Bombay HC | തെളിവില്ലാതെ ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്ത്രീവിരുദ്ധനെന്നും മദ്യപാനിയെന്നും ആരോപിക്കുന്നത് ക്രൂരതയെന്ന് ബോംബൈ ഹൈകോടതി
Oct 25, 2022, 17:27 IST
മുംബൈ: (www.kvartha.com) തെളിവില്ലാതെ ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്ത്രീവിരുദ്ധനെന്നും മദ്യപാനിയെന്നും ആരോപിക്കുന്നത് ക്രൂരതയാണെന്ന് ബോംബൈ ഹൈകോടതി. പൂനെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഇത്തരം പരാമര്‍ശം.
കരസേനയില്‍ നിന്ന് മേജറായി വിരമിച്ച ഭര്‍ത്താവ് ഹൈകോടതിയില്‍ അപീല്‍ നിലനില്‍ക്കെയാണ് മരിച്ചത്. ഇക്കാരണത്താല്‍, അദ്ദേഹത്തിന്റെ നിയമപരമായ അവകാശിയെ ഹര്‍ജിയില്‍ കക്ഷിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
യുവതി തന്നെ മക്കളില്‍ നിന്നും പേരക്കുട്ടികളില്‍ നിന്നും വേര്‍പെടുത്തിയെന്നും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അംഗങ്ങളെ സമീപിച്ച് സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഭര്‍ത്താവ് നേരത്തെ കുടുംബകോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ പെരുമാറ്റം കാരണം, അദ്ദേഹത്തിന്റെ വൈവാഹിക ജീവിതവും സാമൂഹിക ജീവിതവും പൂര്‍ണമായും നശിപ്പിക്കപ്പെട്ടു.
മറ്റൊരു കക്ഷിക്ക് മറ്റുള്ളവരോടൊപ്പം ജീവിക്കാന്‍ കഴിയാത്തവിധം മാനസിക വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്ന പെരുമാറ്റമായി 'ക്രൂരത'യെ വിശാലമായി നിര്‍വചിക്കാമെന്നത് നിയമത്തിലെ സ്ഥിരമായ നിലപാടാണെന്നും ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ച് അനാവശ്യവും അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും മദ്യപാനിയും സ്ത്രീപ്രേമിയും ആയി മുദ്രകുത്തുകയും ചെയ്യുന്ന ഭാര്യയുടെ പെരുമാറ്റം സമൂഹത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തി തകര്‍ക്കാന്‍ കാരണമായി എന്നും ഇത് വളരെ ക്രൂരമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീവിരുദ്ധനും മദ്യപാനിയുമായ ഭര്‍ത്താവ് കാരണം തനിക്ക് ദാമ്പത്യ അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് യുവതി ഹര്‍ജിയില്‍ ആരോപിച്ചു. സ്വന്തം മൊഴിയല്ലാതെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റ് തെളിവുകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. വിരമിച്ച മേജര്‍ ഒരു സ്ത്രീ പ്രേമിയാണെന്നോ മദ്യപാനിയാണെന്നോ യുവതിയുടെ സ്വന്തം സഹോദരി പോലും പറഞ്ഞിരുന്നില്ല. ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഹര്‍ജിക്കാരി അദ്ദേഹത്തെ മാനസികമായി വേദനിപ്പിച്ചെന്ന് എതിര്‍ കക്ഷിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് എതിര്‍ കക്ഷിക്ക് മാനസിക ബുദ്ധിമുട്ടും വേദനയും നല്‍കുന്ന തരത്തിലുള്ള ഹര്‍ജിക്കാരിയുടെ പെരുമാറ്റം ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താല്‍ വിവാഹ മോചനം ശരിവെക്കുന്നതായും കോടതി ഉത്തരവിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.