Attack | 'യുവതിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റോഡരികില്‍ തള്ളി'; രക്തം വാര്‍ന്ന് അവശയായ 34 കാരിക്ക് രക്ഷകനായെത്തി നാവികസേന ഉദ്യോഗസ്ഥന്‍; സംഭവം ഡെല്‍ഹിയില്‍


● ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഫോണും നഷ്ടമായി
● വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല
● കുറ്റക്കാരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായകരമാകുമെന്ന് പൊലീസ്
ന്യൂഡെല്‍ഹി: (KVARTHA) യുവതിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റോഡരികില്‍ തള്ളിയതായി പൊലീസ്. തെക്കു കിഴക്കന്‍ ഡെല്‍ഹിയിലെ സരായ് കാലേ ഖാനില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. 34 വയസുകാരിയായ ഒഡീഷ സ്വദേശിനിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതെന്നും രക്തം വാര്‍ന്ന് അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റൊരിടത്ത് ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം സരായ് കാലേ ഖാനില്‍ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒഡീഷ സ്വദേശിയായ യുവതി ബിരുദധാരിയാണ്. നഴ്സിങ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വീടുവിട്ട് ഡെല്‍ഹിയിലെത്തിയത്. യുവതി ഡെല്‍ഹിയിലാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസുമായി ബന്ധപ്പെടുകയും രണ്ടുമാസം മുമ്പ് ഡെല്‍ഹിയിലെത്തി തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ യുവതി തയാറായിരുന്നില്ല. ഇതോടെ ബന്ധുക്കള്‍ തിരികെ നാട്ടിലേക്ക് പോയി.
ഒരു മാസം മുന്‍പ് ഫോണ്‍ നഷ്ടപ്പെട്ടെന്നും അന്നുമുതല്‍ വീട്ടുകാരുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ചികിത്സയില്‍ കഴിയുന്ന യുവതി നല്‍കിയ വിവരം. തെക്കന്‍ ഡെല്‍ഹിയില്‍ താമസിച്ചിരുന്ന യുവതി കയ്യിലെ പണം തീര്‍ന്നതോടെ തെരുവിലേക്ക് താമസം മാറ്റി.
കഴിഞ്ഞ രണ്ടു ദിവസമായി ഒരു എടിഎം കേന്ദ്രത്തിന് സമീപമാണ് താന്‍ ഉറങ്ങിയിരുന്നതെന്നും യുവതി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് പറയുന്നത്. യുവതി എങ്ങനെ സരായ് കാലേ ഖാനില്‍ എത്തിയെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
#DelhiCrime, #NavyRescue, #WomanSafety, #DelhiPolice, #Assault, #Survivor