Criticism | എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ? ജനങ്ങളോട് ചോദ്യം ഉന്നയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
Criticism | എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ? ജനങ്ങളോട് ചോദ്യം ഉന്നയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍


● സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ നടന്നത് 31 ദമ്പതികളുടെ വിവാഹം
● ആഹ്വാനം ജനസംഖ്യയ്ക്കനുസൃതമായി ലോക് സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തില്‍
ചെന്നൈ: (KVARTHA) കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച സംഭവം. എന്നാല്‍ ഇപ്പോള്‍ ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും.
ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ചെന്നൈയില്‍ നടന്ന സമൂഹ വിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജനങ്ങളോട് സ്റ്റാലിന്‍ ഇക്കാര്യം ആഹ്വാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ 31 ദമ്പതികളുടെ വിവാഹമാണു നടന്നത്.
സ്റ്റാലിന്റെ വാക്കുകള്‍:
തമിഴിലൊരു പഴഞ്ചൊല്ലുണ്ട്, പതിനാറും പെട്ര് പെരുവാഴ് വ് വാഴ് ക, അതായത് പതിനാറ് തരത്തിലുള്ള സമ്പത്തുണ്ടാകട്ടെയെന്ന്. കാലം പുരോഗമിക്കുന്നതനുസരിച്ച് നവദമ്പതികള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളുടെ സ്വഭാവം മാറുകയാണ്. പതിനാറ് തരത്തിലുള്ള സമ്പാദ്യങ്ങളുണ്ടാകട്ടെ എന്ന പ്രാര്‍ഥന നിറയെ പശുക്കളും ഭൂമിയും ഉണ്ടാകട്ടെ എന്നതില്‍നിന്നു നല്ല കുഞ്ഞുങ്ങള്‍ ജനിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയട്ടെ എന്നായി.
ഇന്ന് ലോക് സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നമ്മള്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ- എന്നും സ്റ്റാലിന്‍ ചോദിച്ചു.
ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്നുമായിരുന്നു നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആഹ്വാനം ചെയ്തത്. ജനസംഖ്യയ്ക്കനുസൃതമായി ലോക് സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുടെ ആഹ്വാനം.
ജനസംഖ്യയെ അടിസ്ഥാനമാക്കി 2026ല്‍ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ തമിഴ് നാടിനു നിരവധി സീറ്റുകള്‍ നഷ്ടമാകുമെന്ന് സൂചനയുണ്ട്. ഇതു ദേശീയതലത്തില്‍ പാര്‍ട്ടികളുടെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്കയിലാണു സ്റ്റാലിന്റെ പരാമര്‍ശം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനോടുള്ള വിമര്‍ശനത്തിന്റെ ഭാഗമായി, മക്കള്‍ക്കു മനോഹരമായ തമിഴ് പേരുകള്‍ നല്‍കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ജനസംഖ്യാനുപാതത്തില്‍ ലോക് സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 753 ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് നീക്കമുണ്ട്. എന്നാല്‍ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സീറ്റ് വര്‍ധനയ്ക്കു സാധ്യതയില്ല. നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ലോക് സഭാ മണ്ഡലങ്ങള്‍ 80ല്‍ നിന്ന് 126 ആയി ഉയരും. എന്നാല്‍ തമിഴ് നാട്ടില്‍ 39ല്‍ നിന്നു 41 ആയി മാത്രമേ സീറ്റുകളുടെ എണ്ണം കൂടൂവെന്നാണ് കണക്കാക്കുന്നത്.
#MKStalin #TamilNadu #PopulationDebate #IndiaPolitics #LokSabha #FamilyPlanning