാനം നേടിയ ആദ്യ നോവല്‍ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' അരുന്ധതി റോയ് സമര്‍പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്. 

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയി, ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് കൂടിയാണ്. 

1984 ല്‍ കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക്  പിന്‍തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 - വില്‍പത്രം എഴുതി വയ്ക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി. എന്നാല്‍ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാന്‍ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. 

ഒടുവില്‍, 2002ല്‍ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. എന്നാല്‍ ഈ സ്വത്ത് മക്കള്‍ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നല്‍കി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു. 

1933ല്‍ കോട്ടയത്തെ അയ്മനത്തായിരുന്നു മേരിയുടെ ജനനം. മുത്തച്ഛന്‍ ജോണ്‍ കുര്യന്‍ കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളില്‍ ഒന്നായ അയ്മനം സ്‌കൂളിന്റെ സ്ഥാപകനാണ്, പിന്നീട് അത് റവ: റാവു ബഹാദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂള്‍ എന്ന പേര് സ്വീകരിച്ചു. ( ഇന്ന് ആ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല, മലയാളം മീഡിയം സ്‌കൂളായിരുന്നു). അദ്ദേഹത്തിന്റെ മകളുടെ നാല് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു മേരി. 1937 - മേരിക്ക് 4 വയസുള്ളപ്പോള്‍ കൃഷി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം ഡെല്‍ഹിയിലെത്തി. 

ജീസസ് മേരി കോന്‍വെന്റ് സ്‌കൂളിലായിരുന്നു മേരി അക്കാലത്ത് പഠിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച് അച്ഛന്‍ ഡെല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തി ഊട്ടിയില്‍ വീടുവാങ്ങി. തുടര്‍ന്ന് മേരി ഊട്ടിയിലെ നസ്രേത്ത്  കോന്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നു. 

ഊട്ടിയില്‍ താമസം തുടങ്ങി അധികം നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ അമ്മയെ നിത്യം മര്‍ദിക്കുമായിരുന്ന അച്ഛന്‍ ഒരു ദിവസം അമ്മയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ പുറത്തുചാടി മേരിയും അമ്മയോടൊപ്പം ചേര്‍ന്നു. മഴയത്ത് നടന്ന് കുന്നിന്‍ മുകളിലെ ജനറല്‍ പോസ്റ്റോഫീസിലെത്തി അമ്മയുടെ അച്ഛന് ടെലിഗ്രാം അയച്ചു. കൂട്ടിക്കൊണ്ടു പോകാന്‍ അയ്മനത്ത് നിന്ന് ആളെത്തുന്നതു വരെ പോസ്റ്റ് മാസ്റ്ററുടെ വീട്ടില്‍ കഴിഞ്ഞു. 

ബിരുദ പഠനത്തിനായി മദ്രാസിലെ ക്യൂന്‍സ് മേരി കോളേജില്‍ ചേര്‍ന്നു. ബിഎ കഴിഞ്ഞ് വീട്ടിലെത്തി ഒരു വര്‍ഷം അമ്മയോടൊപ്പം കഴിഞ്ഞു. വീട്ടില്‍ അപ്പോഴേക്കും സാമ്പത്തിക ബുദ്ധിമുട്ട് ആയിക്കഴിഞ്ഞിരുന്നു. ഓക്‌സ്‌ഫോഡില്‍ പഠനം കഴിഞ്ഞെത്തിയ ജ്യേഷ്ഠന് കൊല്‍കത്തയില്‍ ജോലി ലഭിച്ചപ്പോള്‍ ജ്യേഷ്ഠനൊപ്പം മേരിയും കൊല്‍കത്തയിലേക്ക് പോയി. 

Mary Roy | പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു; വിട വാങ്ങിയത് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളി


ജ്യേഷ്ഠനൊപ്പം നിന്ന് ടൈപ് റൈറ്റിങ്ങും ഷോര്‍ട്ഹാന്‍ഡും പഠിച്ച് മെറ്റല്‍ ബോക്‌സ് എന്ന കംപനിയില്‍ സെക്രടറിയായി ജോലി ലഭിച്ചു. കൊല്‍കത്തയില്‍ വെച്ച് ചണമില്ലില്‍ ഉദ്യാഗസ്ഥനും ധനികനും ആയ ബംഗാളി ബ്രാഹ്മണന്‍ രാജീബ് റോയിയെ കണ്ടുമുട്ടി, വിവാഹിതയായി. 

ആഡംബരം നിറഞ്ഞ ജീവിതമായിരുന്നെങ്കിലും മദ്യത്തിന് അടിമയായ രാജീബ് റോയിക്ക് ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ കഴിഞ്ഞില്ല. 30ആം വയസില്‍ 5 വയസുള്ള മകന്‍ ലളിതിനെയും 3 വയസുകാരി മകള്‍ അരുന്ധതിയെയും കൂട്ടി മേരി പടിയിറങ്ങി, ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലെത്തി താമസമായി, 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ലഭിച്ചു. എന്നാല്‍ ജ്യേഷ്ഠന്‍ ജോര്‍ജ്ജ് ഗുണ്ടകളെയും കൂട്ടി വന്ന് മേരിയെയും കുട്ടികളെയും വീട്ടില്‍ നിന്ന് പുറത്താക്കി. 

എന്നാല്‍ കേരളത്തിന് പുറത്തായതിനാല്‍  ഊട്ടിയിലെ വീടിന് മേല്‍ തുല്യാവകാശമുണ്ടായിരുന്നതു കൊണ്ട് ഒത്തുതീര്‍പ് ചര്‍ചകള്‍ക്കൊടുവില്‍ ഊട്ടിയിലെ വീട് 1966ല്‍ മേരി റോയിക്ക് ഇഷ്ടദാനമായി നല്‍കി. അതു വിറ്റു കിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ കൊണ്ടാണ് മേരി റോയി, 5 ഏകര്‍ സ്ഥലം വാങ്ങി സ്‌കൂള്‍ തുടങ്ങിയത്. ലാറി ബേക്കറായിരുന്നു സ്‌കൂള്‍ രൂപകല്‍പന ചെയ്തത്. 

സ്‌കൂളിലെ, ആദ്യ വിദ്യാര്‍ഥികള്‍ സ്വന്തം മക്കളായ ലളിത് റോയിയും അരുന്ധതി റോയിയും പിന്നെ ലാറി ബേക്കറിന്റെ മകളും അടക്കം 7 കുട്ടികള്‍. തുടക്കത്തില്‍ സ്‌കൂള്‍ കോംപൗന്‍ഡിലെ കോടേജില്‍ തന്നെ താമസിച്ചായിരുന്നു സ്‌കൂള്‍ നോക്കി നടത്തിയിരുന്നത്.

ആദ്യത്തെ മൂന്ന് വര്‍ഷം മലയാളം മാധ്യമത്തില്‍ മാത്രമായിരുന്നു പഠനം. നാലാം വര്‍ഷമാണ് ഇന്‍ഗ്ലീഷ് പരിചയപ്പെടുത്തുന്നത് തന്നെ. പിന്നീട് ക്രമേണ ഇന്‍ഗ്ലീഷ് മീഡിയത്തിലേക്ക് മാറി. ഐസിഎസ്ഇ സിലബസാണ് സ്‌കൂള്‍ പിന്‍തുടരുന്നത്. കോര്‍പസ് ക്രിസ്റ്റി എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ പേര്, പിന്നീട് പള്ളിക്കൂടമെന്നാക്കി. പാഠ്യേതര വിഷയങ്ങളില്‍ പരിശീലനവും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കിയുമുള്ള പഠനമാണ് സ്‌കൂള്‍ പിന്തുടരുന്നത്.

Keywords:  News,Kerala,State,Kottayam,Death,Obituary, Activist Mary Roy passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia