Irom Sharmila | 'ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയും അനുഭവപ്പെടുന്നു'; മണിപ്പുരില്‍ കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്ന് ഇറോം ശര്‍മിള

 


ഇംഫാല്‍: (www.kvartha.com) മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി പരസ്യമായി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള രംഗത്തെത്തി. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും 'ശരിയായ സമയത്ത്' കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.

മണിപ്പുരില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമാണ് വരുന്നത്. ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും വല്ലാത്തൊരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നത്. ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

സംഭവിച്ചതിന് പിന്നിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്‍ യാതൊന്നിനും കഴിയില്ല. രണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരവും ലജ്ജാകരമായതുമായ ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ശരിക്കും തകര്‍ന്നുപോയി. സംഭവത്തിലെ പ്രതികള്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും ഇറോം ശര്‍മിള ആവശ്യപ്പെട്ടു.

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികള്‍ക്കെതിരെ പോരാടിയ മണിപ്പുരിന്റെ ഉരുക്കുവനിതയാണ് ഇറോം ശര്‍മിള. മണിപ്പുരില്‍ അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹസമരം നടത്തിയ ഇറോം ശര്‍മിള ഇപ്പോഴത്തെ വിഷയങ്ങളില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയിരുന്നില്ല. 

കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അവര്‍ കത്തെഴുതിയിരുന്നു. 2016ല്‍ നിരാഹാരസമരത്തില്‍നിന്നു പിന്മാറിയ ഇറോം ശര്‍മിള പാര്‍ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വെറും 90 വോട് മാത്രമാണ് ലഭിച്ചത്. ഇതോടെ ബ്രിടിഷ് പൗരനായ ഡെസ്മണ്ട് ആന്റണി കുട്ടിഞ്ഞോയെ വിവാഹം കഴിച്ച് ബെംഗ്‌ളൂറിലേക്ക് താമസം മാറ്റുകയായിരുന്നു. 

അതേസമയം, മണിപ്പുര്‍ വിഷയത്തെ ചൊല്ലി രണ്ടാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു. എല്ലാ വിഷയങ്ങളും മാറ്റിവച്ച് റൂള്‍ 267 പ്രകാരം ദിവസം മുഴുവന്‍ മണിപ്പുര്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റൂള്‍ 176 പ്രകാരം കുറച്ചു സമയത്തേക്കു മാത്രം വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സര്‍കാര്‍ വ്യക്തമാക്കുന്നത്.

Irom Sharmila | 'ഇതെല്ലാം കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയും അനുഭവപ്പെടുന്നു'; മണിപ്പുരില്‍ കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്ന് ഇറോം ശര്‍മിള



Keywords:  News, National, National-News, Irom Sharmila, Manipur, Video, Central Government, Criticism, Social Media,  'Wouldn't Have Happened If...': Irom Sharmila On Manipur Video.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia