Rahul Gandhi | 137 ദിവസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വീണ്ടും പാര്‍ലമെന്റിലേക്ക്? എല്ലാ കണ്ണുകളും സ്പീകറിലേക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, 137 ദിവസങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വീണ്ടും പാര്‍ലമെന്റിലെത്തുമെന്ന് സൂചന. കുറ്റക്കാരനാണെന്ന വിധിക്കു കഴിഞ്ഞദിവസം സ്റ്റേ വന്നതോടെ രാഹുലിനുള്ള അയോഗ്യത നീങ്ങിയിരുന്നു.

എന്നാല്‍, ലോക് സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്സഭാ സെക്രടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും ആവശ്യമായി വരും. ഇതിനായി ലോക്‌സഭാ സ്പീകര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. കത്ത് തിങ്കളാഴ്ച സ്പീകര്‍ പരിഗണിക്കുമെന്നാണ് ലോക്‌സഭാ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

സ്പീകറുടെ ഒപ്പ് ലഭിച്ചാലുടന്‍ രാഹുലിനെ പാര്‍ലമെന്റിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അംഗത്വം പുനഃസ്ഥാപിക്കാനായാല്‍ കേന്ദ്രസര്‍കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ചയില്‍ രാഹുലിനു പങ്കെടുക്കാനാകും.

ഈ നടപടികള്‍ സ്പീകര്‍ നീട്ടിയാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്. ഇതിന് പുറമെ ലോക്‌സഭയിലും രാജ്യസഭയിലും കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നു. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിലാണ് കേന്ദ്രസര്‍കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ചയ്ക്ക് എടുക്കുന്നത്. ഇതിന് മുന്‍പ് തന്നെ പരമാവധി സമ്മര്‍ദം ചെലുത്തി രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിച്ചെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. 'രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനെ നരേന്ദ്ര മോദി ഭയക്കുന്നുണ്ടോ? വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്' എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിനെടുത്ത വേഗം എന്തുകൊണ്ട് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഉണ്ടാകുന്നില്ലെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ അംഗത്വം ഒരുമാസം കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്. ഇതാകും സ്പീകര്‍ ഉയര്‍ത്തുന്ന വാദം.

രാഹുല്‍ ഗാന്ധിയുടെ ലോക് സഭാംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തു നേരിട്ടു സ്വീകരിക്കാതെ സ്പീകര്‍ ഓം ബിര്‍ല ഒഴിഞ്ഞുമാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് ലോക്സഭാ സെക്രടേറിയറ്റിനെ എല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച് 23ലെ സുപ്രീംകോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിയത്.

Rahul Gandhi | 137 ദിവസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വീണ്ടും പാര്‍ലമെന്റിലേക്ക്? എല്ലാ കണ്ണുകളും സ്പീകറിലേക്ക്

നേരത്തെ രാഹുലിനെ അയോഗ്യനാക്കിയ വിധി വന്ന ഉടന്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും വസതി ഒഴിയാന്‍ നോടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിക്കുന്നതിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Keywords:  Will Rahul Gandhi Return To Parliament Tomorrow? All Eyes On Speaker, New Delhi, News, Politics, Rahul Gandhi, Politics, Supreme Court, Loksabha, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia