Explanation | ഇന്ത്യയുടെ കിഴക്കുഭാഗത്ത് ആണെങ്കിലും എന്തുകൊണ്ടാണ് 'പശ്ചിമ ബംഗാൾ' എന്ന് വിളിക്കുന്നത്? കാരണമറിയാം!


● ബംഗാൾ ഒരിക്കൽ വലിയൊരു പ്രവിശ്യയായിരുന്നു.
● ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാൾ വിഭജിക്കപ്പെട്ടു.
● ബംഗാൾ ദേശീയത ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ചു.
കെ ആർ ജോസഫ്
(KVARTHA) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അതിൻ്റേതായ പ്രാധാനമുണ്ടെന്നത് നിഷേധിക്കാനാവില്ല. ചരിത്രപരമായ പല രീതിയിലുള്ള പ്രാധാന്യങ്ങളും ഒരോ സംസ്ഥാനത്തിനുമുണ്ട്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാജ്യത്തെ ഒരോ സംസ്ഥാനങ്ങളും ഒന്നിനൊന്ന് മികച്ചു തന്നെ നിൽക്കുന്നുവെന്ന് വേണം പറയാൻ. എന്നാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോൾ മലയാളികളുടെ നാവിൻ തുമ്പത്ത് ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്ന് ഒരു പക്ഷേ പശ്ചിമ ബംഗാൾ എന്നാവും. കാരണം മറ്റൊന്നല്ല ദേശീയ ഗാനത്തിൻ്റെ രചയിതാവ് രവീന്ദ്രനാഥ ടാഗോർ ജനിച്ച സംസ്ഥാനം എന്നതുകൊണ്ട് തന്നെ.
ദേശീയ ഗാനം ഇവിടെ ഒരോ ദിവസവും സ്‌കൂളുകളിലും മറ്റ് പൊതുപരിപാടികളിലും ആലപിക്കുമ്പോൾ രവീന്ദ്രനാഥ ടാഗോറിനെയും ബംഗാളിനെയും ടാഗോറിനെയും ഓർക്കാത്തവർ കുറവ് ആയിരിക്കും. മാത്രമല്ല, ബംഗാൾ ഒരുകാലത്ത് ഇന്ത്യൻ ദേശീയതയുടെയും, സംസ്കാരത്തിൻ്റെയും, സമ്പത്തിൻ്റെയും നാഡീകേന്ദ്രമായിരുന്നു. ബംഗാളിൻ്റെ ഒരു പ്രധാന സവിശേഷത എന്നത് ബംഗാളിന് പശ്ചിമ ബംഗാൾ എന്നുകൂടി വിളിപ്പേർ ഉണ്ടെന്നുള്ളതാണ്. ഇന്ത്യയുടെ കിഴക്കൻ ഭാഗത്താണ് ബംഗാൾ സ്ഥിതി ചെയ്യുന്നതെങ്കിലും പശ്ചിമ ബംഗാൾ എന്ന് നാം ഒരോരുത്തരും വിളിക്കുന്നു. ഇതിന് കാരണമെന്ത്?. അതിനെക്കുറിച്ച് കൃത്യമായി നമുക്ക് അറിവ് പകരുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ എങ്കിലും പടിഞ്ഞാറ് (പശ്ചിമം) എന്ന് ബംഗാളിനെ വിളിക്കാൻ കാരണമുണ്ട്. 1905-ന് മുമ്പ് ബംഗാൾ ഒരു വലിയ പ്രവിശ്യയായിരുന്നു. ഇതിൽ (നിലവിലെ) പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ, ഛോട്ടാ നാഗ്പൂർ പീഠഭൂമി, അസമിൻ്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു 1905ൽ ഒരു വലിയ പ്രവിശ്യയായിരുന്ന ബംഗാൾ ഒരു ഗവൺമെൻ്റിന് ശരിയായ രീതിയിൽ ഭരണം നടത്താനുള്ള സൗകാര്യർത്ഥം വിഭജിച്ചു. പ്രവിശ്യയുടെ വലിപ്പം കുറയ്ക്കുക, ഒപ്പം ജനസം ഖ്യ കുറയ്ക്കുക അങ്ങനെ അഡ്മിനിസ്ട്രേഷൻ മികച്ചതാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
പക്ഷേ ബംഗാൾ വിഭജനത്തെപ്പറ്റി ഇന്ത്യൻ ജനതയ്ക്കും സ്വാതന്ത്ര്യ സമര നേതാക്കൾക്കും നിലപാടിനോട് യോജിക്കാൻ കഴിഞ്ഞില്ല, അവർക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു. അക്കാലത്ത് ബംഗാൾ ഇന്ത്യൻ ദേശീയതയുടെയും, സംസ്കാരത്തിൻ്റെയും, സമ്പത്തിൻ്റെയും നാഡീകേന്ദ്രമായിരുന്നു. അതിനാൽ ബംഗാളി ദേശീയതയുടെ അടിവേരുകൾ അറുക്കാൻ ഹിന്ദു - മുസ്ലീം ഐക്യത്തിൽ വിള്ളൽ വീഴ്ത്തുക എന്ന ബ്രീട്ടീഷ് തന്ത്രമാണ് (വിഭജിച്ച് ഭരിക്കുക) എന്ന് കരുതി. മാത്രമല്ല ഇത് വഴി ബ്രിട്ടീഷ് രാജിൻ്റെ ശക്തി പ്രകടിപ്പിക്കാനും ബ്രിട്ടീഷുകാർക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യക്കാരെ കാണിക്കാനും കഴ്സൺ പ്രഭു ആഗ്രഹിച്ചു.
