BJP Kerala | എന്ത് കണ്ടിട്ടാണ് ദേവൻ തലപ്പത്തേക്ക് വന്നത്? സ്വപ്നാടകരെ പേറുന്ന 'കെജെപി'യും രാഷ്ട്രീയ സമസ്യകളും

 


/ ഭാമനാവത്ത്

കണ്ണുർ: (KVARTHA) ചലച്ചിത്ര നടൻ ദേവൻ പാർട്ടി നേതൃത്വത്തിലേക്ക് വന്നതുകൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന ചോദ്യമുയർന്നാൽ ആ പാർട്ടിയെ സ്നേഹിക്കുന്നവർ പോലും അനുകൂലമായി പ്രതികരിക്കില്ല. താൻ പറയുന്നത് എന്താണെന്ന് അറിയാത്ത രാഷ്ട്രീയ സ്വപ്ന ജീവിയാണ് ദേവൻ. അതുകൊണ്ട് തന്നെ അദ്ദേഹം രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടിയും വിരലിൽ എണ്ണാവുന്ന ആളുകളുമായി അകാലചരമമടയുകയായിരുന്നു.

BJP Kerala | എന്ത് കണ്ടിട്ടാണ് ദേവൻ തലപ്പത്തേക്ക് വന്നത്? സ്വപ്നാടകരെ പേറുന്ന 'കെജെപി'യും രാഷ്ട്രീയ സമസ്യകളും

തെന്നിന്ത്യൻ ഇൻഡസ്ട്രീയൽ സ്ഥാനമുറപ്പിച്ച മലയാള നടൻമാരിലൊരാളാണ് ദേവൻ. ആകാരഭംഗിയും മുഖസൗന്ദര്യവും കൊണ്ടു പ്രേക്ഷകന്റെ മനം കീഴടക്കിയ ദേവൻ സുന്ദരനായ വില്ലനായി പകർന്നാടിയ നിരവധി ഹിറ്റ് സിനിമകളുണ്ട്. സൗമ്യമായി പുഞ്ചിരിക്കുന്ന വില്ലനായി അറിയപ്പെടുന്ന ദേവൻ രാഷ്ട്രീയക്കാരന്റെയും ഭരണാധികാരിയുടെയും റോളുകൾ തന്റെതായ ശൈലിയിൽ വേറിട്ടതാക്കിയിട്ടുണ്ട്. 2004 ൽ രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചതോടെയാണ് ദേവന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സ്ഥാനം ലഭിക്കുന്നത്. അമിത് ഷായടക്കമുള്ള കേന്ദ്ര നേതാക്കളെ അതിനു മുൻപായി അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.

വെള്ളം കോരികളും വിറകുവെട്ടികളും പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വിമർശിക്കാറുണ്ടെങ്കിലും അദ്ദേഹം പാർട്ടിയിലും സർക്കാരിലും സ്വീകരിക്കുന്ന ഏകാധിപത്യ ലൈൻ തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ചു വരുന്നത്. തന്റെ കൂടെ നിൽക്കുന്നവരും / തന്നെ എതിർക്കുന്നവരുമെന്ന രണ്ടു ചേരികളാക്കി കെ സുരേന്ദ്രൻ കെ.ജെ.പിയെ (കേരള ജനത പാർട്ടിയെ ) മാറ്റി. പാർട്ടിയിൽ നല്ല കാലിബറുള്ള നേതാക്കളെയൊക്കെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പിൻതുണയോടെ കെ.സുരേന്ദ്രൻ പാർട്ടി മെയിൻ സ്ട്രീമിൽ നിന്നും അകറ്റി നിർത്തി.

ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യർ എന്നിങ്ങനെ പാർട്ടിയിലെ എണ്ണം പറഞ്ഞ തീപ്പൊരി നേതാക്കളൊക്കെ അറ്റ കണ്ണിയും വീണ നിലവുമില്ലാതെ നിരായുധരായി മാറി. സീനിയർ നേതാക്കളായ സി കെ പത്മനാഭൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, പി കെ ശ്രീശൻ തുടങ്ങിയവർ പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെട്ടതോടെ നിശബ്ദരാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന പ്രസിഡന്റ് അറിയാതെ നേതാക്കൾ വാർത്താ സമ്മേളനവും പോലും നടത്തരുതെന്ന് മുന്നറിയിപ്പു നൽകുന്ന അവസ്ഥയിലേക്ക് കെ.ജെ.പി മാറി.

