Balloon War | ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ പൊട്ടിപ്പുറപ്പെട്ട 'ബലൂൺ യുദ്ധം' എന്താണ്?

 
Balloon War


ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച നൂറുകണക്കിന് ബലൂണുകൾ ഉത്തര കൊറിയ അയച്ചുവെന്നാണ് ആരോപണം

സിയോൾ: (KVARTHA) ഉയരത്തിൽ പറക്കുന്ന ബലൂണുകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ചരിത്രം നിങ്ങൾക്കറിയാമോ? അതെ, അത്തരമൊരു 'യുദ്ധത്തിന്റെ' പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇരു രാജ്യങ്ങളും. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ അധികൃതർ പ്രദേശവാസികളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുകയാണ്. കൂടാതെ, അജ്ഞാത വസ്തുക്കളിൽ സ്പർശിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.

ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച നൂറുകണക്കിന് ബലൂണുകൾ ഉത്തര കൊറിയ അയച്ചുവെന്നാണ് ആരോപണം. ചൊവ്വാഴ്‌ച രാത്രി ബലൂണുകളിൽ കെട്ടി അയച്ചതായി കരുതുന്ന 260 പ്ലാസ്റ്റിക് ചാക്ക്  മാലിന്യങ്ങൾ ദക്ഷിണ കൊറിയയുടെ തെക്കൻഭാഗത്ത് കണ്ടെത്തുകയുണ്ടായി. ഇതിനുശേഷമാണ് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പൗരന്മാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചത്. ദക്ഷിണ കൊറിയൻ സംഘടനകൾ ഉത്തരകൊറിയയിലേക്ക് ലഘുലേഖകൾ അയച്ചതിനെതിരെ  തിരിച്ചടിക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. 

ബലൂൺ യുദ്ധം

1950 കളിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന  ഒരു പ്രചാരണ മാർഗമായിരുന്നു ബലൂൺ യുദ്ധം. ഈ സംഘർഷത്തിൽ, പ്രചാരണ സാഹിത്യങ്ങൾ, ഭീഷണി സന്ദേശങ്ങൾ, ഭരണകൂടത്തിന്റെ അനുകൂല പ്രചരണ പോസ്റ്ററുകൾ എന്നിവ നിറച്ച ബലൂണുകൾ രാജ്യങ്ങൾ പരസ്പരം അയച്ചുവിട്ടു. 1953 ജൂലായ് 27-ന് യുദ്ധവിരാമ കരാർ ഒപ്പുവെച്ചപ്പോഴേക്കും 280 കോടി ലഘുലേഖകൾ അയച്ചിരുന്നുവെന്നാണ് കണക്ക്.

ഇതിൽ 250 കോടി ലഘുലേഖകൾ ദക്ഷിണ കൊറിയൻ - യുഎൻ സൈനികരും 30 കോടി ലഘുലേഖകൾ ഉത്തരകൊറിയയും സോവിയറ്റ് യൂണിയനും ചേർന്ന് അയച്ചതായിരുന്നു. 1953ലെ വെടിനിർത്തൽ കരാറിന് ശേഷം യുദ്ധം അവസാനിച്ചെങ്കിലും അതിനുശേഷവും ഇരുരാജ്യങ്ങളും ലഘുലേഖകൾ അയക്കുന്നത് തുടരുന്നുണ്ട്. ലഘുലേഖകളിൽ പരസ്പരം നേതാക്കളെയും സർക്കാരിനെയും വിമർശിക്കുന്ന വാക്കുകളാണ് ഉള്ളത്.

150 മാലിന്യ ബലൂണുകൾ അയച്ചു

മാലിന്യങ്ങളും മലവും അടങ്ങിയ 150 ഓളം ബലൂണുകൾ ഇപ്പോൾ ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയ അയച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയയുടെ വിവിധ ഭാഗങ്ങളിൽ ഈ ബലൂണുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലത് നിലത്ത് വീണപ്പോൾ മറ്റുചിലത് വായുവിലൂടെ സഞ്ചരിക്കുന്ന നിലയിലായിരുന്നു. ഈ സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയ ജനങ്ങളോട് മുൻകരുതൽ പാലിക്കാനും സംശയാസ്പദമായ ബലൂണുകൾ കണ്ടാൽ അധികൃതരെ അറിയിക്കാനും ആവശ്യപ്പെട്ടു. എന്തുതന്നെയായാലും ഈ ബലൂൺ ആക്രമണം കൊറിയകളുടെ സംഘർഷത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന വിചിത്രമായ രീതികളിൽ ഒന്നാണ്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia