മധ്യപ്രദേശില്‍ ലൈംഗികാതിക്രമ ശ്രമത്തിന് പിന്നാലെ 21കാരിയെ ഒരു സംഘം ഓടുന്ന ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി; കൃത്യത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ്
Jun 2, 2021, 17:02 IST
ഭോപാല്‍: (www.kvartha.com 02.06.2021) മധ്യപ്രദേശില്‍ ലൈംഗികാതിക്രമ ശ്രമത്തിന് പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനില്‍ വെച്ച് ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഇന്ദോര്‍-ബിലാസ്പൂര്‍ ട്രെയിനില്‍ വെച്ച് സെഹോര്‍ സ്‌റ്റേഷന്‍ എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുമ്പാണ് ദുരന്തം.
മുസ്‌കാന്‍ ഹാഡ എന്ന് പേരായ യുവതിയാണ് അക്രമികളുടെ കൊടും ക്രൂരതക്കിരയായതെന്ന് സെഹോര്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ് എസ് ചൗഹാന്‍ പറഞ്ഞു. 'യാത്രക്കാര്‍ ട്രെയിനില്‍ വെച്ച് ചില ഒച്ചയും ബഹളവും കേട്ടിരുന്നു. പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് ഓടിയെത്തിയത്. എന്നാല്‍ ബെര്‍ത്തില്‍ ഇരിക്കുന്നതിനുമുമ്പ് തന്നെ അവള്‍ തളര്‍ന്ന് വീണിരുന്നു' -ചൗഹാന്‍ പറഞ്ഞു.
'പെണ്‍കുട്ടിയെ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് ചിലര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് സഹോദരന്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും അവള്‍ മരിച്ചിരുന്നു' -അദ്ദേഹം പറഞ്ഞു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സ്ത്രീയുടെ തൊണ്ട മുറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ സെഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പു തന്നെ പ്രതികള്‍ രക്ഷപെട്ടിരുന്നു. ഒരു കേസില്‍ പെട്ട് യുവതിയുടെ പിതാവ് ജയിലിലാണെന്നും ജാമ്യത്തിലിറങ്ങാന്‍ ശ്രമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. സംഭവ ദിവസം സഹോദരനെ കാണാനായി ഭോപാലില്‍ നിന്ന് ഇന്ദോറിലേക്ക് പോവുകയായിരുന്നു യുവതി. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Woman Allegedly Killed In A Running Train In Madhya Pradesh: Police, Madhya pradesh, News, Killed, Police, Attack, Molestation attempt, Train, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.