Pink Powder | ലോസ് ആഞ്ചലസില്‍ ആളിപ്പടർന്ന കാട്ടുതീ അണയ്ക്കാൻ ഉപയോഗിച്ച ആ പിങ്ക് പൗഡർ എന്താണ്? അറിയാം


● അമേരിക്കയില്‍ 1963 മുതല്‍ തന്നെ തീ പടരുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോസ് ചെക്ക് എന്ന വസ്തുവാണ് ഈ പിങ്ക് നിറത്തിലുള്ള പൊടി.
● തീ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്.
● ദിവസങ്ങളോളം സൂര്യ വെളിച്ചം തട്ടുന്നതിനനുസരിച്ച് ഈ പൊടിയുടെ നിറം മങ്ങുകയും സാധാരണ നിറത്തിലേക്ക് മാറുകയും ചെയ്യും.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി ഉണ്ടായ കാട്ടുതീ ആ സ്ഥലത്ത് വലിയ ഭീതിയാണ് വിതച്ചത്. കാട്ടുതീ പടർന്നുപിടിച്ചതിനെത്തുടർന്ന് ഒരുപാട് നാശനഷ്ടങ്ങളും മരണവും അമേരിക്കയിൽ സംഭവിച്ചു. ലോകം മുഴുവൻ ഈ വാർത്ത ഭീതിയോടെയാണ് കണ്ടത്. ഇപ്പോഴും ഇതിൻ്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. കാട്ടു തീ കത്തിപ്പടരുതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ എല്ലാവരും കണ്ടതാണ്.
ലോസ് ആഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി ഹെലികോപ്ടറിൽ വെള്ളം സ്പ്രെ ചെയ്യുന്നതും പിങ്ക് പൗഡർ വിതറുന്നതുമൊക്കെ നാം കാണുക ഉണ്ടായി. എന്താണ് ഈ പിങ്ക് പൗഡർ എന്നതിനെക്കുറിച്ച് പലർക്കും വലിയ ധാരണ ഉണ്ടായിക്കൂടെന്നില്ല. കാട്ടുതീ അണയ്ക്കാന്‍ ആയി ലോസ് ആഞ്ചലസില്‍ ഉപയോഗിച്ച പിങ്ക് പൗഡര്‍ എന്താണ്? അതിനെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ലോസ് ആഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ക്കിടെ തീ അണയ്ക്കുന്നതിന്റെ ഭാഗമായി വലിയ അളവി ല്‍ ഹെലികോപ്റ്ററുകള്‍ വഴി വെള്ളം സ്‌പ്രേ ചെയ്യുന്നതിന്റേയടക്കം വീഡിയോകള്‍ സോഷ്യല്‍ മീഡിയക ളില്‍ കാണാം. എന്നാല്‍ തീ അണയ്ക്കുന്നതിനായി പിങ്ക് നിറത്തിലുള്ള ഒരു പൊടി വിതറുന്നതും അത് ആളുകളുടെ വീടുകള്‍ക്കും, കാറുകള്‍ക്കും മുകളില്‍ തങ്ങി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പിന്നീട് പ്രചരിച്ചു. ലോസ് ആഞ്ചലസിലെ ജനതയ്ക്ക് ഇന്ന് ഇത് ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ടുമുണ്ട്.
അമേരിക്കയില്‍ 1963 മുതല്‍ തന്നെ തീ പടരുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോസ് ചെക്ക് എന്ന വസ്തുവാണ് ഈ പിങ്ക് നിറത്തിലുള്ള പൊടി. പെരിമീറ്റര്‍ സൊലൂഷന്‍സ് എന്ന കമ്പനിയാണ് ഫോസ് ചെക്ക് ഉല്‍പാദിപ്പിക്കുന്നത്. തീ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്. ഈ പൊടി വീണു കിടക്കുന്ന സ്ഥലം, വീട്, വാഹനങ്ങള്‍ തുടങ്ങിയവ പെട്ടെന്ന് കണ്ടുപിടിക്കാനും ആളുകളെ രക്ഷിക്കാനും സാധിക്കുമെന്നതിനാലുമാണ് ഇതിന് നിറം നല്‍കിയിരിക്കുന്നതെന്ന് ഉല്‍പ്പാദകര്‍ പറയുന്നത്.
ദിവസങ്ങളോളം സൂര്യ വെളിച്ചം തട്ടുന്നതിനനുസരിച്ച് ഈ പൊടിയുടെ നിറം മങ്ങുകയും സാധാരണ നിറത്തിലേക്ക് മാറുകയും ചെയ്യും. തീപിടിക്കുന്നിടത്ത് നേരിട്ട് ഈ പൊടി വിതറുന്നതിന് പകരമായി തീപിടിക്കുന്നത് തടയാനായി മുന്‍കൂട്ടി ഈ പൊടി വിതറിയിടാറുണ്ട്. തീ കത്താന്‍ സഹായിക്കുന്ന വാതകമായ ഓക്‌സിജനെ തടയുകയാണ് പ്രധാനമായും ഇത് ചെയ്യുന്നത്. മാത്രമല്ല, തീ കത്തി പടരുന്നതിന്റെ വേഗം കുറയ്ക്കാനും ഈ പൊടി സഹായിക്കുന്നു. ഉപ്പും, അമോണിയം പോളിഫോസ് ഫേറ്റുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.