കേന്ദ്ര നേതൃത്വത്തിന്റെ നിർലോഭമായ പിൻതുണയുള്ളതു കൊണ്ടു മാത്രമാണ് സുരേന്ദ്രൻ സുരേഷ് ഗോപിയുടെയും അബ്ദുള്ളക്കുട്ടിയുടെയും മെക്കിട്ടു കയറാത്തത്. പാർട്ടിയിൽ താൻ മാത്രം മതിയെന്നു വിചാരിക്കുന്ന കെ സുരേന്ദ്രൻ ഏറാൻ മൂളികളെയും അതീവ ദുർബലരെയുമാണ് തന്റെ കൂടെ നിർത്തിയിട്ടുള്ളത്.

പുതുതായി വന്നവരും ഓടി രക്ഷപ്പെട്ടു

ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും വികസന നയങ്ങളും കണ്ടു ആകർഷിക്കപ്പെട്ടു കെ.ജെ.പിയിലേക്ക് വന്നവർ പാർട്ടിയിലെ തൊഴുത്തിൽ കുത്തും കുതികാൽ വെട്ടും കണ്ടു കിട്ടിയ വാതിലിലൂടെ ഓടി രക്ഷപ്പെടുകയാണ്. അലി അക്ബർ, രാജസേനൻ, ഭീമൻ രഘുവെന്നിവരാണ് ആദ്യം കണ്ടം വഴി ഓടിയത്. മെട്രോ മാൻ ശ്രീധരൻ, ടി.പി സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങി പാർട്ടിയുമായി സഹകരിച്ചു പോകുന്നവരൊക്കെ ഇന്ന് നിശബ്ദരാണ്. ദേശീയ തലത്തിൽ ബി.ജെ.പി അതിന്റെ സുവർണകാലത്തിലൂടെ സഞ്ചരിക്കുമ്പോൾ പോലും കേരളത്തിൽ പടവലങ്ങ പോലെ താഴോട്ടു വളരുകയാണ് കെ.ജെ.പി.

ആളും അർഥവുമുണ്ടായിട്ടും

ആളും അർത്ഥവുമുണ്ടായിട്ടും കേരളത്തിൽ ബി.ജെ.പി നിലം തൊടാത്തത് പാർട്ടിക്കുള്ളിലെ നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പിസവും കുതികാൽ വെട്ടും കാരണമാണെന്നാണ് വിലയിരുത്തൽ. ആർ.എസ്.എസ് പണ്ടെ കയ്യൊഴിഞ്ഞതാണ് കെ.ജെ.പിയെ. തെരഞ്ഞെടുപ്പിൽ തങ്ങളുടെ ചില സംഘടന പ്രവർത്തകരെ വിട്ടു കൊടുക്കുകയല്ലാതെ കെ.ജെ.പിയുമായി യാതൊരു മമതയും ആർ.എസ്.എസ് ഇപ്പോൾ കാണിക്കാറില്ല. കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപിയിലൂടെ കേരളത്തിൽ എങ്ങനെയെങ്കിലും എൻട്രി നേടുകയാണ് ലക്ഷ്യം.

BJP Kerala | എന്ത് കണ്ടിട്ടാണ് ദേവൻ തലപ്പത്തേക്ക് വന്നത്? സ്വപ്നാടകരെ പേറുന്ന 'കെജെപി'യും രാഷ്ട്രീയ സമസ്യകളും

കെ.ജെ.പിയുടെ ഉള്ളും പുറവും നന്നായി അറിയാവുന്ന കേന്ദ്ര നേതൃത്വവും പാർട്ടിയുടെ ഭാവിയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നില്ല. ഇത്തരത്തിൽ ആടിയുലയുന്ന ഒരു കപ്പലിൽ കയറിയാണ് ചലച്ചിത്ര നടൻ ദേവന്റെ യാത്ര. ദേവനെ സംസ്ഥാന ഉപാധ്യക്ഷനാക്കുകയെന്ന തീരുമാനത്തിന് പിന്നിലും പാർട്ടിയിലെ അർഹതയുള്ള നേതാക്കളെ വെട്ടിമാറ്റാനുള്ള വി മുരളീധരൻ - കെ.സുരേന്ദ്രൻ കൂട്ടുകെട്ടിന്റെ കുരുട്ടുബുദ്ധിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാവാതെ 20 മണ്ഡലങ്ങളിലും തോറ്റാൽ കെ.ജെ.പിയുടെ ഇപ്പോഴത്തെ സംസ്ഥാന ഘടകം തന്നെ ഉണ്ടാകണമെന്നില്ല.

Keywords: News, Kerala, Kannur, BJP, Devan, Election, Politics, Party, Leader, Malayalam News,  Why actor Devan appointed as BJP Kerala vice-president?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia