വെറുപ്പിൻ്റെ വ്യാപാരികൾ ഓൺലൈനിൽ വിലസുമ്പോൾ: ഭരണകൂടം കണ്ണടയ്ക്കുന്നതെന്തിന്?

 
Online Spread of Hate by Merchants of Hate: Why is the Government Ignoring It?
Online Spread of Hate by Merchants of Hate: Why is the Government Ignoring It?

Representational image generated by GPT

മോഹൻലാലിനെതിരെ സംഘപരിവാർ ആക്രമണം തുടരുന്നു.

ജമാഅത്തെ ഇസ്ലാമി വേദിയിൽ പങ്കെടുത്തതിന് വിമർശനം.

എൻ. രാമചന്ദ്രൻ്റെ മകളും സൈബർ ആക്രമണത്തിന് ഇരയായി.

(KVARTHA) രാജ്യത്ത് പ്രമുഖ വ്യക്തികളെ തെരഞ്ഞുപിടിച്ച് സൈബർ ആക്രമണം നടത്തിവരുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണത സൃഷ്ടിച്ചിരിക്കുകയാണ്. വിമർശനങ്ങൾ ജനാധിപത്യത്തിൻ്റെ അവിഭാജ്യഘടകമാണെങ്കിലും വ്യക്തികളെ അധിക്ഷേപിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമോ അഭിപ്രായസ്വാതന്ത്ര്യമോ ആയി പരിഗണിക്കാൻ കഴിയില്ല. 

 

ഭാരതത്തിൻ്റെ വീരപുത്രിയായ സോഫിയ ഖുറേഷിയെന്ന സൈനിക മേധാവിക്കെതിരെ ഭരണഘടനാ പദവി വഹിക്കുന്ന മധ്യപ്രദേശിലെ ഒരു മന്ത്രി തന്നെ പാക് ഭീകരരുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചത് അതിരുകടന്നതും സാമാന്യ മര്യാദയ്ക്ക് ചേരാത്തതുമായ പരാമർശമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും നീതിന്യായ പീഠവും അതിശക്തമായി രംഗത്തുവന്നത് ഭാരതമെന്ന ബഹുസ്വര രാഷ്ട്രത്തിൻ്റെ മഹനീയത ഉയർത്തിപ്പിടിക്കുന്നതാണ്. 

 

 

യുദ്ധം നിർത്തൽ പ്രഖ്യാപിച്ച വിക്രം മിസ്രിയെന്ന വിദേശകാര്യ സെക്രട്ടറിക്കെതിരെയും നീചമായ സൈബർ ആക്രമണമുണ്ടായി. കേന്ദ്ര സർക്കാർ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന തന്നിലേൽപ്പിച്ച കർത്തവ്യം നിർവഹിക്കുക മാത്രമേ വിക്രം മിസ്രി ചെയ്തിട്ടുള്ളൂ. സൈബർ ആക്രമണത്തെ തുടർന്ന് തൻ്റെ എക്സ് അക്കൗണ്ട് പൂട്ടി അദ്ദേഹത്തിന് സ്ഥലം വിടേണ്ടിവന്നു. 

തീവ്രവാദ ആശയങ്ങൾ പേറുന്ന സംഘടനകളുടെ അനുയായികൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഉന്നത വ്യക്തിത്വങ്ങളെ അവഹേളിക്കുന്നത് പതിവായിരുന്നു. വ്യാജ പേരുകളിലാണ് ഇവരുടെ വിളയാട്ടം. ഇതിന് വെടിമരുന്നിട്ടു കൊടുക്കുന്നതിൽ അസഹിഷ്ണുതയോടെ ചിന്തിക്കുന്ന ചില സംഘടനാനേതാക്കളും സജീവമാണ്. ഒളിഞ്ഞും തെളിഞ്ഞും ഇവർ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം വിളമ്പുന്നു. 

 

എമ്പുരാനെന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോൾ ഇത്തരം വിദ്വേഷ പ്രചരണങ്ങൾ അതിൻ്റെ ഏറ്റവും ഉച്ഛസ്ഥായിയിലെത്തിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്ന പക്വതയാർന്ന നിലപാട് രാജ്യം ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി.യുടെ നേതാക്കൾ സ്വീകരിച്ചുവെങ്കിലും മറ്റുള്ളവർ അതിന് തയ്യാറായില്ല. 

 

ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ പ്രത്യക്ഷയുദ്ധം തന്നെ സിനിമയ്ക്കും എബ്രഹാം ഖുറേഷിയായി അഭിനയിച്ച മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ നടത്തി. എന്നാൽ അത്തരം വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് മുൻപെ തന്നെ അടിക്കാനായി മറ്റൊരു വടി കൂടി കൊടുത്തിരിക്കുകയാണ് മോഹൻലാൽ. 

 

മത തീവ്രവാദ സംഘടനയെന്ന് ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വേദിയിലാണ് ഇന്ത്യാ-പാക് യുദ്ധസമയത്ത് മോഹൻലാലെത്തിയത്. ഇതിനെതിരെ വ്യാപക വിമർശനമാണ് സംഘപരിവാർ അനുകൂലികൾ നടത്തിയത്.

 

മോഹൻലാൽ വെറുമൊരു നടൻ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണെന്നാണ് ഇവരുടെ വാദം. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നാണ് ഓർഗനൈസറിൻ്റെ വിമർശനം. 

ഷാർജയിൽ നടന്ന 'ഗൾഫ് മാധ്യമം' പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നടൻ മോഹൻലാലിനെതിരെ ആർ.എസ്.എസ്. മുഖപത്രം ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത് നിശിത വിമർശനങ്ങളാണ്. ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കെ മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നും മോഹൻലാലിൻ്റെ പദവി പിൻവലിക്കണമെന്നും ലേഖനത്തിൽ പറയുന്നു. 

 

ഇത് ആദ്യമായല്ല മോഹൻലാൽ എന്ന നടനെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നത്. 2024-ൽ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച വ്യക്തികളിൽ മോഹൻലാലും ഉണ്ടായിരുന്നു. എന്നാൽ 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകൾ മൂലം ചടങ്ങിൽ അദ്ദേഹം പങ്കെടുത്തില്ല. അക്കാരണത്താൽ മോഹൻലാലിനെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് വലിയ തോതിൽ വിമർശനമുയർന്നു. അതായിരുന്നു മോഹൻലാലിനെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങളുടെ തുടക്കം.

പിന്നീടിങ്ങോട്ട് പലകുറി മോഹൻലാൽ എന്ന വ്യക്തിക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങളും നടന്നു. അതിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഉദാഹരണമാണ് 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. മാർച്ച് 27-ന് സിനിമ റിലീസ് ചെയ്ത്, ഏതാനും മണിക്കൂറുകൾ പിന്നിടും മുൻപേ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. 

 

2002-ലെ ഗുജറാത്ത് കലാപം 'എമ്പുരാൻ്റെ' കഥാപശ്ചാത്തലത്തിൽ പ്രാധാന്യത്തോടെ കടന്നുവന്നത് മുതൽ ബാബ ബജ്‌രംഗി എന്ന സിനിമയിലെ വില്ലൻ്റെ പേര് വരെ പലരെയും ചൊടിപ്പിച്ചു. അന്നും ഓർഗനൈസർ രൂക്ഷ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു. തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ' എന്നും വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് 'എമ്പുരാൻ' എന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രീകരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അന്ന് ആരോപിച്ചു. 

 

ഇത്തരത്തിലുള്ള നിരവധി വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമൊടുവിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ ലഭിച്ച പ്രഹരം പോലെ 'എമ്പുരാൻ' സിനിമയിൽ 24 കട്ടുകൾ വരുകയും ചെയ്തു. പിന്നാലെ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡും നടത്തിയിരുന്നു.

 

പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചപ്പോൾ പോലും 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെടുത്തി ആ പോസ്റ്റിന് താഴെ വന്ന ഹേറ്റ് കമന്റുകൾക്ക് കൈയും കണക്കുമില്ല. 'ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ', 'ഒരേ സമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങൾ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയുമില്ല', 'പാകിസ്ഥാനിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ്മാരെ സൂക്ഷിക്കുക', എന്നിങ്ങനെ പോകുന്നു മോഹൻലാലിൻ്റെ പോസ്റ്റിന് താഴെ അന്ന് നടന്ന സൈബർ അറ്റാക്കുകൾ. 

 

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണം സംബന്ധിച്ച് മോഹൻലാൽ നടത്തിയ പ്രതികരണത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. 'മോഹൻലാൽ എന്ന നടൻ 'എമ്പുരാൻ' എന്ന ചരിത്രം വളച്ചൊടിച്ച ജിഹാദി സിനിമയിൽ അഭിനയിച്ച അന്ന് തീർന്നു, നിങ്ങളോടുള്ള ആരാധന. 

 

ഇനി മസൂദ് അസ്ഹർ മനുഷ്യ സ്നേഹി എന്ന സിനിമയേ പറ്റി ആലോചിക്കുക', 'നാണമില്ലേ… ജിഹാദികളെ വെള്ള പൂശി സിനിമ എടുത്തിട്ട് ഇപ്പോൾ പോസ്റ്റും കൊണ്ട് വന്നേക്കുന്നു', 'അബ്രഹാം ഖുറേഷി വേണ്ട, സോഫിയ ഖുറേഷി മതി' എന്നിങ്ങനെയായിരുന്നു സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് വന്ന കമന്റുകൾ.

 

ഇപ്പോൾ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'കമോൺ കേരള' ഏഴാം എഡിഷനിൽ മോഹൻലാലിനെ ആദരിച്ചതാണ് ഇവരെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്. ജനം ടി.വി. അവതാരകനായ അനിൽ നമ്പ്യാരും മോഹൻലാലിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. പാക് തീവ്രവാദികൾ നമ്മുടെ സ്വന്തം ഭാരതത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഷെല്ലുകളും വർഷിക്കുമ്പോൾ ഗൾഫിൽ പോയി മൗദൂദി പത്രത്തിൻ്റെ പുരസ്കാരം ഏറ്റുവാങ്ങിയ ലെഫ്റ്റനന്റ് കേണൽ മോഹൻലാലിൻ്റെ ആ മനസ് ആരും കാണാതെ പോകരുത്. 

 

ഇസ്ലാമിസ്റ്റുകൾ എത്ര പണം കൊടുത്താണ് മോഹൻലാലിനെ ഈ പരിപാടിയിൽ ഇറക്കിയതെന്ന് അറിയില്ല. എന്തായാലും രാജ്യസ്നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ എന്നും മോഹൻലാലിനെ അധിക്ഷേപിച്ചുകൊണ്ട് അനിൽ നമ്പ്യാർ കുറിച്ചത്.

 

മോഹൻലാൽ മാത്രമല്ല, കഴിഞ്ഞ ഏതാനും നാളുകൾ മാത്രം നോക്കിയാൽ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ചുരുക്കമല്ലെന്ന് മനസിലാകും. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രൻ്റെ മകൾ ആരതിയും നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിൻ്റെ ഭാര്യ ഹിമാൻഷി നർവാളുമെല്ലാം സൈബർ ആക്രമണങ്ങൾക്ക് ഇരയായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

 

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് പറഞ്ഞത് മൂലമാണ് ആരതിക്കെതിരെയും ഭീകരാക്രമണത്തിൻ്റെ പേരിൽ കശ്മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന അഭ്യർത്ഥനയുടെ പേരിലാണ് ഹിമാൻഷിയും ചിലരുടെ ആക്രമണങ്ങൾക്ക് ഇരയായത്. 

യുദ്ധം കൊതിക്കുന്ന, വിദ്വേഷങ്ങൾ പടർത്തുന്ന ആളുകൾ ഓരോ സമയങ്ങളിലും മറ്റുള്ളവരെ ആക്രമിച്ചുകൊണ്ടിരിക്കുന്ന നിലപാട് രാജ്യത്തെ ഭരണകൂടം ഇനിയും പ്രോത്സാഹിപ്പിക്കരുത്. വ്യാജ മത ചിഹ്നങ്ങളും പേരും ഉപയോഗിച്ച് വിദ്വേഷ കമൻ്റുകളിടുന്ന മത തീവ്രവാദ സംഘടനയിലെ വ്യക്തികളും മറുവശത്ത് സജീവമാണ്. ഇന്ത്യയെ കലാപങ്ങളിലൂടെ അസ്ഥിരപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി തീവ്രവാദ ആശയങ്ങളെ പ്രചരിപ്പിക്കുകയാണ് ഇത്തരം ശക്തികൾ. 

 

ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഭാരതത്തിൻ്റെ ഐക്യത്തിനും സാഹോദര്യത്തിനും പോറൽ ഏൽപ്പിക്കുന്ന പ്രവണതകൾ ഇനിയും അനുവദിക്കാൻ പാടില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. 

Summary: The article discusses the increasing trend of cyberattacks against prominent figures in India, citing examples like Sofia Qureshi, Vikram Misri, and Mohanlal. It highlights the role of extremist groups and questions the government's inaction against hate speech online.

 

#CyberAttack, #HateSpeech, #Mohanlal, #SocialMedia, #India, #Governmentinaction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia