Arrested | ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മലയിടുക്കില്‍ തള്ളിയെന്ന് പരാതി
Aug 18, 2022, 17:40 IST
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മലയിടുക്കില്‍ തള്ളിയതായി പരാതി. ബെംഗ്ലൂര്‍ മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി പൃഥ്വിരാജ് സിങ് ആണ് ഭാര്യ ജ്യോതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പൃഥ്വിരാജ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തായ സമീര്‍കുമാറിനും കൃത്യത്തില്‍ പങ്കുണ്ടെന്നും ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് സിങ് ഇക്കഴിഞ്ഞ ആഗസ്ത് നാലാം തീയതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വീട് വിട്ട് പോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആണെന്നുമായിരുന്നു ഇയാളുടെ പരാതിയില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, ഭാര്യ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും ഈ സമയത്തെല്ലാം ഫോണ്‍ സ്വിച് ഓഫ് ചെയ്യാറുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തദിവസങ്ങളില്‍ മാത്രമാണ് ജ്യോതികുമാരിയുടെ ഫോണ്‍ സ്വിച് ഓഫ് ആയതെന്നും നേരത്തെ വീട് വിട്ട് പോയിട്ടുണ്ടെന്ന മൊഴി കള്ളമാണെന്നും കണ്ടെത്തി. മാത്രമല്ല, ആഗസ്ത് മൂന്നാം തീയതി ദമ്പതികള്‍ ഉഡുപ്പിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൃഥ്വിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം തുറന്നുപറഞ്ഞത്.
നിരന്തരം തന്നെ അപമാനിച്ചതിന്റെ പേരിലും ലൈംഗികബന്ധം നിഷേധിച്ചതിനുമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പാണ് ഇലക്ട്രീഷ്യനായ പൃഥ്വിരാജ് ബെംഗ്ലൂറിലെത്തിയത്. ഒമ്പതുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. തുടര്‍ന്ന് ഇരുവരും ബെംഗ്ലൂറിലെത്തി താമസം ആരംഭിച്ചു.
എന്നാല്‍, വിവാഹശേഷം ഭാര്യ തന്നെ നിരന്തരം കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. തന്റെ പെരുമാറ്റം ഒരു മൃഗത്തെപ്പോലെയാണെന്ന് ദിവസവും കുറ്റപ്പെടുത്തിയിരുന്നു. താനും തന്റെ ബന്ധുക്കളും അപരിഷ്‌കൃതരാണെന്നും പരാതിപ്പെട്ടു. ലൈംഗികബന്ധം നിഷേധിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ വിവാഹസമയത്ത് ഭാര്യ യഥാര്‍ഥപ്രായം മറച്ചുവെച്ചുവെന്നും ഇയാള്‍ ആരോപിച്ചു.
28 വയസ്സാണ് പ്രായമെന്നാണ് വിവാഹസമയത്ത് ജ്യോതിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ഭാര്യയ്ക്ക് 38 വയസ്സുണ്ടെന്ന വിവരം അറിയുന്നത്. തന്നേക്കാള്‍ പത്തുവയസ്സ് കൂടുതലുള്ള ഭാര്യ, തന്നെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു.
നിരന്തരമുള്ള കുറ്റപ്പെടുത്തലും ലൈംഗികബന്ധം നിഷേധിക്കലും ആവര്‍ത്തിച്ചതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സഹായത്തിനായി സുഹൃത്ത് സമീര്‍കുമാറിനെ ബിഹാറില്‍ നിന്ന് വിളിച്ചുവരുത്തി. ജൂലൈ അവസാനവാരത്തോടെ സമീര്‍ ബെംഗ്ലൂറിലെത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
ആഗസ്ത് മൂന്നാം തീയതിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവദിവസം ജ്യോതി കുമാരിയെയും കൂട്ടി പ്രതികള്‍ ഉഡുപ്പിയിലേക്ക് യാത്ര പോയി. സുഹൃത്തിന്റെ വാടകയ്ക്കെടുത്ത കാറിലായിരുന്നു യാത്ര. തുടര്‍ന്ന് ഉഡുപ്പിയില്‍ നിന്ന് തിരികെ വരുന്നതിനിടെ ജ്യോതികുമാരിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ചതോടെ മൃതദേഹം വഴിയിലുള്ള മലയിടുക്കില്‍ ഉപേക്ഷിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
Keywords: Woman Found Dead: One Arrested, Bangalore, News, Killed, Arrested, Police, Dead Body, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

