Viral Video | 'മോദിജീ, എനിക്കൊരുകാര്യം പറയാനുണ്ട്...'; വൃത്തിയില്ലാത്ത സ്‌കൂളിന്റെ തറയില്‍ ഇരുന്ന് പഠിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയെ അറിയിക്കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ അഭ്യര്‍ഥന വൈറല്‍

 


കത്വ: (www.kvartha.com) 'മോദിജീ, എനിക്കൊരുകാര്യം പറയാനുണ്ട്...' വൃത്തിയില്ലാത്ത സ്‌കൂളിന്റെ തറയില്‍ ഇരുന്ന് പഠിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെക്കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ അഭ്യര്‍ഥന വൈറല്‍.

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലഹായ് മല്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള സീറത്ത് നാസ് എന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ അഭ്യര്‍ഥനയാണ് വൈറലായത്. വൃത്തിയില്ലാത്ത സ്‌കൂളിന്റെ തറയില്‍ ഇരുന്നു പഠിക്കുന്നതിന്റെ ബുദ്ധിമുട്ടാണ് പെണ്‍കുട്ടി പങ്കുവയ്ക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള 'മാര്‍മിക് ന്യൂസ്' എന്ന ഫേസ്ബുക് പേജ് വഴിയാണ് അഞ്ച് മിനിറ്റില്‍ താഴെയുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്.

പ്രദേശത്തെ സര്‍കാര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണെന്ന് വ്യക്തമാക്കിയാണ് സീറത്ത് നാസ് സംസാരിച്ചു തുടങ്ങുന്നത്. പിന്നീട് ഫ്രെയിമില്‍ നിന്നു മാറി കാമറ സ്‌കൂള്‍ വളപ്പിലേക്കു കൊണ്ടുപോകുന്നു. അവിടെ എന്താണ് ഇല്ലാതിരിക്കുന്നതെന്നും എന്തൊക്കെ ചെയ്താല്‍ അധികൃതര്‍ക്ക് മാറ്റം കൊണ്ടുവരാമെന്നും അവള്‍ വ്യക്തമാക്കുന്നു. പിന്നീട് ലെന്‍സിലേക്കു നോക്കി 'മോദിജീ, എനിക്കൊരുകാര്യം പറയാനുണ്ട്' എന്ന് പറഞ്ഞാണ് കാര്യത്തിലേക്ക് കടക്കുന്നത്.

പിന്നാലെ ഫോണിന്റെ കാമറ ഒരു കോണ്‍ക്രീറ്റ് വസ്തുവിലേക്കു തിരിക്കുന്നു. അടഞ്ഞ വാതിലിന്റെ അപ്പുറം പ്രിന്‍സിപലിന്റെ ഓഫിസും സ്റ്റാഫ് റൂമും ആണെന്ന് കുട്ടി പറയുന്നുണ്ട്. പിന്നാലെ 'എത്ര വൃത്തികെട്ട നിലമാണിത്. അവര്‍ ഞങ്ങളെ ഇവിടെ ഇരുത്താറുണ്ട്' എന്നും പറയുന്നു.

പിന്നീട് അവള്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു വെര്‍ച്വല്‍ ടൂറാണ് നടത്തിയത്. 'ഞങ്ങളുടെ സ്‌കൂളെന്ന വലിയ കെട്ടിടം ഞാന്‍ താങ്കളെ കാണിക്കാം.' തുടര്‍ന്ന് കുറച്ചുകൂടി മുന്നോട്ടു നടക്കുന്ന അവള്‍ കാമറ വലതുവശത്തേക്കു തിരിച്ച് പണിതീരാത്ത ഒരു കെട്ടിടം കാണിക്കുന്നുണ്ട്. 'ഈ കെട്ടിടം എത്ര വൃത്തികെട്ടതാണെന്നു നോക്കൂ, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതു ഇങ്ങനെ തന്നെയാണ്. ഈ കെട്ടിടത്തിന്റെ അകവശം ഞാന്‍ താങ്കളെ കാണിക്കാം.' കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്ന സ്ഥലത്തേക്ക് കാമറ അവള്‍ തിരിച്ചുവച്ചു. നിലത്ത് പൊടി പിടിച്ചിരിക്കുന്നത് കാണാം.

പിന്നാലെ ഇങ്ങനെ പറയുന്നു: 'ഞങ്ങള്‍ക്കു വേണ്ടി ഒരു നല്ല സ്‌കൂള്‍ പണിയാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്. നിലവില്‍ നിലത്ത് ഇരുന്ന് പഠിക്കണം. അതുകാരണം യൂനിഫോമുകള്‍ വൃത്തികെട്ടതാകുന്നു. യൂനിഫോം വൃത്തികേടാക്കുന്നതിനാല്‍ അമ്മമാര്‍ വഴക്കുപറയുന്നു. ഞങ്ങള്‍ക്ക് ഇരിക്കാന്‍ ബെഞ്ചൊന്നും ഇല്ല...'.

പിന്നീട് പടികള്‍ കയറി ഒന്നാം നിലയിലേക്കു പോയ സീറത്ത് കാമറ ഇടനാഴിയിലേക്കു തിരിച്ചുവച്ചു. അവിടെയും നിലം വൃത്തികേടായാണ് ഇരിക്കുന്നത് എന്നുകാണാം. 'പ്ലീസ് മോദിജീ, ഒരു നല്ല സ്‌കൂള്‍ ഞങ്ങള്‍ക്കു വേണ്ടി പണികഴിപ്പിച്ചുതരൂ. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിത്തരൂ. എന്റെ ആഗ്രഹം അനുവദിച്ചുതരൂ' എന്നാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ഥന.

പിന്നീട് പടികള്‍ ഇറങ്ങി താഴേക്കെത്തിയ സീറത്ത് ശുചിമുറിയിലേക്കും തന്റെ കാമറ തിരിക്കുന്നുണ്ട്. 'ശുചിമുറി എത്രത്തോളം വൃത്തികെട്ടതാണെന്നു കാണുന്നുണ്ടല്ലോ. അവ തകര്‍ന്നുമിരിക്കുകയാണ്.' തുറസ്സായ സ്ഥലം കാണിച്ച് അവിടെ പുതിയ സ്‌കൂള്‍ കെട്ടിടം പണിയാമെന്നും അവള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പൊതു ഇടങ്ങള്‍ ശുചിമുറിയാക്കേണ്ടി വരുന്നതിന്റെ ദൈന്യത കുട്ടിയുടെ വാക്കുകളില്‍ ഉണ്ട്. മലമൂത്രവിസര്‍ജനത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന സ്ഥലവും വീഡിയോയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Viral Video | 'മോദിജീ, എനിക്കൊരുകാര്യം പറയാനുണ്ട്...'; വൃത്തിയില്ലാത്ത സ്‌കൂളിന്റെ തറയില്‍ ഇരുന്ന് പഠിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയെ അറിയിക്കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ അഭ്യര്‍ഥന വൈറല്‍

പ്രധാനമന്ത്രിയോട് അഭ്യര്‍ഥന നടത്തിയാണ് പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്. 'മോദിജീ, താങ്കള്‍ ഈ രാജ്യത്തെ മുഴുവന്‍ കേള്‍ക്കുന്നു. എന്റെ വാക്കുകള്‍ കൂടി കേള്‍ക്കണം. ഞങ്ങള്‍ക്കുവേണ്ടി പുതിയ സ്‌കൂള്‍ പണിയണം. നിലത്ത് ഇരിക്കേണ്ട അവസ്ഥയില്ലാത്ത ഒരു സ്‌കൂളാണ് ഞങ്ങള്‍ക്കു വേണ്ടത്. യൂനിഫോം വൃത്തികേടാക്കിയെന്ന് പറഞ്ഞ് അമ്മ ഒരിക്കലും എന്നെ വഴക്കുപറയരുത്. ഞങ്ങള്‍ക്ക് നന്നായി പഠിക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ ഉണ്ടാകണം. പ്ലീസ്, ഞങ്ങള്‍ക്കു വേണ്ടി നല്ലൊരു സ്‌കൂള്‍ പണിതു തരണം' എന്നുപറഞ്ഞാണ് അവള്‍ വീഡിയോ അവസാനിപ്പിച്ചത്.

 

Keywords:  Viral Video: 'Modi-Ji, You Listen To Entire Nation' - Girl's Request, Jammu Kashmir, Kathua, Girl Student, Video, Facebook, School, Students, News, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia