Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ മത്സരിച്ചാൽ വിജയിക്കുമോ?

 


 _സോണി കല്ലറയ്ക്കൽ_

(KVARTHA) വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏതെങ്കിലും ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരുടെയൊക്കെ പേരുകൾ ഇതുമായി ബന്ധപ്പെട്ട് കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഒടുവിൽ ഇപ്പോൾ കേൾക്കുന്നത് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ്. നിർമ്മലാ സീതാരാമൻ ബി.ജെ.പിയുടെ സമുന്നത നേതാവും തമിഴ് നാട്ടിലെ മധുര സ്വദേശിയുമാണ്. ഇതൊക്കെ ഊഹാപോഹമാണെങ്കിലും അല്ലെങ്കിലും ശരി ബി.ജെ.പിയുടെ ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിച്ചാൽ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമോ എന്നതാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.
  
Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ മത്സരിച്ചാൽ വിജയിക്കുമോ?

രാഹുൽ ഗാന്ധിയെപ്പോലെയുള്ള കോൺഗ്രസ് ദേശീയ നേതാക്കൾക്ക് കേരളത്തിൽ വന്ന് മത്സരിക്കാമെങ്കിൽ ബി.ജെ.പി ദേശീയ നേതാക്കൾക്കും കേരളത്തിൽ വന്ന് മത്സരിക്കുന്നതിന് എന്ത് തടസ്സം. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതുകൊണ്ടൊന്നുമല്ല കേരളത്തിൽ കോൺഗ്രസിന് 20 സീറ്റിൽ 19 സീറ്റും നേടാനായത്. കോൺഗ്രസിന് എന്നും അടിവേരുള്ള മണ്ണാണ് കേരളം. മുൻപ് 20 ൽ 20 സീറ്റും നേടിയ പാരമ്പര്യവും കോൺഗ്രസിന് ഇവിടെ ഉണ്ട്. രാഹുൽ ഗാന്ധി എന്നും മത്സരിക്കുന്ന അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണ് സുരക്ഷിത സീറ്റായ വയനാട് തെരഞ്ഞെടുത്തത്. അല്ലാതെ, ഇവിടെ കോൺഗ്രസിനെ രക്ഷപ്പെടുത്താനായിരുന്നില്ല.

മറിച്ച്, അമേഠിയിൽ തന്നെ രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ യു.പി, മധ്യപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കുറച്ചുകൂടി സീറ്റ് പിടിക്കാമായിരുന്നു. എന്നിരുന്നാലും വയനാട്ടിൽ രാഹുലിന് ലഭിച്ച ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ആയിരുന്നു. ഇത് ഒരു റെക്കോർഡും കൂടിയാണ്. ഇത് കോൺഗ്രസുകാർ മാത്രം വോട്ട് ചെയ്തിട്ടല്ല, ഈ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായത്. ഒരു ദേശീയ നേതാവും ഭാവി പ്രധാനമന്ത്രി സ്ഥാനർത്ഥിയുമായ ഒരാൾ ഇവിടെ വന്ന് മത്സരിച്ചപ്പോൾ കോൺഗ്രസിൻ്റെ മാത്രമല്ല, സി.പി.എമ്മിൻ്റെയും ബി.ജെ.പിയുടെയുമൊക്കെ ആളുകളുടെ വോട്ടുകൾ രാഹുലിൻ്റെ പെട്ടിയിൽ വീണു എന്നുള്ളതാണ് വാസ്തവം.

ഇതുപോലെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു ബി.ജെ.പി നേതാവ് കേരളത്തിൽ വന്ന് മത്സരിച്ചാലും സ്ഥിതി മറ്റൊന്നായിരിക്കില്ല. നിലവിൽ കിട്ടുന്ന വോട്ടിനെക്കാൾ ഇരട്ടി വോട്ടെങ്കിലും അദേഹത്തിന് നേടാൻ ആയെന്നിരിക്കും. കേരളത്തിൽ ബി.ജെ.പി ജയിക്കുക എന്നത് പറയാൻ പറ്റുന്ന കാര്യമില്ല. എന്നാലും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ പി.സി.തോമസ് മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച ചരിത്രം എൻഡിഎയ്ക്ക് ഉണ്ടെന്ന് ഓർക്കണം. അതുപോലെ തന്നെ തിരുവനന്തപുരത്ത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഒ രാജഗോപാൽ ശശി തരൂരിനോട് തോറ്റത് കുറഞ്ഞ മാർജിനിൽ ആയിരുന്നു. ഏതാണ്ട് പതിനായിരം വോട്ടുകൾക്ക്.

ഇങ്ങനെ നോക്കുമ്പോൾ നല്ല ഒരു സ്ഥാനാർത്ഥിയെ ബി.ജെ.പിക്ക് എവിടെയും അവതരിപ്പിക്കാൻ പറ്റിയാൽ ചിലപ്പോൾ ജയിച്ചുകൂടെന്നും ഇല്ല. പാർട്ടി മിഷനറി സംവിധാനം കൂടുതൽ ഉണർന്നു പ്രവർത്തിക്കുകയും ചെയ്യും. നിലവിൽ തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കാസർകോട് പാർലമെൻ്റ് മണ്ഡലങ്ങൾ ബി.ജെ.പി യ്ക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ പറ്റുന്ന സീറ്റുകളാണ്. ഈ പാർലമെൻ്റ് സീറ്റുകളിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ ചിലതിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായിട്ടുണ്ടെന്നതും വിസ്മരിക്കരുത്.

തിരുവനന്തപുരത്തെ നേമത്ത് ബി.ജെ.പി യുടെ ഒ രാജഗോപാൽ ജയിച്ചിട്ടുണ്ട്. പാലക്കാട് നിയോജകമണ്ഡത്തിൽ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കുറഞ്ഞ വോട്ടുകൾക്ക് നിയമസഭയിലേയ്ക്ക് തോറ്റ ചരിത്രവും ഉണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഒറ്റയ്ക്ക് നിന്നാണ് കേരളത്തിൽ ഇതുവരെ ബി.ജെ.പി ഇത്രയും വോട്ടുകൾ കരസ്ഥമാക്കിയത്. ബി.ജെ.പിക്ക് മോശമല്ലാത്ത വോട്ടുകൾ ഇപ്പോൾ കേരളത്തിൽ നിന്ന് സമാഹരിക്കാനും പറ്റുന്നുണ്ട്. നാളെ ഒരു ദേശീയ നേതാവ് ഇവിടെ മത്സരിച്ചെന്നാൽ വലിയൊരു മാറ്റം കേരളത്തിലെ ബി.ജെ. പിക്ക് സംഭവിച്ചു കൂടെന്നില്ല.

മുൻപ് ബി.ജെപി ഒന്നും അല്ലാതിരുന്ന കർണ്ണാടകയിൽ ഈ പരീക്ഷണമാണ് ബി.ജെ.പി നടത്തിയത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഒന്നുമല്ലാതിരുന്ന സംസ്ഥാനത്ത് ഭരണം പിടിക്കാനും അവർക്ക് കഴിഞ്ഞു. കോൺഗ്രസിലെ സോണിയാ ഗാന്ധി ആദ്യമായി മത്സരിക്കാൻ ഇറങ്ങുമ്പോൾ ഒരുപോലെ രണ്ട് സീറ്റുകളിലാണ് മത്സരിക്കാൻ തീരുമാനിച്ചത്. ഒന്ന് അമേഠിയിലും രണ്ട് കർണ്ണാടകയിലെ ബെല്ലാരിയിലും. ബെല്ലാരിയിൽ സോണിയയ്ക്കെതിരെ ബി.ജെ.പി മത്സരിക്കാൻ നിയോഗിച്ചത് ദേശീയ നേതാവ് ആയ സുഷമ സ്വരാജിനെ ആയിരുന്നു. സുഷമ ഡൽഹി സംസ്ഥാനത്തിൻ്റെ നേതാവ് ആയിരുന്നു. കർണ്ണാടകയിൽ യാതൊരു വേരും സുഷമ സ്വരാജിന് ഇല്ലായിരുന്നു. മറിച്ച്, കോൺഗ്രസ് അന്ന് കർണ്ണാടകയിൽ ശക്തമായിരുന്നു.

അവിടെ ഒന്നും അല്ലാതിരുന്ന ബി.ജെ.പി യ്ക്ക് വേണ്ടി പട നയിച്ച സുഷമ സ്വരാജ് തിളക്കമാർന്ന മത്സരമാണ് സോണിയയ്ക്കെതിരെ കാഴ്ചവെച്ചത്. സോണിയ ഗാന്ധി ബെല്ലരിയിൽ നിന്ന് ജയിച്ചെങ്കിലും ഭൂരിപക്ഷം ഒത്തിരി കുറയുകയാണ് ചെയ്തത്. അതിൻ്റെ ഫലമോ ബി.ജെ.പി കർണ്ണാടക പാർട്ടി സംവിധാനം ആലസ്യത്തിൽ നിന്ന് ഉണർന്നു. തങ്ങൾക്ക് ഇവിടെ അധികാരം പിടിക്കാൻ പറ്റുമെന്ന ആത്മവിശ്വാസം പ്രവർത്തകരിൽ ഉണ്ടാക്കാൻ കഴിഞ്ഞു. കാലക്രമത്തിൽ ബി.ജെ.പിക്ക് കർണ്ണാടകത്തിൽ അധികാരം പിടിക്കാനും സാധിച്ചു. ഈ പരീക്ഷണം ആവർത്തിക്കപ്പെട്ടാൽ കേരളവും ബി.ജെ.പി യുടെ കൈപ്പിടിയിലൊതുങ്ങാൻ അധികം കാലം വേണ്ടിവരില്ല.
  
Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ മത്സരിച്ചാൽ വിജയിക്കുമോ?

Keywords:  News-Malayalam-News, National, National-News, Kerala, Politics,  Election, Congress, BJP, Prime Minister, Narendra Modi, Will Prime Minister Narendra Modi win if he contests in Kerala?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia