UCC | എന്താണ് ഏകീകൃത സിവിൽ കോഡ്? ബാധിക്കുന്നവരിൽ ഹിന്ദുക്കൾ മുതൽ ആദിവാസികൾ വരെ; വിദഗ്ധർ പറയുന്നത് ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ സജീവമായിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ പൗരന്മാരുടെയും വ്യക്തിനിയമം തുല്യമാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെന്നും അത് മത, ലിംഗ, ജാതി വിവേചനമില്ലാതെ ബാധകമാണെന്നും സർക്കാർ വാദിക്കുന്നു. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് സർക്കാർ യുസിസി വിഷയം ഉയർത്തിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. എന്നാൽ ഏകീകൃത സിവിൽ കോഡ് മുസ്ലീങ്ങളെ മാത്രമാണോ ബാധിക്കുകയെന്ന ചോദ്യവും പലരും ഉയർത്തുന്നു.

UCC | എന്താണ് ഏകീകൃത സിവിൽ കോഡ്? ബാധിക്കുന്നവരിൽ ഹിന്ദുക്കൾ മുതൽ ആദിവാസികൾ വരെ; വിദഗ്ധർ പറയുന്നത് ഇങ്ങനെ

എന്താണ് ഏകീകൃത സിവിൽ കോഡ് ?

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുസിസിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ, വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ വിവിധ സമുദായങ്ങളിൽ അവരുടെ മതം, വിശ്വാസം, ആചാരം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിയമങ്ങളുണ്ട്. യുസിസിയുടെ വരവിനുശേഷം, മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാവർക്കും ഒരൊറ്റ നിയമം ബാധകമാകുമെന്നാണ് പറയുന്നത്.

ഹിന്ദുക്കളിൽ എന്ത് ഫലമുണ്ടാക്കും?

രാജ്യത്തെ എല്ലാ ജനങ്ങൾക്കും തുല്യമായ നിയമം വേണമെന്ന് ഹിന്ദുത്വ സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നു. ഒരു രാജ്യം ഒരു നിയമം എന്ന ആവശ്യം ഹിന്ദുക്കളെ എങ്ങനെ ബാധിക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്ലീം വ്യക്തിനിയമത്തിൽ ഒരിക്കലും സംഭവിക്കാത്ത നിരവധി പരിഷ്‌കാരങ്ങൾ ഹിന്ദു വ്യക്തിനിയമത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ ഷാരൂഖ് ആലം ​​പറയുന്നു.

ഉദാഹരണത്തിന്, 2005-ന് ശേഷം, ഹിന്ദു നിയമപ്രകാരം, പെൺമക്കൾക്കും പൂർവിക സ്വത്തിൽ അവകാശം ലഭിച്ചു. 'ഹിന്ദു വിവാഹ നിയമപ്രകാരം, ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനാകൂ. പ്രശ്‌നങ്ങളില്ലാതെ വിവാഹ മോചനത്തിന് വ്യവസ്ഥയില്ല', ഷാരൂഖ് ആലം വ്യക്തമാക്കുന്നു.

യുസിസി നിലവിൽ വരുന്നതോടെ ഹിന്ദു അവിഭക്ത കുടുംബം (HUF) അവസാനിക്കുമെന്ന് ബെംഗ്ലൂരിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന സർസു തോമസ് പറയുന്നു.
യുസിസി വരുമ്പോൾ ഹിന്ദു അവിഭക്ത കുടുംബം ഇല്ലാതാകുമോയെന്ന് അസദുദ്ദീൻ ഉവൈസിയും ചോദിച്ചു.
ഇതുമൂലം പ്രതിവർഷം 3000 കോടിയിലധികം രൂപയുടെ നഷ്ടമാണ് രാജ്യം നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു നിയമമനുസരിച്ച്, ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എച്ച് യു എഫ് രൂപീകരിക്കാം. ആദായ നികുതി നിയമത്തിന് കീഴിൽ എച്ച് യു എഫ് ഒരു പ്രത്യേക സ്ഥാപനമായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ പെൺമക്കൾക്കും കുടുംബ സ്വത്തിൽ പങ്കുണ്ട്. ഇതിന് കീഴിൽ അവർക്ക് നികുതി ബാധ്യതകളിൽ ചില ഇളവുകൾ ലഭിക്കും. പുതിയ നിയമത്തിൽ ഇതിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നാണ് ഉയരുന്ന ആശങ്ക. 'ദക്ഷിണേന്ത്യയിൽ ഹിന്ദുക്കളിൽ ബന്ധുക്കൾ തമ്മിൽ വിവാഹങ്ങൾ നടക്കാറുണ്ട്. എന്നാൽ യുസിസി ഈ ആചാരങ്ങളെല്ലാം അവസാനിപ്പിക്കും', സർസു തോമസ് വ്യക്തമാക്കി.

ആദിവാസി സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തും?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ,
യുസിസി നടപ്പാക്കിയാൽ ഗോത്രവർഗക്കാരുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എന്ത് സംഭവിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. 'എന്തുകൊണ്ടാണ് ബിജെപി എപ്പോഴും ഹിന്ദു-മുസ്ലിം വീക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നത്? ഛത്തീസ്ഗഡിൽ ആദിവാസികളുണ്ട്. അവരുടെ നിയമങ്ങൾ ആചാരപരമായ പാരമ്പര്യമനുസരിച്ചാണ്. അവർ അത് പിന്തുടരുന്നു. ഇപ്പോൾ ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കുകയാണെങ്കിൽ ഗോത്രവർഗക്കാരുടെ ആചാരങ്ങൾ മാറും, പാരമ്പര്യത്തിന് എന്ത് സംഭവിക്കും?', അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാർഖണ്ഡിലെ 30-ലധികം ഗോത്രവർഗ സംഘടനകളും നിയമ കമ്മീഷനുമുമ്പാകെ ഏകീകൃത സിവിൽ കോഡ് എന്ന ആശയം പിൻവലിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു. യുസിസി കാരണം ആദിവാസികളുടെ സ്വത്വം അപകടത്തിലാകുമെന്ന് ഈ ആദിവാസി സംഘടനകൾ പറയുന്നു. ജൂൺ 14ന് തന്നെ സാധാരണക്കാരിൽ നിന്നും മതസംഘടനകളിൽ നിന്നും യുസിസിയെ കുറിച്ച് ലോ കമ്മീഷൻ അഭിപ്രായം തേടിയിരുന്നു. ആദിവാസി സമൻവയ് സമിതിയുടെ (എഎസ്‌എസ്) കീഴിൽ കഴിഞ്ഞ ഞായറാഴ്ച റാഞ്ചിയിൽ 30-ലധികം ആദിവാസി സംഘടനകൾ ഈ വിഷയത്തിൽ യോഗം ചേർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

'ആദിവാസികൾക്ക് അവരുടെ ഭൂമിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഛോട്ടാ നാഗ്പൂർ ടെനൻസി ആക്ട്, സന്താൽ പർഗാന ടെനൻസി ആക്ട് തുടങ്ങിയ രണ്ട് ആദിവാസി നിയമങ്ങളെ യുസിസി ബാധിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഈ രണ്ട് നിയമങ്ങളും ആദിവാസികളുടെ ഭൂമിക്ക് സംരക്ഷണം നൽകുന്നു. പരമ്പരാഗത നിയമങ്ങൾ പ്രകാരം, വിവാഹശേഷം സ്ത്രീകൾക്ക് രക്ഷാകർതൃ സ്വത്തിൽ അവകാശം ലഭിക്കുന്നില്ല, യുസിസി നടപ്പിലാക്കിയാൽ, ഈ നിയമം മാറാം. വിവാഹം, വിവാഹമോചനം തുടങ്ങി നിരവധി പരമ്പരാഗത നിയമങ്ങൾ ആദിവാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്', ആദിവാസി ജൻ പരിഷത്ത് പ്രസിഡന്റ് പ്രേം സാഹി മുണ്ട പറഞ്ഞു.

യുസിസി മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് നാഗാലാൻഡിലും മിസോറാമിലും ഇത് എതിർക്കപ്പെടുമെന്നും അസദുദ്ദീൻ ഒവൈസി 2016ൽ പറഞ്ഞിരുന്നു.
2011-ലെ സെൻസസ് പ്രകാരം നാഗാലാൻഡിലെ ജനസംഖ്യയുടെ 86.46%, മേഘാലയയിൽ 86.15%, ത്രിപുരയിൽ 31.76% എന്നിവ പട്ടിക വർഗക്കാരാണ്. ഈ കണക്കുകൾ തന്നെ ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി ജനസംഖ്യയുടെ പ്രാധാന്യം കാണിക്കുന്നു. ജാർഖണ്ഡിന് മുമ്പ്, കഴിഞ്ഞ ശനിയാഴ്ച, മേഘാലയയിലെ ആദിവാസി കൗൺസിലും യുസിസി നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കി.

ഖാസി സമൂഹത്തിന്റെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, വിശ്വാസങ്ങൾ, പൈതൃകം, വിവാഹവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം, മതപരമായ കാര്യങ്ങൾ എന്നിവയെ യുസിസി ബാധിക്കുമെന്ന് ഖാസി ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ പ്രമേയത്തിൽ പറയുന്നു. ഖാസി സമൂഹത്തിൽ, കുടുംബത്തിലെ ഇളയ മകളെ സ്വത്തിന്റെ സൂക്ഷിപ്പുകാരനായി കണക്കാക്കുകയും കുട്ടികളുടെ പേരിനൊപ്പം അമ്മയുടെ കുടുംബപ്പേര് നൽകുകയും ചെയ്യുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഈ സമുദായത്തിന് പ്രത്യേക അവകാശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻബിസിസി), നാഗാലാൻഡ് ട്രൈബൽ കൗൺസിൽ (എൻടിസി) എന്നിവയും യുസിസിയെ കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
യുസിസി നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതം ആചരിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുമെന്ന് അവർ പറയുന്നു.

മുസ്ലീം വ്യക്തിനിയമ ബോർഡ് പറയുന്നത്

അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് യുസിസിക്കെതിരെ രംഗത്തെത്തി. 'ഇന്ത്യ പല മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ള ആളുകൾ താമസിക്കുന്ന രാജ്യമാണ്, അതിനാൽ യുസിസി മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും ജൈനന്മാരെയും ജൂതന്മാരെയും പാർസികളെയും മറ്റ് ചെറു ന്യൂനപക്ഷങ്ങളെയും ബാധിക്കും', മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം ഖാലിദ് റഷീദ് ഫറംഗി മഹാലി പറഞ്ഞു. ജൂലൈ 14-ന് മുമ്പ് ബോർഡ് യുസിസിയുടെ എതിർപ്പ് ലോ കമ്മീഷനു മുമ്പാകെ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യക്തിനിയമത്തിന്റെ കാര്യങ്ങളിൽ മുസ്ലീങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാരിതര സംഘടനയാണ് ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്.

Keywords: News, National, New Delhi, Adivasis, Uniform Civil Code, BJP, UCC,  What will be effect on Hindus and Adivasis if Uniform Civil Code implemented?
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia