Crisis | ഇന്ത്യയുമായുള്ള ബന്ധത്തേക്കാൾ ജസ്റ്റിൻ ട്രൂഡോയ്ക്ക് കാനഡയിലെ സിഖുകാർ പ്രധാനമാകുന്നത് എന്തുകൊണ്ട്? കാരണമുണ്ട്!

 
Justin Trudeau
Justin Trudeau

Photo Credit: X/ Justin Trudeau

● കാനഡ-ഇന്ത്യ ബന്ധം വഷളായി.
● ജസ്റ്റിൻ ട്രൂഡോ സർക്കാർ സിഖ് വിഘടനവാദികളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപണം. 
● കാനഡയിലെ സിഖ് സമുദായം രാജ്യത്തെ ജനസംഖ്യയുടെ 2.1 ശതമാനം വരും.

ഒട്ടാവ: (KVARTHA) സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചതായി ഇന്ത്യ അറിയിച്ചിരുന്നു. ആറ് കനേഡിയൻ നയതന്ത്രജ്ഞരെയും ഇന്ത്യ രാജ്യത്ത് നിന്ന് പുറത്താക്കി. 

Justin Trudeau

എന്നാൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തന്റെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി അവകാശപ്പെട്ടു. ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ ഇന്ത്യൻ സർക്കാരിൻ്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്ന് ട്രൂഡോ ആരോപിച്ചു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ വിള്ളൽ സൃഷ്ടിച്ചിരിക്കുന്നു. 

അതേസമയം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തന്നെ വഷളാകുന്ന രീതിയിൽ എന്തുകൊണ്ടാണ് ജസ്റ്റിൻ ട്രൂഡോ സിഖുകാരെ ഇത്രമേൽ പിന്തുണക്കുന്നത്? ഇന്ത്യയ്‌ക്കെതിരായ വിഘടനവാദത്തെ നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു പാർട്ടിയെ ആശ്രയിച്ചായിരുന്നു ട്രൂഡോയുടെ സർക്കാർ നിലനിന്നിരുന്നത്. തീവ്രവാദവും വിഘടനവാദവും ഇന്ത്യയ്ക്കെതിരെ പ്രചരിപ്പിക്കുന്നവരുമായി പരസ്യമായ ബന്ധമുള്ള വ്യക്തികളെ ട്രൂഡോ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.

സിഖ് പാർട്ടിയുടെ പിന്തുണ 

2021-ലെ തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയും ലിബറൽ പാർട്ടിയും തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ, 338 സീറ്റുകളിൽ പകുതിയിലധികം സീറ്റുകൾ നേടാനായില്ല. അവർക്ക് 154 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. തുടർന്ന് ജഗ്മീത് സിങ് നയിച്ച ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് കൈത്താങ്ങായി. എൻ‌ഡിപിയുടെ 24 എംപിമാരുടെ പിന്തുണയോടെ, ട്രൂഡോ സർക്കാർ അധികാരത്തിലേറി. 

എന്നാൽ ഈ വർഷം സെപ്റ്റംബർ നാലിന് ജസ്റ്റിൻ ട്രൂഡോ സർക്കാരിനുള്ള പിന്തുണ എൻഡിപി പിൻവലിച്ചു. 
എന്നാൽ, എൻഡിപി പിന്തുണ പിൻവലിച്ചെങ്കിലും പാർലമെൻ്റിൽ ട്രൂഡോ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 2025 ഒക്ടോബറിൽ കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സിഖുകാരുടെ പൂർണ പിന്തുണ നേടുകയാണ് ട്രൂഡോയുടെ ലക്ഷ്യം. 2015 മുതൽ അധികാരത്തിലിരിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ  പാർട്ടിക്ക് 2019-ലും 2021-ലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല.

എങ്ങനെയാണ് സിഖുകാർ കാനഡയിലെ കിംഗ് മേക്കർമാരായത്?

ഇന്ത്യൻ വംശജനായ കനേഡിയൻ രാഷ്ട്രീയ നേതാവ് ജഗ്മീത് സിംഗ് കാനഡ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു വ്യക്തിത്വമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി 24 സീറ്റുകൾ നേടിയതോടെ അദ്ദേഹം 'കിംഗ് മേക്കർ' എന്നറിയപ്പെട്ടു. എന്നാൽ, ഇന്ത്യയ്ക്കുള്ളിൽ നിന്നും പുറത്തു നിന്നും നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

പഞ്ചാബിലെ ബർണാല ജില്ലയിലെ തിക്രിവാൾ ഗ്രാമത്തിൽ വേരുകളുള്ള ജഗ്മീത് സിംഗ്, 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് തുറന്നു പറയുന്നതിലൂടെ ശ്രദ്ധേയനായി. ഈ വിഷയത്തിൽ കാനഡയിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഇന്ത്യ നിരവധി തവണ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 1993-ൽ കുടുംബസമേതം കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം, പലപ്പോഴും പല അവസരങ്ങളിലും ഇന്ത്യയെ വിമർശിച്ചിട്ടുണ്ട്. ജഗ്മീത് സിംഗിനെ 2013 ഡിസംബറിൽ അമൃത്സറിലേക്ക് വരാൻ ഇന്ത്യ വിസ നിഷേധിച്ചിരുന്നു.

പാർട്ടി നേതാവാകുന്നതിന് മുമ്പ് ജഗ്മീത് സിംഗ് ഖാലിസ്ഥാൻ റാലികളിൽ പങ്കെടുത്തിരുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിസ്തൃതിയിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പ്രത്യേകിച്ചും സിഖ് സമുദായം കാനഡയിൽ വളരെ വലിയ ഒരു വിഭാഗമാണ്. കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം വരുന്ന സിഖുകാർ, വിദ്യാഭ്യാസം, തൊഴിൽ, ജീവിത നിലവാരം എന്നിവ തേടി ഇന്ത്യയിലെ പഞ്ചാബിൽ നിന്ന് കുടിയേറിയവരാണ്. 

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഈ സമൂഹം കാനഡയിൽ ഗണ്യമായി വളർന്നു. വാൻകൂവർ, ടൊറന്റോ, കാൽഗറി തുടങ്ങിയ നഗരങ്ങളിൽ സിഖ് സമുദായത്തിന്റെ സാന്നിധ്യം പ്രകടമാണ്, ഇവിടെ നിരവധി ഗുരുദ്വാരകൾ പ്രവർത്തിക്കുന്നു. കാനഡയിലെ രാഷ്ട്രീയത്തിലും സിഖ് സമുദായത്തിന് ശക്തമായ സ്വാധീനമുണ്ട്. ജസ്റ്റിൻ ട്രൂഡോ തൻ്റെ ആദ്യ ടേമിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ അതിൽ നാല് സിഖ് മന്ത്രിമാരെ ഉൾപ്പെടുത്തി എന്നതിൽ നിന്നും സിഖുകാരുടെ പ്രാധാന്യം മനസിലാക്കാം.

ജസ്റ്റിൻ ട്രൂഡോയുടെ സിഖ് സമൂഹത്തോടുള്ള അനുകൂല നിലപാട് കാരണം അദ്ദേഹത്തെ പലപ്പോഴും ജസ്റ്റിൻ 'സിംഗ്' ട്രൂഡോ എന്ന തമാശപ്പേരിൽ വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. 2015-ൽ അദ്ദേഹം അധികാരത്തിലേറിയപ്പോൾ തന്റെ മന്ത്രിസഭയിൽ സിഖുകാർക്ക് വലിയ പ്രാതിനിധ്യം നൽകുകയും, ഇന്ത്യയുടെ മന്ത്രിസഭയിലേതിനേക്കാൾ കൂടുതൽ സിഖുകാർ തന്റെ മന്ത്രിസഭയിലുണ്ടെന്ന് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

2021 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം വരുന്ന 750,000 സിഖുകൾ കാനഡയിൽ താമസിക്കുന്നു. ബ്രിട്ടിഷ് കൊളംബിയ, ഒന്റാറിയോ, ക്യൂബക് എന്നീ പ്രവിശ്യകളിലാണ് അവരുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാനഡയിലേക്ക് കുടിയേറാൻ തുടങ്ങിയ സിഖുകൾ ആദ്യകാലങ്ങളിൽ കർഷകരും വ്യാപാരികളുമായിരുന്നു. 

20-ാം നൂറ്റാണ്ടിൽ കുടിയേറ്റം വർദ്ധിച്ചതോടെ വിവിധ തൊഴിൽ മേഖലകളിൽ അവർ സജീവമായി. ഇന്ന്, കാനഡയിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സിഖുകൾ നിർണായകമായ പങ്ക് വഹിക്കുന്നു. സിഖ് സമുദായം തങ്ങളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി നിരവധി ഗുരുദ്വാരകളും സംഘടനകളും നടത്തുന്നു. ഉയർന്ന വിദ്യാഭാസം നേടിയ നിരവധി സിഖുകൾ വിവിധ തൊഴിൽ മേഖലകളിൽ സജീവമാണ്. ഫെഡറൽ, പ്രവിശ്യാ, പ്രാദേശിക തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നവരും അവരിൽ ഉണ്ട്.

#CanadaIndiaRelations #SikhSeparatism #JustinTrudeau #JagmeetSingh #Khalistan #DiplomaticCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia