Explained | എന്താണ് അരവിന്ദ് കേജ്‌രിവാളിനെ കുടുക്കിയ മദ്യ നയ അഴിമതിക്കേസ്? ഉപമുഖ്യമന്ത്രിക്ക് പിന്നാലെ മുഖ്യമന്തിയും അറസ്റ്റിലായ വിവാദത്തിന്റെ നാൾവഴികൾ ഇങ്ങനെ

 

ന്യൂഡെൽഹി: (KVARTHA) മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ലോക്സഭ തിരഞ്ഞെടുപ്പിനിടെ വലിയ ചർച്ചയായി മാറിയിക്കുകയാണ്. ഡൽഹി ഹൈകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട അരവിന്ദ് കേജ്‌രിവാളിനെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ മദ്യനയ അഴിമതിക്കേസ് വീണ്ടും ഉയർന്നുവന്നു. വാസ്തവത്തിൽ, ഈ കേസിൽ കേജ്‌രിവാൾ അറസ്റ്റിലാകുന്നതിന് മുമ്പ്, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ കൂടാതെ ബിആർഎസ് നേതാവ് കെ കവിതയും അറസ്റ്റിലായിരുന്നു.

Explained | എന്താണ് അരവിന്ദ് കേജ്‌രിവാളിനെ കുടുക്കിയ മദ്യ നയ അഴിമതിക്കേസ്? ഉപമുഖ്യമന്ത്രിക്ക് പിന്നാലെ മുഖ്യമന്തിയും അറസ്റ്റിലായ വിവാദത്തിന്റെ നാൾവഴികൾ ഇങ്ങനെ

എന്താണ് മദ്യനയ അഴിമതിക്കേസ്?

2021 നവംബർ 17-ന് ഡൽഹി സർക്കാർ പുതിയ മദ്യനയം ഡൽഹിയിൽ നടപ്പാക്കിയിരുന്നു. ഇതിന് കീഴിൽ തലസ്ഥാനത്ത് 32 സോണുകൾ സൃഷ്ടിച്ചു. ഓരോ സോണിലും പരമാവധി 27 കടകൾ തുറക്കാമെന്നായിരുന്നു വ്യവസ്ഥ. ഇങ്ങനെ ആകെ 849 കടകളാണ് തുറക്കേണ്ടിയിരുന്നത്. പുതിയ മദ്യനയത്തിൽ ഡൽഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവൽക്കരിച്ചു. ഇതിനുമുമ്പ് ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ 60 ശതമാനവും സർക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യമായി. ഇതുവഴി 3500 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഈ നയം ഡൽഹി സർക്കാരിന് ദുരന്തമായി മാറി.

ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഞെട്ടിച്ചു

ബിജെപിയുടെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. 2022 ജൂലൈ എട്ടിന് അന്നത്തെ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിൻ്റെ റിപ്പോർട്ടാണ് മദ്യ അഴിമതി നടന്നുവെന്ന് വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ടിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ പല വലിയ നേതാക്കൾക്കെതിരെയും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡൽഹി ലഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.

ഇതിന് ശേഷം 2022 ഓഗസ്റ്റ് 17ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പണം തിരിമറി നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു, അതിനാൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ ഇഡിയും കേസെടുത്തു. എക്സൈസ് വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന മനീഷ് സിസോദിയ തെറ്റായ രീതിയിലാണ് മദ്യനയം തയ്യാറാക്കിയതെന്ന് ചീഫ് സെക്രട്ടറി തൻ്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. പുതിയ നയത്തിലൂടെ ലൈസൻസുള്ള മദ്യവ്യാപാരികൾക്ക് അന്യായമായ ആനുകൂല്യങ്ങൾ നൽകുന്നതായും ആക്ഷേപമുയർന്നു.

വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ആക്ഷേപം

സർക്കാരിൻ്റെ പുതിയ നയം വരുമാനത്തിൽ വൻ ഇടിവിന് കാരണമായെന്നും ആരോപണം ഉയർന്നു. നേരത്തെ 750 മില്ലിയുടെ മദ്യക്കുപ്പി 530 രൂപയ്ക്ക് ലഭ്യമായിരുന്നു. ചില്ലറ വ്യാപാരി ആ കുപ്പിയിൽ 33.35 രൂപ ലാഭം നേടി, സർക്കാരിന് എക്സൈസ് നികുതിയായി 223.89 രൂപയും വാറ്റായി 106 രൂപയും ലഭിച്ചു. ഇതനുസരിച്ച് ഓരോ കുപ്പിയിലും സർക്കാരിന് 329.89 രൂപ ലാഭം ലഭിച്ചു. സർക്കാരിൻ്റെ പുതിയ നയത്തിന് ശേഷം 750 മില്ലി ലിറ്ററിൻ്റെ വില 530ൽ നിന്ന് 560 രൂപയാക്കി. ഇതുമൂലം റീട്ടെയിൽ ലാഭം നേരിട്ട് 33.35 രൂപയിൽ നിന്ന് 363.27 രൂപയായി ഉയർന്നു. അതായത് ചില്ലറ വ്യാപാരികൾക്ക് നേരിട്ട് 10 മടങ്ങ് ലാഭം ലഭിച്ചു തുടങ്ങി. അതേസമയം, സർക്കാരിന് ലഭിച്ചിരുന്ന 329.89 രൂപയുടെ ആനുകൂല്യം 3.78 പൈസയായി കുറഞ്ഞു.

ആരൊക്കെയാണ് അറസ്റ്റിലായത്?

ഡൽഹി മദ്യനയ കേസിൽ ഇതുവരെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വ്യവസായി വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ മനീഷ് സിസോദിയയെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 2023 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തു. അന്നുമുതൽ തിഹാർ ജയിലിലാണ്. 2022 ഡിസംബറിലാണ് മദ്യനയ കേസിൽ സഞ്ജയ് സിംഗിൻ്റെ പേര് ആദ്യമായി ഉയർന്നത്. വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ ഭാഗമായാണ് എഎപി നേതാവിൻ്റെ പേര് ഇഡി കുറ്റപത്രത്തിൽ പരാമർശിച്ചത്. പിന്നാലെ ബിആർഎസ് നേതാവും കെസിആറിൻ്റെ മകളുമായ കെ കവിതയും അറസ്റ്റിലായി.

കേസിന്റെ നാൾവഴികൾ

2021 നവംബർ 17: ഡൽഹി സർക്കാരിൻ്റെ പുതിയ എക്സൈസ് നയം ആരംഭിച്ചു. പിന്നാലെ ബിജെപി അഴിമതി ആരോപണവുമായി രംഗത്തെത്തി.
2022 ജൂലൈ 1: പുതിയ എക്സൈസ് നയത്തിലെ അഴിമതി ആരോപണങ്ങളിൽ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.
ജൂലൈ 22: ജൂലൈ എട്ടിന് ചീഫ് സെക്രട്ടറി അയച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനൻ്റ് ഗവർണർ അനുമതി നൽകി.
ജൂലൈ 28: വിവാദങ്ങൾ കാരണം ഡൽഹി സർക്കാർ പുതിയ നയം പിൻവലിച്ചു.
ഓഗസ്റ്റ് 17: എക്സൈസ് കേസിൽ 16 പേർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു, മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി.
ഓഗസ്റ്റ് 19: മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി ചില രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തു.

ഓഗസ്റ്റ് 30: സിസോദിയയുടെ ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിലെ ബാങ്ക് ലോക്കർ സിബിഐ സംഘം പരിശോധിച്ചു.
സെപ്റ്റംബർ 1: പഴയ എക്സൈസ് നയം വീണ്ടും പ്രാബല്യത്തിൽ വന്നു.
സെപ്റ്റംബർ 6: പുതിയ മദ്യനയ കേസിൽ സിബിഐയും ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 35 ലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി.
സെപ്റ്റംബർ 19: എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെ 10 മണിക്കൂർ ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിച്ചു.
സെപ്റ്റംബർ 27: എക്സൈസ് കേസിൽ ആദ്യ അറസ്റ്റ്. ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ ചുമതലയുള്ള വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 28 : കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം മദ്യവ്യാപാരി സമീർ മഹേന്ദ്രുവിനെ ഇ ഡി അറസ്റ്റ് ചെയ്തു.
ഒക്‌ടോബർ 7: രാജ്യത്തുടനീളം 30 ലധികം സ്ഥലങ്ങളിൽ ഇഡി വീണ്ടും റെയ്ഡ് നടത്തി.
ഒക്‌ടോബർ 17: മനീഷ് സിസോദിയയെ ചോദ്യം ചെയ്യാൻ സിബിഐ വിളിച്ചു, എട്ട് മണിക്കൂറിന് ശേഷം വിട്ടയച്ചു.
നവംബർ 25: മനീഷ് സിസോദിയയെ പ്രതിയാക്കാത്ത കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു.
നവംബർ 30: ഈ കേസിൽ ആദ്യമായി ഇ ഡി റിപ്പോർട്ടിലൂടെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിതയുടെ പേര് വന്നു. എക്സൈസ് നയവുമായി ബന്ധപ്പെട്ട ഒരു ദക്ഷിണേന്ത്യൻ കമ്പനിയിൽ കവിതയ്ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.
ഡിസംബർ 11: ഹൈദരാബാദിൽ വെച്ച് സിബിഐ സംഘം കവിതയെ ചോദ്യം ചെയ്തു.

2023 ഫെബ്രുവരി 2: കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേരും ഈ വിഷയത്തിൽ ആദ്യമായി ഉയർന്നു.
ഫെബ്രുവരി 18: സിബിഐ വീണ്ടും സമൻസ് അയച്ചു, ഫെബ്രുവരി 19 ന് സിസോദിയയെ ചോദ്യം ചെയ്യാൻ വിളിച്ചു.
ഫെബ്രുവരി 19: ബജറ്റ് തയ്യാറാക്കുന്നതിലെ തിരക്ക് ചൂണ്ടിക്കാട്ടി സിസോദിയ സിബിഐയോട് കുറച്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടു.
ഫെബ്രുവരി 20: സിസോദിയക്ക് സിബിഐ ഒരാഴ്ച സമയം നൽകി, ഫെബ്രുവരി 26ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു.
ഫെബ്രുവരി 26: എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.
ഒക്ടോബർ 4: എഎപി നേതാവ് സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

നവംബർ 2: മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് ഇ ഡി ആദ്യ സമൻസ് അയച്ചു.
ഡിസംബർ 21: കെജ്‌രിവാളിന് രണ്ടാമതും സമൻസ്, കെജ്‌രിവാൾ ഹാജരായില്ല.
2024 ജനുവരി 3: അരവിന്ദ് കെജ്‌രിവാളിന് ഇ ഡി മൂന്നാമതും സമൻസ് അയച്ചു.
ജനുവരി 17: ഇ ഡി നാലാമത്തെ സമൻസ് അയച്ചു.
ഫെബ്രുവരി 2: അഞ്ചാം തവണയും ഇ ഡി ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ് അയച്ചു.
ഫെബ്രുവരി 22: കെജ്രിവാളിന് ഇ ഡി ആറാമത്തെ സമൻസ് അയച്ചു.
ഫെബ്രുവരി 26: അരവിന്ദ് കെജ്രിവാളിന് ഏഴാമത്തെ സമൻസ് ലഭിച്ചു.
ഫെബ്രുവരി 27: എട്ടാം തവണയും കെജ്രിവാളിന് സമൻസ്
മാർച്ച് 16: ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.
മാർച്ച് 17: അരവിന്ദ് കെജ്രിവാളിന് ഒമ്പതാമത്തെ സമൻസ് അയച്ചു.
മാർച്ച് 21: നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തു.


Keywords: News, News-Malayalam-News, National, National-News, Politics, New Delhi, Arvind Kejriwal, What is Delhi liquor policy case? Know everything about charges against Arvind Kejriwal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia