President Election | രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോടിംഗ് പൂര്‍ത്തിയായി; സണ്ണി ഡിയോള്‍ ഉള്‍പെടെ എട്ടുപേര്‍ വോട് ചെയ്യാനെത്തിയില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോടിംഗ് പൂര്‍ത്തിയായി. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പെടെയുള്ള എട്ടു പേര്‍ വോട് രേഖപ്പെടുത്തിയില്ലെന്നാണ് വോടിംഗ് അവസാനിച്ചപ്പോള്‍ ലഭിക്കുന്ന വിവരം.


President Election | രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോടിംഗ് പൂര്‍ത്തിയായി; സണ്ണി ഡിയോള്‍ ഉള്‍പെടെ എട്ടുപേര്‍ വോട് ചെയ്യാനെത്തിയില്ല

തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് വോടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റില്‍ 63-ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുതായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട് രേഖപ്പെടുത്താന്‍ പട്ടികയിലുണ്ടായിരുന്നത്.

അറുപത് ശതമാനത്തിലധികം വോട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് നാല്‍പത്തിയൊന്ന് പാര്‍ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച, ജനതാദള്‍ സെകുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്.

വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോടുകള്‍ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആം ആദ്മി പാര്‍ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായിട്ടുണ്ട്. സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധാന്‍കറിനെ എന്‍ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ടികളും സംയുക്ത സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു. ശരദ് പവാറിന്റെ വസതിയില്‍ ഞായറാഴ്ച ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്.

വനിത, ന്യൂനപക്ഷ സമുദായഗം, രാഷ്ട്രീയ പരിചയം, ദക്ഷിണേന്‍ഡ്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ഡ്, ഗോവ, രാജസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമാണ് മാര്‍ഗരറ്റ് ആല്‍വ.

യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ പാര്‍ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ടികളുടെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ചൊവ്വാഴ്ച മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശ പത്രിക സമര്‍പിക്കും.

Keywords: Voting concludes to elect India's 15th president, results on July 21, New Delhi, News, Politics, President Election, BJP, Congress, Meeting, National, Trending.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia