Chaitra Kundapura | '5 കോടി രൂപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു'; ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര അടക്കം 7 പേര്‍ റിമാന്‍ഡില്‍

 


മംഗ്ലൂരു: (www.kvartha.com) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു കോടി രൂപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഏഴുപേരെയും റിമാന്‍ഡ് ചെയ്തു. ബംഗ്ലൂരു അഡി. പ്രിന്‍സിപല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച സെപ്റ്റംബര്‍ 23 വരെ ഏഴുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ചയാണ് ബംഗ്ലൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഉഡുപ്പിയിലെ കൃഷ്ണ മഠിന് സമീപത്തെ പാര്‍കിംഗ് മേഖലയില്‍ നിന്നാണ് ചൈത്രയെ അറസറ്റ് ചെയ്തത്. മറ്റ് ആറുപേരെ ചിക്കമംഗ്ലൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Chaitra Kundapura | '5 കോടി രൂപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു'; ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര അടക്കം 7 പേര്‍ റിമാന്‍ഡില്‍

സംഘപരിവാര്‍ വേദികളിലെ തീപൊരി പ്രാസംഗികയായ ചൈത്ര കോടതിയില്‍ ജഡ്ജിന് മുമ്പാകെ വിങ്ങിപ്പൊട്ടി. പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. കുറേനാളുകളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര വയലറ്റ് നിറമുള്ള ടോപും വെള്ള പാന്റ്‌സും കണ്ണുകള്‍ ഒഴികെ മുഖഭാഗങ്ങള്‍ മറയ്ക്കുന്ന മാസ്‌കും ധരിച്ചാണ് കോടതിയില്‍ എത്തിയത്.

ബൈന്ദൂര്‍ സ്വദേശിയും ബിസിനസുകാരനുമായ ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് ബൈന്ദൂര്‍ നിയമ സഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി അഞ്ചുകോടി തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമാണ് ഗോവിന്ദ ബാബു പൂജാരി. ബംഗ്ലൂരു ബണ്ടെപള്ള്യ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ചൈത്രയെ പിടികൂടിയത്. ആഢംബര കാര്‍ വാങ്ങുകയും ഉയര്‍ന്ന താമസ സൗകര്യം സ്വന്തമാക്കുകയും ചെയ്ത് സുഖലോലുപയായി കഴിയുന്നതിനിടെയാണ് അറസ്റ്റ്.

ചെഫ്റ്റാക് നൂട്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് വന്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ബൈന്ദൂരില്‍ വരലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഗോവിന്ദ ബാബു പൂജാരി സെപ്തംബര്‍ എട്ടിനാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ബിജെപി പ്രവര്‍ത്തകനായ പ്രസാദ് ബൈന്ദൂര്‍ ആണ് 2022ല്‍ ചൈത്രയെ ഗോവിന്ദ ബാബുവിന് പരിചയപ്പെടുത്തുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നും ഡെല്‍ഹിയിലെ ഉന്നത ബന്ധം വച്ച് ചൈത്ര വിജയം ഉറപ്പ് നല്‍കുകയും ചെയ്തു. ബിജെപി യുവ മോര്‍ച ജെനറല്‍ സെക്രടറി ഗഗന്‍ കടൂറിനെ ഇതിനായി ചൈത്ര നിയോഗിക്കുകയും ചെയ്തു. 2022 ജൂലൈ നാലിനായിരുന്നു ഇത്.

45 വര്‍ഷത്തോളം വടക്കേ ഇന്‍ഡ്യയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടുള്ള വിശ്വനാഥ് ജിയെ ഈ ആവശ്യത്തിലേക്കായി ഗഗനാണ് ഗോവിന്ദ ബാബു പൂജാരിക്ക് പരിചയപ്പെടുത്തുന്നത്. വിശ്വനാഥ് ജിക്ക് ജൂലൈ ഏഴിന് 50 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി. ഇതിന് പിന്നാലെ ചൈത്ര കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയെ പരിചയപ്പെടുത്തുകയും 1.5 കോടി രൂപ ഹോസ്‌പേട്ടില്‍ വച്ച് കൈമാറുകയും ചെയ്തു.

ഒക്ടോബറില്‍ കേസിലെ അഞ്ചാം പ്രതിയായ നായികിനെ പരിചയപ്പെടുത്തി. ബംഗ്ലൂരുവിലെ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമിറ്റി അംഗമാണ് നായിക് എന്നുപറഞ്ഞാണ് ചൈത്ര പരിചയപ്പെടുത്തിയത്. സീറ്റ് ഉറപ്പാണെന്ന് വ്യക്തമാക്കിയതോടെ 2022 ഒക്ടോബര്‍ 29ന് ഗോവിന്ദ ബാബു പൂജാരി മൂന്ന് കോടി രൂപ കൈമാറി. തുടര്‍ന്ന് മാര്‍ച് എട്ടിന് വിശ്വനാഥ് ജി ശ്വാസ തടസം മൂലം മരിച്ചതായി ചൈത്ര ഗോവിന്ദ ബാബു പൂജാരിയെ അറിയിച്ചു.

ഇതോടെ വിശ്വനാഥ് ജിയെക്കുറിച്ച് ഗോവിന്ദ ബാബു പൂജാരി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് ഗോവിന്ദ ബാബു പൂജാരിക്ക് വ്യക്തമാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചൈത്രയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പും ആള്‍ മാറാട്ടത്തിലുമാണ് പണം നഷ്ടമായതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ ഗോവിന്ദ ബാബു പൂജാരി പൊലീസ് സഹായം തേടുകയായിരുന്നു.

Keywords:  WATCH: Right-Wing Activist Chaitra Kundapura Among 7 Held For Conning Bengaluru Businessman Of Rs 5 Crore On Pretext Of Providing BJP Ticket, Mangalore, News, Court, Remanded, Politics, Business Man, Complaint, Probe, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia