Tribute | രത്തൻ ടാറ്റ: വിടവാങ്ങിയത് ഗാന്ധിയൻ ജീവിതം സന്ദേശമാക്കിയ മഹാനായ ഭാരത പുത്രൻ
ADVERTISEMENT
● രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി.
● ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.
● പദ്മഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാമനാവത്ത്
ന്യൂഡൽഹി: (KVARTHA) മഹാത്മ ഗാന്ധി കാണിച്ച പാതയിലൂടെസ്വജീവിതം ലോകത്തിന് തന്നെ സന്ദേശമായി പകർന്ന് നൽകിയ മഹാനായ ഭാരത പുത്രനെയാണ് രത്തൻ ടാറ്റയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. ഇന്ത്യൻ വ്യവസായ ലോകത്തിനെ അതിൻ്റെ ബാല്യകാല അവസ്ഥയിൽ നിന്നും യൗവനത്തിലേക്ക് കൈപിടിച്ച് നടത്തിച്ചതാണ് രത്തൻ ടാറ്റ നൽകിയ ഏറ്റവും വലിയ സേവനങ്ങളിലൊന്ന്. കാർഷിക രാജ്യമായി നിലനിൽക്കുമ്പോഴും ഇന്ത്യ വ്യാവസായികരംഗത്തും പുരോഗതി നേടണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിയൻ മാർഗത്തിലൂടെയായിരുന്നു ഇതിനായി അദ്ദേഹത്തിൻ്റെ പ്രയാണം.

ടാറ്റയുടെ പിൻവഴിയെ ഒട്ടേറെ വ്യവസായ പ്രമുഖർ തങ്ങളുടെ സംരഭങ്ങളുമായി രംഗത്തുവന്നിരുന്നുവെങ്കിലും രത്തൻ ടാറ്റയെ വ്യത്യസ്തമാക്കുന്നത് മറ്റു ചില ഘടകങ്ങൾ കൂടിയാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ മുഖം കൂടി കണ്ടു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ വ്യവസായ സംരഭങ്ങളും. ഏറ്റവും ചുരുങ്ങിയ വിലയിൽ സാധാരണക്കാരനു പോലും വാങ്ങാവുന്ന നാനോ കാർ വിപണിയിലിറക്കിയത് ഇത്തരമൊരു ആദർശത്തിൻ്റെ പിൻബലത്തിലുടെയാണ്. ഇന്ത്യയിലെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ആഗോള വിപണിയിൽ വിശ്വാസ്യതയും നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് ടാറ്റാ ഗ്രൂപ്പിൻ്റെ വലിയ നേട്ടങ്ങളിലൊന്ന്.
പട്ടിണി പാവങ്ങളുടെ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയെ വ്യവസായ ശക്തിയാക്കി മാറ്റാനും തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികതയിലുടെ അദ്ദേഹത്തിന് കഴിഞ്ഞു. കയറ്റിറക്കങ്ങൾ ഒരുപാട് കണ്ട ടാറ്റയെന്ന വ്യവസായി ബിസിനസ് വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകവും കൂടിയാണ്. ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ ശൃംഖലകളിലൊന്നായി ഇതിനകം തന്നെ ടാറ്റ ഗ്രൂപ്പിനെ ഉയർത്തിയാണ് അതിൻ്റെ സാരഥിയായ രത്തൻ ടാറ്റ വിട പറയുന്നത്. ലാഭ ചിന്ത മാത്രമുള്ള കോർപറേറ്റ് കിടമത്സരം കൊടുമ്പിരി കൊള്ളുന്ന വ്യവസായ ലോകത്ത് പലപ്പോഴും അന്യം നിന്നു പോകാറുള്ള മനുഷ്യത്വത്തിൻ്റെ പ്രതീകം കൂടിയാണ് അദ്ദേഹം.
തൻ്റെ ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടങ്ങുമ്പോഴും അദ്ദേഹം തൻ്റെയുള്ളിലെ മനുഷ്യ സ്നേഹത്തേയും ദേശസ്നേഹത്തെയും കൈവിടാതെ കാത്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ നിന്നിങ്ങോട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം ടാറ്റ ഗ്രൂപ്പിൻ്റെ മുഖമെന്നാൽ അത് രത്തൻ ടാറ്റയായിരുന്നു. ഉപ്പ് തൊട്ട് സോഫ്റ്റ്‌വെയർ വരെ പടർന്ന് പന്തലിച്ച വലിയൊരു വ്യവസായ ശൃംഖലയെ ലോകോത്തര നിലവാരത്തിലെത്തിച്ച സ്ഥിരോൽസാഹിയും ദീർഘവീക്ഷണവുമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റ.
ടാറ്റ ഗ്രൂപ്പിനെ ലോകോത്തര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോഴും രാജ്യത്തോടുളള കൂറും അചഞ്ചലമായ ആത്മവിശ്വാസവും അദ്ദേഹം മുഖമുദ്രയാക്കി. ബിസിനസ് മിടുക്ക്, കാഴ്ചപ്പാട്, ശക്തമായ തൊഴിൽ നൈതികത എന്നിവയ്ക്ക് പേരുകേട്ട രത്തൻ ടാറ്റ തൻ്റെ കുടുംബ ബിസിനസിനെ ഒരു അന്താരാഷ്ട്ര സാമ്രാജ്യമാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറ്റിയെഴുതി. യുവാക്കള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും എൺപതുകൾ പിന്നിട്ട തൻ്റെ അവസാന നാളുകളിൽ പോലും അതുകൊണ്ട് തന്നെ വലിയ സ്വാധീനമാണ് രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നത്. പോയ വർഷം മഹാരാഷ്ട്ര സർക്കാർ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യവും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലം ‘ടാറ്റ ഗ്രൂപ്പിൻ്റെ’ ചെയർമാനായി സേവനമനുഷ്ഠിച്ച രത്തൻടാറ്റ 2012-ൽ തൻ്റെ 75-ാം വയസ്സിൽ ഔദ്യോഗികമായി തൻ്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും വിരമിച്ചെങ്കിലും തൻ്റെ ബിസിനസ് രംഗത്തു വരുന്ന ഓരോ മാറ്റങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വ്യവസായം നവീകരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനൊപ്പം സാമൂഹിക രംഗത്ത് ടാറ്റ ഗ്രൂപ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താഴെത്തട്ടിലുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു.
165 ബില്യൺ ഡോളർ വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ‘ടാറ്റ ഗ്രൂപ്പിനെ ഉയർത്തിയാണ് രത്തൻ ടാറ്റ ഇപ്പോൾ വിട വാങ്ങിയിരിക്കുന്നത്. രത്തൻ ടാറ്റയെന്ന വ്യവസായിയും മനുഷ്യനും ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാർഗദർശിയാണ്. സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ ഭാരത പുത്രനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഓർമ്മകൾ വഴി വിഴക്കളായി ഇനിയും പ്രകാശം ചൊരിയുമെന്ന് പ്രതീക്ഷിക്കാം.
#RatanTata #TataGroup #IndianBusiness #Obituary #RIP #BusinessLeader #Innovation #Philanthropy