വലിയ വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളത്തേക്കാള്‍ ഉപകാരപ്രദമാണ് ഫോസ് ചെക്ക്. വെള്ളത്തേക്കാള്‍ ദീര്‍ഘനേരം ഇത് നില്‍ക്കുമെന്നും വെള്ളം ആവിയായി പോവുന്ന പോലെ പെട്ടെന്ന് ഈ പൊടി ആവിയായി പോവില്ലെന്നതുമാണ് ഫോസ് ചെക്കിന്റെ പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇതിന് ചില പരിമിതികളും ഉണ്ട്. വലിയ തോതില്‍ കാറ്റ് വീശുന്ന സമയങ്ങളില്‍ ഹെലികോപ്റ്ററുകള്‍ വഴി ഈ പൊടി വിതറാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ ഫലപ്രദമാവണമെന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ പൊടി വീഴുമ്പോള്‍ തന്നെ അത് ചിതറി പോവുകയും കൃത്യമായി തീ കുറയ്‌ക്കേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്‌തേക്കാം.
കാട്ടു തീ പോലെ അപകടകരമായ രീതിയില്‍ തീ പടന്നു പിടിക്കുന്ന സ്ഥലങ്ങളില്‍ ഫോസ് ചെക്ക് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെങ്കിലും മനുഷ്യരുടെ ആരോഗ്യവും, ആവാസ വ്യവസ്ഥയും സംബന്ധിച്ച് ചില ആശങ്കകള്‍ പരിസ്ഥിതി വിദഗ്ധര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരം കെമിക്കലുകള്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. വര്‍ഷാവര്‍ഷവും ലക്ഷക്കണക്കിന് ഗാലണ്‍ പദാര്‍ഥങ്ങളാണ് കാട്ടുതീയണയ്ക്കുന്നതിനും മറ്റുമായി പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ വഴി വിതറുന്നത്. ഇത് വന്യജീവികളുടെ ആരോഗ്യത്തിനും മനുഷ്യരുടെ ആരോഗ്യത്തിനും ഹാനികരമാകുന്നു. നദികളും പുഴകളും മറ്റും ഇത്തരം കെമിക്കലുകള്‍ വീണ് മലിനമാകുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാട്ടുതീയുടെ തീജ്വാലകൾ കാർന്നുതിന്ന ലോസ് ആഞ്ചൽസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും, കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ചൽസിനെ കീഴ്‌പ്പെടുത്തുമ്പോള്‍ പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും എല്ലാം വിതറുന്നത്. ലോസ് ആഞ്ചൽസില്‍ തീ ആളിപ്പടര്‍ന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫോസ്-ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ലോസ് ആഞ്ചലസിൽ അപ്രതീക്ഷിതമായി ഉണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളിൽ കത്തിപ്പടരുന്ന തീയിലേയ്ക്ക് സുരക്ഷാ പ്രവര്‍ത്തകര്‍ ലേഡീസ് ബാഗ് പോലുള്ള വസ്തുക്കളില്‍ വെള്ളം നിറച്ച് ഒഴിക്കുന്ന ദൃശ്യങ്ങൾ കാണാം.
സുരക്ഷാ പ്രവര്‍ത്തകരുടെ കൈവശമുള്ളത് വെള്ളം ശേഖരിക്കുന്ന കാന്‍വാസ് ബാഗ് ആണ്. കൊളാപ്സിബിൾ ബക്കറ്റുകൾ (Collapsible buckets) എന്നാണ് ഇവ അറിയപ്പെടുന്നത്. സാധാരണ ബക്കറ്റു കള്‍ പോലെ ഇവയ്ക്ക് ഹാന്‍റിലുണ്ട്. വളരെ ഫ്‌ളെക്‌സിബിള്‍ ആയ പദാര്‍ഥം കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ തോതിലുള്ള തീപിടുത്തത്തിന്‍റെ അടിയന്തിര സാഹചര്യങ്ങ ളില്‍ ഉപയോഗിക്കാറുള്ള കാന്‍വാസ് ബാഗുകളാണിത്. അഗ്നിശമന വാഹനത്തിലെ മുഴുവൻ ഹോസും പുറത്തെടുക്കുന്നതിനേക്കാൾ വേഗത്തിൽ വെള്ളം നിറച്ച് തീ കെടുത്തുന്നത് എളുപ്പമാണ്. ഫയർ ഹോസുകളും ഹൈഡ്രന്‍റുകളും ബന്ധിപ്പിക്കാൻ സമയമെടുക്കും, തീ വളരെ വേഗത്തിൽ പടരുന്നതിനാൽ അവ വേഗത്തിൽ പ്രവർത്തിക്കണം.
പലർക്കും ഈ രണ്ട് വിവരങ്ങളും ഒരു പുതുമയുള്ളതായിരിക്കും. അമേരിക്കയിൽ താമസിക്കുന്ന മലയാളികൾക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും. നല്ലൊരു അറിവ് പകരുന്ന ഈ ലേഖനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ.
ഈ ലേഖനം കൂടുതൽ ആളുകൾക്കു എത്തുവനായി ദയവായി പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ ചേർക്കുകയും ചെയ്യൂ.
Pink powder, known as 'Foam Check' is used to control wildfires by reducing oxygen and slowing the spread of fire, but it raises environmental concerns.
#WildfireControl #PinkPowder #FoamCheck #LosAngelesFire #FirePrevention #CaliforniaNews