1905-ൽ ബംഗാൾ വിഭജിക്കപ്പെട്ടു. ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് ശേഷം 1947-ൽ ഇന്ത്യ വിഭജിക്കപ്പെട്ടു. മുസ്‌ലിംകൾ അവർക്ക് പ്രത്യേക ഭരണഘടനയോടുകൂടിയ പ്രത്യേക രാജ്യം ആവശ്യപ്പെട്ടു. അവർക്ക് പാകിസ്ഥാൻ വേണമായിരുന്നു. പാകിസ്ഥാൻ ഇന്ത്യയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നതിനാൽ മുഹമ്മദലി ജിന്ന ഇനിപ്പറയുന്ന സംസ്ഥാനങ്ങൾ പാകിസ്ഥാനിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു: പഞ്ചാബ്, അഫ്ഗാനിസ്ഥാൻ (NWFP അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ), കാശ്മീർ, സിന്ധ്, ബലൂചിസ്റ്റാൻ. മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ അക്ഷരങ്ങളിൽ നിന്നാണ് പാകിസ്ഥാൻ എന്ന പേര് വന്നത്.
ഇപ്പോൾ ബംഗാളിൻ്റെ കിഴക്കൻ ഭാഗവും മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാൽ ആ സ്ഥലവും മുസ്ലീങ്ങൾ ആവശ്യപ്പെട്ടു. പാകിസ്ഥാൻ ആഗ്രഹിച്ച സ്ഥലങ്ങൾക്ക് 700 മൈലിലധികം വിടവുള്ളതിനാൽ ഇന്ത്യയുടെ വിഭജനം അസാധ്യമാണെന്ന് ബ്രിട്ടീഷുകാർ മുമ്പ് കരുതിയിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ വിഭജിച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗം (ഇപ്പോൾ പാകിസ്ഥാൻ എന്നറിയപ്പെടുന്ന) പശ്ചിമ-പാകിസ്ഥാനും, കിഴക്കൻ ഭാഗം (ഇപ്പോൾ ബംഗ്ലാദേശ്) ആയും അക്കാലത്ത് കിഴക്കൻ-പാകിസ്താൻ ആയി മാറി. കിഴക്കൻ പാകിസ്ഥാനിൽ താമസിച്ചിരുന്ന മുസ്ലീങ്ങൾ ബംഗാളി ഭാഷയിലാണ് സംസാരിച്ചിരുന്നത് (ബംഗ്ല എന്നറിയപ്പെടുന്നു), പടിഞ്ഞാറൻ പാകിസ്ഥാനിലെ മുസ്ലീങ്ങൾ ഉറുദുവിലാണ് സംസാരിച്ചിരുന്നത്.
പാകിസ്ഥാൻ്റെ ഔദ്യോഗിക ഭാഷ ഏതാണ് എന്നതി നെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പശ്ചിമ പാകിസ്ഥാൻ ആധിപത്യം പുലർത്തിയതിനാൽ, ഒടുവിൽ ഉറുദു ഔദ്യോഗിക ഭാഷയായി. പക്ഷേ, ഇത് കിഴക്കൻ പാകിസ്ഥാനിൽ താമസിക്കുന്നവർക്ക് അനീതിയാണ് തോന്നിയത് . ബംഗാളി ദേശീയവാദിയായ മുജിബുർ റഹ്മാൻ ബംഗ്ലാ ഭാഷ ഉയർത്താൻ കഠിനമായി ശ്രമിച്ചു. പിന്നീട് 1971-ലെ യുദ്ധം (ഇന്ത്യ vs പാകിസ്ഥാൻ യുദ്ധം). പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ജനങ്ങ ളെ ഒഴിവാക്കാനായി നിരവധി കിഴക്കൻ പാക്കിസ്ഥാനികൾ ഇന്ത്യയിൽ ചേർന്നു. ധാക്കയിൽ താമസിക്കുന്നവർ കൊൽക്കത്തയിലെത്തി.
അവർക്ക് ഭക്ഷണവും, വെള്ളവും, പാർപ്പിടവും നൽകാനുള്ള മുഴുവൻ ഉത്തരവാദിത്തവും ഇന്ത്യൻ സർക്കാർ ഏറ്റെടുത്തു. യുദ്ധത്തിനു ശേഷം, ഇന്ത്യ വിജയിച്ചപ്പോൾ ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിച്ചു. കിഴക്കൻ പാകിസ്ഥാൻ പിന്നീട് ബംഗ്ലാദേശ് എന്നറിയപ്പെട്ടു. അങ്ങനെ, രണ്ട് ബംഗ്ലാ സംസാരിക്കുന്ന പ്രദേശങ്ങളായി - ഒന്ന്, ഇന്ത്യയിലെ ബംഗാൾ, മറ്റൊന്ന്, ബംഗ്ലാദേശ് മുഴുവനും. ഇപ്പോൾ, ഇന്ത്യയിലെ ബംഗാൾ ബംഗ്ലാദേശിൻ്റെ പടിഞ്ഞാറ് ആയതിനാൽ, ബംഗ്ലാദേശ് ഈസ്റ്റ് ബംഗാൾ എന്നും ബംഗാൾ (ഇന്ത്യയിൽ) പശ്ചിമ ബംഗാൾ എന്നും അറിയപ്പെടുന്നു'.
ചരിത്രം മുഖ്യ വിഷയമായി എടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് സംബന്ധിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഉപകരിക്കപ്പെടുന്ന കുറിപ്പാണിത്. മലയാളികൾക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയൊരു അടുപ്പം ബംഗാളിനോട് ഉണ്ട്. അറിവ് പകരുന്ന ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ മടിക്കേണ്ട.
#WestBengal #IndianHistory #BengalPartition #Bangladesh #HistoryFacts #KRRajesh