Criticism | വാൾമാർട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ യഹ്‌യ സിൻവാറിനെയും ഹസ്സൻ നസ്‌റല്ലയെയും പ്രകീർത്തിക്കുന്ന ടീ ഷർട്ടുകൾ വിൽപനയ്ക്ക്; പ്രതിഷേധവുമായി ജൂത സംഘടനകൾ
● ജൂത സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടർന്ന് സിൻവാറിന്റെ ചിത്രമുള്ള ഷർട്ടുകൾ നീക്കി
● ജൂത അനുകൂല സംഘടനയായ സ്റ്റോപ്പ് ആൻ്റിസെമിറ്റിസം ഈ വിഷയം എക്‌സിൽ (X) പങ്കുവെച്ചതോടെയാണ് സംഭവം ഏറെ ചർച്ചയായത്
വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ മുൻ ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെയും മുൻ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്‌റല്ലയെയും പ്രകീർത്തിക്കുന്ന ചിത്രങ്ങളുള്ള ടീ ഷർട്ടുകൾ വിൽപനയ്‌ക്കെത്തിയത് ശ്രദ്ധേയമായി. ജൂത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സിൻവാറിൻ്റെ ചിത്രമുള്ള ഷർട്ടുകൾ പിന്നീട് നീക്കം ചെയ്തെങ്കിലും നസ്‌റല്ലയുടെ ചിത്രങ്ങളുള്ള ഷർട്ടുകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രാഈൽ പ്രതിരോധ സേന (IDF) ഒക്ടോബറിൽ ഗസ്സയിൽ വെച്ച് സിൻവാറിനെയും സെപ്റ്റംബറിൽ ബെയ്‌റൂത്തിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ നസ്‌റല്ലയെയും വധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും ചിത്രങ്ങളുള്ള വസ്ത്രങ്ങൾ വിൽപനക്കെത്തിയത് ഇസ്രാഈൽ അനുകൂലികൾക്കിടയിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു.
ജൂത അനുകൂല സംഘടനയായ സ്റ്റോപ്പ് ആൻ്റിസെമിറ്റിസം ഈ വിഷയം എക്‌സിൽ (X) പങ്കുവെച്ചതോടെയാണ് സംഭവം ഏറെ ചർച്ചയായത്. 'വാൾമാർട്ട്, ജൂതന്മാർക്കെതിരായ ഭീകരതയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന വസ്ത്രങ്ങൾ നിങ്ങൾ വിൽക്കുന്നുണ്ടെന്ന് അറിയാമോ?' എന്നായിരുന്നു സംഘടനയുടെ ചോദ്യം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ വസ്ത്രങ്ങൾക്ക് പുറമെ, അമേരിക്കൻ പതാകയിൽ സ്വസ്‌തിക ചിഹ്നവും 'ഞാൻ മുട്ടുകുത്തില്ല' എന്ന വാചകവുമുള്ള ഒരു ഷർട്ടും ഇതേ വിൽപ്പനക്കാരൻ വാൾമാർട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ വിൽക്കുന്നുണ്ട്. സിൻവാറിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ മുൻപ് വലിയ തോതിൽ പ്രചാരം നേടിയിരുന്നു. അദ്ദേഹത്തിന്റെ 'സോഫ' വലിയ ട്രെൻഡായി മാറിയിരുന്നു.
കൂടാതെ തന്റെ ദൃശ്യം പകർത്തുന്ന ഡ്രോണിന് നേരെ കയ്യിൽ കരുതിയിരുന്ന വടി എറിയുന്ന സിൻവറിൻ്റെ അവസാന നിമിഷങ്ങളുടെ വീഡിയോയും ഏറെ വൈറലായിരുന്നു. ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകങ്ങളായി പലരും കണക്കാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചിത്രമുള്ള ഷർട്ടുകൾ വിപണിയിൽ എത്തിയത്.
#Walmart #ControversialTshirts #YahyaSinwar #HassanNasrallah #JewishOrganizations #Protests