Victory Day | വിജയ് ദിവസ്: ഇന്ത്യൻ സൈനിക കരുത്തിന് മുമ്പിൽ പാകിസ്താൻ കീഴടങ്ങിയതിന്റെ 53 വർഷങ്ങൾ; അഭിമാനത്തോടെ സ്മരിക്കാം അമരൻമാരെ
● സൈനികരുടെ ധീര പോരാട്ട വിജയത്തെ അനുസ്മരിച്ച് രാജ്യമെമ്പാടും വിജയ് ദിവസ് ആഘോഷിക്കുന്നു.
● പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പോരാട്ട വിജയത്തിന്റെ ഓർമ്മ ദിനം.
● കിഴക്കൻ പാക്കിസ്ഥാനിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരായിരുന്നു ഭൂരിപക്ഷവും.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അയൽ രാജ്യമായ ബംഗ്ലാദേശിന്റെയും ചരിത്രത്തിൽ നിർണായകമായ യുദ്ധവിജയത്തിന്റെ ഓർമ്മ ദിനമാണ് ഡിസംബർ 16. ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായതും ഇന്ത്യൻ സേനയുടെ കരുത്തിനു മുമ്പിൽ പാകിസ്ഥാൻ സൈനിക മേധാവിയും 93000 സൈന്യങ്ങളും നിരുപാധികം കീഴടങ്ങിയതിന്റെയും 53-ാമത് വാർഷിക ദിനം. സൈനികരുടെ ധീര പോരാട്ട വിജയത്തെ അനുസ്മരിച്ച് രാജ്യമെമ്പാടും വിജയ് ദിവസ് ആഘോഷിക്കുന്നു.
ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച ദിവസമാണ് ഡിസംബർ 16. പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പോരാട്ട വിജയത്തിന്റെ ഓർമ്മ ദിനം. ഉപാധികളില്ലാതെ പാകിസ്ഥാൻ സൈന്യം ഇന്ത്യക്ക് മുമ്പിൽ കീഴടങ്ങിയെന്നത് മാത്രമല്ല പാകിസ്താന് രാജ്യത്തിന്റെ പകുതിയും കിഴക്കൻ സൈന്യവും പൂർണമായും നഷ്ടപ്പെടുകയും ഉണ്ടായി.
1947 ഓഗസ്റ്റിൽ ഭൂമിശാസ്ത്രപരമായി ഇന്ത്യ രണ്ടായിട്ടാണ് വിഭജിക്കപ്പെട്ടതെങ്കിലും മാനസികമായി അത് മൂന്നായിരുന്നു, ഇന്ത്യ, പാക്കിസ്ഥാൻ, കിഴക്കൻ പാകിസ്ഥാൻ. പാക്കിസ്ഥാൻ ഭരണകൂടം കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾക്ക് നേരെ നടത്തുന്ന വംശീയ അതിക്രമം, ഭാഷ വിവേചനം, തുടങ്ങി ഒരുപാട് വിഷയങ്ങൾ പാക്കിസ്ഥാനിലെ ആ രണ്ടു പ്രദേശങ്ങൾ തമ്മിൽ വലിയ മാനസിക രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു.
കിഴക്കൻ പാക്കിസ്ഥാനിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരായിരുന്നു ഭൂരിപക്ഷവും. എന്നാൽ അവരുടെ മേൽ ഉറുദു അടിച്ചേൽപ്പിക്കാനുള്ള ശ്രമം പാകിസ്ഥാൻ ഭരണകൂടം തുടങ്ങിയത് മുതൽ രണ്ടു പ്രദേശങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയിരുന്നു. കിഴക്കൻ പാക്കിസ്ഥാനിൽ അവാമി ലീഗിന്റെ നേതാവ് മുജിബുർ റഹ്മാന്റെ നേതൃത്വത്തിൽ ഈ നടപടിയെ പ്രതിരോധിച്ചിരുന്നു.
ഇതിനെ സൈനിക ശക്തി ഉപയോഗിച്ച് തകർക്കാൻ പാകിസ്ഥാൻ ഭരണകൂടം ശ്രമിച്ചതിന്റെ ഫലമായി ആ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം വർദ്ധിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് പേർ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പാലായനം ചെയ്യപ്പെട്ടു. സംഗതി നിയന്ത്രണാതീതമായപ്പോൾ അന്നത്തെ കരസേന മേധാവി ജനറൽ സാം മനക് ഷയോട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈനിക ഇടപെടൽ അനിവാര്യമാണെന്ന് സൂചിപ്പിക്കുകയുണ്ടായി.
അതിബുദ്ധിമാനായ സാം പെട്ടെന്ന് എടുത്തു ചാടിയാൽ ബുദ്ധിമുട്ടാകുമെന്നും അവിടുത്തെ പ്രകൃതി നമുക്ക് അനുകൂലമല്ലെന്നും ആയതിനാൽ ആ പ്രകൃതിയിൽ ജീവിച്ചു ശീലിച്ച അഭയാർത്ഥികൾക്ക് സൈനിക പരിശീലനം നൽകി മുക്തിവാഹിനി എന്ന പേരിൽ പാകിസ്ഥാന് എതിരെ യുദ്ധത്തിന് ഇറക്കുന്നതാണ് നല്ലത് എന്ന് സൂചിപ്പിക്കുകയുണ്ടായി. ആ ബുദ്ധിയിൽ നിന്നാണ് പാക്കിസ്ഥാനെ തകർക്കാനുള്ള നീക്കത്തിൽ വ്യക്തമായ മുൻതൂക്കം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചത്.
ഇന്ത്യയുടെ കര നാവിക സേനകൾ സംയുക്തമായി നടത്തിയ ആദ്യ സൈനിക നടപടിയായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവുമധികം സൈനിക കീഴടലങ്ങലുകൾ ഉണ്ടായ യുദ്ധവും കൂടിയാണ് ഇത്. പാകിസ്താന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസിന്‍റെ നേതൃത്വത്തില്‍ 93,000 സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നയിച്ച ജഗ്ജിത് സിംഗ് അറോറയുടെ മുന്നില്‍ കീഴടങ്ങിയത്. യുദ്ധത്തില്‍ പാരജയപ്പെട്ടതോടെ പരസ്യമായി ഇന്ത്യക്ക് കീഴടങ്ങേണ്ടി വന്ന പാകിസ്താന് രാജ്യത്തിന്റെ പകുതിയും കിഴക്കന്‍ സേനയും നഷ്ടപ്പെട്ടു.
1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധത്തിന്‍റെ തുടക്കം. അതിർത്തിയിലെ ലോഗി വാലായിലെ പോരാട്ടം, ഇന്ത്യയ്ക്ക് ഏറെ നഷ്ടം സഹിക്കേണ്ടിവന്ന ഹില്ലി യുദ്ധം, പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തെ തകർത്ത ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ ട്രെഡന്റ് (ഈ ഓപ്പറേഷന്റെ ഓർമ്മക്കായി ആണ് നാവികസേന ദിനം ആചരിക്കുന്നത്) തുടങ്ങി വിവിധ ഘട്ടങ്ങളായി മുന്നേറിയ യുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ അമേരിക്ക ഇടപെടും എന്ന സാഹചര്യം വന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അതിശക്തമായ ഭാഷയിൽ പ്രതികരിക്കുകയും സോവിയറ്റ് സൈന്യം ഇന്ത്യയെ സഹായിച്ച യുദ്ധത്തിന് തയ്യാറാവുകയും ചെയ്തത് ശീത യുദ്ധത്തിന്റെ പ്രതീതി ഉളവാക്കി.
ഇന്ത്യയുടെ മുന്നറിയിപ്പ് പരിഗണിച്ച് അമേരിക്ക പിൻവാങ്ങുകയാണ് ഉണ്ടായത്. 1971 ഡിസംബര്‍ 3 മുതല്‍ 1971 ഡിസംബര്‍ 16 ന് ധാക്ക കീഴടങ്ങുന്നത് വരെ 13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. യുദ്ധാനന്തരം 1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഷിംല കരാര്‍ ഒപ്പുവെച്ചു. ഈ കരാർ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തുടർ ചർച്ചകൾ ഇപ്പോൾ നടത്തിവരുന്നത്.
ഇന്ത്യക്ക് കീഴടങ്ങിയുള്ള കരാറാണ് എന്ന് പറഞ്ഞ് പാകിസ്ഥാനിലെ ഒരുവിഭാഗം ഇന്നും കരാറിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നവരാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാൻ വേണ്ടി നമ്മുടെ ധീര സൈനികർ നടത്തിയ പോരാട്ട വിജയത്തിന്റെ ഈ ഓർമ ദിനത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അഭിമാനത്തോടെ സ്മരിക്കുകയാണ് രാജ്യമെമ്പാടും.
#VijayDiwas, #PakistanSurrender, #IndiaVictory, #1971War, #MilitaryVictory, #Bangladesh