Missing | 4 ദിവസമായി ഒരു യുവാവ് മണ്ണിനടിയിൽപ്പെട്ടിട്ടും ഇവിടെ ഉത്തരവാദിത്തപ്പെട്ടവർ ആരും അറിഞ്ഞില്ല; എന്തൊരു വിധി ഇത്! ഒരു മന്ത്രിയോ സിനിമ നടനോ മറ്റോ ആയിരുന്നെങ്കിൽ ഇതാകുമായിരുന്നോ അവസ്ഥ?


സോണി കല്ലറയ്ക്കൽ
(KVARTHA) നല്ല ഭരണ സംവിധാനം. ഇത്രയും ദിവസമായിട്ടും ആരും അറിഞ്ഞില്ല, എന്ത് വിധി ഇത്. ആരെങ്കിലും ഒന്ന് സഹായിക്ക്. ഇന്ന് ഒരു സാധാരണക്കാരൻ്റെ (Common Man) ജീവന് വേണ്ടി മനസിൽ അൽപമെങ്കിലും നന്മയുള്ളവർ വിലപിക്കുന്ന കാഴ്ചയാണ് കേരളത്തിലെമ്പാടും നിന്ന് കാണുന്നത്. ഒരു മന്ത്രിയോ (Minister), ഒരു സിനിമ നടനോ (Actor) ആയിരുന്നെങ്കിൽ ഇതിൻ്റെ കാര്യത്തിൽ എത്രയും വേഗത്തിൽ ഒരു തീരുമാനമായേനെ. ഈ നാട്ടിൽ പാവപ്പെട്ടവന്റെ ജീവന് യാതൊരു വിലയും ഇല്ലെന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത ആരെയും ഞെട്ടിക്കുന്നതാണ്.
കർണാടക ഷിരൂരിൽ (Shirur) ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ (Landslide) അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് (Malayali Driver) നാലാം ദിവസം ആയിട്ടും ഒരു വിവരമില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്.
അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടിരിക്കുന്നു. ശരിക്കും എന്തൊരു നാട്. ഈ നാട്ടിൽ ജീവിക്കുന്നത് തന്നെ പാവപ്പെട്ടവന് ഗതികേട് ആയിരിക്കുന്നു എന്ന് ചുരുക്കം. കേന്ദ്രത്തിൽ ധാരാളം മന്ത്രിമാരും ഇവിടെനിന്ന് ധാരാളം നേതാക്കളും ഒക്കെ ഉണ്ട്. ഇവരുടെ ഒക്കെ എന്തെങ്കിലും പരാമർശം വന്നാൽ അത് മിനുറ്റുകൾക്കുള്ളിൽ വാർത്തയാകും. എന്നാൽ ഒരു പാവപ്പെട്ടൻ നാല് ദിവസമായി മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നത് ആരും അറിഞ്ഞില്ല താനും.
ഹൈവേയിലാണ് ഈ മണ്ണിടിച്ചിലുണ്ടായത്. എത്ര പേർ അതിനുള്ളിലുണ്ടെന്ന് ആർക്കുമറിയില്ല. നാല് ദിവസമായിട്ടും ആ മണ്ണ് നീക്കുന്നത് കാണുന്നില്ല. രാഷ്ട്രീയക്കാർ ഏതുമാവട്ടെ അവർക്ക് ജനങ്ങളുടെയോ നാടിൻ്റെയോ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ല എന്നാണ് മനസിലാക്കേണ്ടത്. ഭരണകർത്താക്കളാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനത്തിന് ഉത്തരവിടേണ്ടത്. പ്രത്യേകിച്ച് ഈ മണ്ണിടിഞ്ഞ സ്ഥലം കാട്ടിലോ മറ്റോ അല്ല. നല്ല വീതിയുള്ളതും നിരപ്പായ സ്ഥലവുമാണ്. ആര് കേൾക്കാൻ ഇത്. ആരോട് പറയാൻ.
ദുരന്തനിവാരണ അതോറിറ്റിയും ഇവിടെ അത്യാവശ്യ ഘട്ടങ്ങളിൽ ഡിഫെൻസ് കമാൻഡോകളുടെ സേവനവും ലഭ്യമായിട്ട് കർണാടക സർക്കാരിന്റെ ഈ മെല്ലെപ്പോക്ക് എന്ത് കൊണ്ടാണ് എന്നാണ് മനസിലാകാത്തത്. ഇതൊക്കെ കെടുകാര്യസ്ഥതയും ഉത്തരവാദിത്ത ഇല്ലായ്‌മയും തന്നെ. ഉദ്യോഗസ്ഥർക്ക് എന്തുമാകാം എന്നൊരു ചിന്ത. എത്ര ജീവനുകൾ പൊലിഞ്ഞു. ഇനിയും ഈ മണ്ണിനടിയിൽ ജീവന്റെ ശ്വാസത്തിനായി എത്രപേരുണ്ടാവും, കഷ്ടം..ആർക്കും ഒന്നും അറിയില്ല! അതാണ് ഇപ്പോൾ പുറത്തുവരുന്ന സത്യവും.
ഇത്രയും ദിവസങ്ങൾ ആയിട്ട് ഇന്നാണ് മന്ത്രി പോലും അറിഞ്ഞത് . ഒരു ചെറിയ സംഭവം പോലും വലിയ വാർത്തയാക്കുന്ന ഈ കാലത്ത് മാധ്യമങ്ങൾ പോലും അറിഞ്ഞില്ല എന്ന് പറയുമ്പോൾ എന്താണ് മനസിലാക്കണ്ടത്? നാടിൻ്റെ ഒരു ദുർഗതി പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. നാട്ടുകാർക്ക് ഒന്നും കേറി ചെല്ലാൻ പറ്റാത്ത ഇടമായിരിയ്ക്കും സംഭവം നടന്നിരിക്കുന്നത്. നാട്ടുകാർക്ക് ചെല്ലാൻ പറ്റുന്ന ഇടമായിരുന്നെങ്കിൽ ഈ സംഭവത്തിൽ നന്മയുള്ള ഏതെങ്കിലും ഒരാൾ ഇടപെട്ടേനെ. സർക്കാർ സംവിധാനം വളരെ മോശമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഒരാളെ കൊണ്ട് ജോലി ചെയ്യിക്കുമ്പോൾ ജോലി ചെയ്യുന്നവന്റെ സുരഷ അത് സർക്കാർ പ്രതിധിനികൾ ആണ് അവിടെ ചെന്ന് വിലയിരുത്തേണ്ടത്. അത് ഏത് കമ്പനി ജോലി ആയാലും. കേന്ദ്രം പോകട്ടെ. ഇപ്പോൾ കർണാടകം ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണ്. അവർ അധികാരത്തിലേറിയപ്പോൾ അവരിൽ മലയാളികൾ ഉൾപ്പെടെ പലരും പ്രതീക്ഷവെച്ച് പുലർത്തിയവരാണ്. ഇപ്പോൾ കോൺഗ്രസ് ഭരണത്തിൽ വന്നതോടെ കർണാടകയിൽ മലയാളികൾ വെറുക്കപ്പെട്ടവർ ആയോ എന്ന് പൊതുസമൂഹം ചോദിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.
മാത്രമല്ല, കേന്ദ്രത്തിലെ ലോക് സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് വയനാട്ടിൽ നിന്നുള്ള എം.പി കൂടിയായിരുന്നെന്ന് ഓർക്കണം. അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നെങ്കിലു ഒരു ചെറുവിരൽ അനക്കം ഉണ്ടായിരുന്നെങ്കിൽ കർണാടക സർക്കാർ ഇതിന് മുൻപ് തന്നെ വേണ്ട നടപടി സ്വീകരിക്കുമായിരുന്നല്ലോ എന്ന് ചോദിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർക്കുക. എന്തായാലും വൈകിയാണെങ്കിലും ഇപ്പോൾ ഈ വിഷയം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഈ വിഷയത്തിൽ വേഗത്തിൽ വേണ്ട നടപടിയുണ്ടായി ആ യുവാവിൻ്റെ ജീവൻ രക്ഷപ്പെമെന്ന് പ്രതീക്ഷിക്കാം. പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം ആ സഹോദരൻ രക്ഷപ്പെടാൻ വേണ്ടി.