EV Bike Explodes | കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈകിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40 കാരന്‍ മരിച്ചു; സ്‌ഫോടനത്തില്‍ പൊള്ളലേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍, പുക ശ്വസിച്ച് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നം
Apr 24, 2022, 10:09 IST
അമരാവതി: (www.kvartha.com) ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങള്‍ റിപോര്‍ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദില്‍ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 കാരന്‍ മരിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ വിജയവാഡയില്‍ ഇലക്ട്രിക് ബൈകിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40 കാരന്‍ മരിച്ചു. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ ആരോഗ്യവാന്മാരാണെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് കിടപ്പുമുറിയില്‍ സൂക്ഷിച്ച ബാറ്ററി പൊട്ടിത്തെറിച്ച് പരിസരവാസികളെ നടുക്കിയ അപകടം സംഭവിച്ചത്. ഡിടിപി തൊഴിലാളിയായിരുന്ന കെ ശിവകുമാര്‍ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക് വാങ്ങിയത്. വാഹനത്തില്‍ നിന്ന് ഊരുമാറ്റാവുന്ന ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലര്‍ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ വി ജാനകി രാമയ്യ പറഞ്ഞു.
സ്ഫോടനത്തില്‍ വീട്ടില്‍ തീപിടിത്തമുണ്ടായി, എയര്‍ കണ്ടീഷനും തയ്യല്‍ മെഷീനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് വാതില്‍ തകര്‍ത്ത് അകത്ത് കുടുങ്ങിയ കുടുംബത്തെ പുറത്തെത്തിച്ചത്. പൊട്ടിത്തെറിയില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.