Ajit Pawar | '83 വയസായില്ലേ, ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ'; ശരത് പവാറിനോട് അജിത് പവാര്‍

 


മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള പോര് പരസ്യമാവുകയാണ്. ബുധനാഴ്ച ശക്തി തെളിയിക്കാനായി ശരത് പവാറും മരുമകന്‍ അജിത് പവാറും യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ വിമത പക്ഷത്തില്‍ 29 പേരും ശരത് പവാര്‍ പക്ഷത് 17 പേരും പങ്കെടുത്തു.

ഇതോടെ കൂടുതല്‍ പേരുടെ പിന്തുണ തങ്ങള്‍ക്കാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കയാണ് അജിത് പവാര്‍. 42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പക്ഷത്തിന്റെ അവകാശവാദം. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ 36 പേരുടെ പിന്തുണയാണ് അജിത് പവാറിന് ആവശ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ ഏഴ് എംഎല്‍എമാരുടെ പിന്തുണ കൂടി അജിത് പവാറിന് ആവശ്യമുണ്ട്.

ഇരു യോഗങ്ങള്‍ക്കും പങ്കെടുക്കാതിരുന്ന ഏഴു പേരുടെ നിലപാടാണ് നിര്‍ണായകമാകുക. എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എമാരാണുള്ളത്. പാര്‍ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമിഷന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നു ശരദ് പവാര്‍ പക്ഷവും ആവശ്യപ്പെട്ടു.

യോഗത്തില്‍ അമ്മാവനായ ശരത് പവാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കാഴ്ചയും കണ്ടു. താങ്കള്‍ക്ക് 83 വയസായില്ലേ ഇനിയെങ്കിലും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് പുതുതലമുറകള്‍ക്ക് അവസരം നല്‍കണം എന്ന് അജിത് പവാര്‍ ശരത് പവാറിനോട് ചോദിക്കുകയും ചെയ്തു.

അജിത് പവാറിന്റെ വാക്കുകള്‍:


മറ്റു പാര്‍ടികളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കും. ബിജെപിയില്‍ നേതാക്കള്‍ 75 ല്‍ വിരമിക്കുന്നു, നിങ്ങള്‍ എപ്പോഴാണ് നിര്‍ത്തുന്നത്, ശരദ് പവാറും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ തയാറാകണം. ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതു ചൂണ്ടിക്കാട്ടണം. താങ്കള്‍ക്ക് 83 വയസായി. ഇനിയെങ്കിലും അവസാനിപ്പിക്കുമോ. ഞങ്ങളെ അനുഗ്രഹിക്കണം. പാര്‍ടിയെ നയിക്കാന്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. കരുത്തരായ കുടുംബത്തില്‍ പിറക്കാതിരുന്നത് തങ്ങളുടെ തെറ്റാണോ എന്നും സുപ്രിയ സുലെയെ പരോക്ഷമായി പരാമര്‍ശിച്ച് അജിത് ചോദിച്ചു.

എന്‍സിപി പിളര്‍ത്തി ബിജെപി - ശിവസേന സര്‍കാരിന്റെ ഭാഗമായതിനു പിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും ശരദ് പവാറിനെ നീക്കി അജിത് പവാറിനെ തിരഞ്ഞെടുത്തതായി അജിത് പക്ഷം തിരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുകയും ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാന്‍ എന്‍സിപിയുടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും നേരത്തെ തന്നെ താല്‍പര്യമുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍ വ്യക്തമാക്കി.

'ബിജെപിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള എംഎല്‍എമാര്‍ കത്ത് ഒപ്പിട്ടു നല്‍കിയിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ തയാറാകണമെന്ന് ശരദ് പവാറിനോട് അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. ഞാനും ജയന്ത് പാട്ടീലുമാണ് ബിജെപിയോടു ചര്‍ച നടത്തുന്നതിന് നിയോഗിക്കപ്പെട്ടത്. മാധ്യമങ്ങള്‍ക്കു യാതൊരു സൂചനയും നല്‍കരുതെന്ന് ശരദ് പവാര്‍ പറഞ്ഞു.

Ajit Pawar | '83 വയസായില്ലേ, ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ'; ശരത് പവാറിനോട് അജിത് പവാര്‍

ഏക്നാഥ് ഷിന്‍ഡെ സര്‍കാര്‍ രൂപീകരിക്കുന്നതിനു മുന്‍പായിരുന്നു ഇത്. 2019ല്‍ ബിജെപിയോടു സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് തവണ യോഗം ചേര്‍ന്നു. എന്നാല്‍ പെട്ടെന്നു പവാര്‍ തീരുമാനം മാറ്റി. ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്നും ശിവസേനയ്ക്കൊപ്പം പോകുകയാണെന്നും അറിയിച്ചു. ശിവസേന വര്‍ഗീയ പാര്‍ടിയാണെന്നു 2017ല്‍ പറഞ്ഞ ഞങ്ങള്‍ 2019ല്‍ അവര്‍ക്കൊപ്പം സര്‍കാര്‍ രൂപീകരിച്ചു. എന്നിട്ട് എന്നെയെന്തിനാണ് വില്ലനായി ചിത്രീകരിക്കുന്നത്' - എന്നും അജിത് ചോദിച്ചു.

Keywords:  'You're 83, Will you ever stop?': Ajit Pawar asks uncle Sharad Pawar, Mumbai, News, Politics,  Ajit Pawar, Sharad Pawar, Supriya Sule, Meeting, BJP, Shiv Sena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia