Varicose Veins | എന്താണ് വെരിക്കോസ് വെയിന്‍? ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവഗണിക്കരുത്; പ്രതിരോധ നടപടികള്‍ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ആരോഗ്യത്തിന് ജീവന്റെ വിലയുണ്ടെന്ന് എല്ലാവർക്കുമറിയാം. നല്ല ആരോഗ്യം സമാധാനപരമായ ജീവിതത്തിന്റെ അഭിവാജ്യഘടകമാണ്. ജീവിത ശൈലി കാരണങ്ങളാലും വരാൻ സാധ്യതയുള്ള ഒന്നാണ് വെരിക്കോസ് വെയിൻ. സിരാവീക്കം എന്നും അറിയപ്പെടുന്ന ഈ രോഗവാസ്ഥ സിരകള്‍ക്ക് യഥാർഥ രൂപം നഷ്ടപ്പെട്ട് വീര്‍ത്തും വളഞ്ഞുപുളഞ്ഞും കാണപ്പെടുന്നതാണ്. കാലുകളിലാണ് വെരിക്കോസ് വെയിൻ സാധാരണ കണ്ട് വരാറുള്ളത്.

Varicose Veins | എന്താണ് വെരിക്കോസ് വെയിന്‍? ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവഗണിക്കരുത്; പ്രതിരോധ നടപടികള്‍ അറിയാം

നമ്മുടെ കാലുകളിലെ രക്തം ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തിലേക്ക് എത്തിക്കുന്നത് സിരകളാണ്, ശുദ്ധീകരിച്ച രക്തം തിരിച്ച് കൊണ്ടുവരുന്നത് ധമനികളാണ്. എന്നാല്‍ സിരകളില്‍ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുണ്ടെങ്കില്‍ രക്തം തിരിച്ച് സിരകളിലേക്കുതന്നെ ഒഴുകുകയോ സിരകളില്‍ രക്തം കട്ടപിടിച്ച് കിടക്കുകയോ ചെയ്യും. ഇങ്ങനെ തങ്ങിനില്‍ക്കുന്ന അശുദ്ധരക്തം സിരകളില്‍ മർദമേൽപിക്കുന്ന സാഹചര്യത്തിലാണ് വെരിക്കോസ് വെയ്ന്‍ എന്ന രോഗാവസ്ഥയെ ശരീരം നേരിടേണ്ടി വരുന്നത്.

പ്രായം കൂടിയവരിലാണ് വെരിക്കോസ് വെയിനിന്റെ സാധ്യത കൂടുതൽ. സിരകളുടെ ഇലാസ്തികത നഷ്ടമാകുന്നതിനാല്‍ രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്‍വുകള്‍ ദുര്‍ബലമാകുന്നത് കാരണം രക്തം പൂര്‍ണമായും ഹൃദയത്തിലേക്ക് ഒഴുകുന്നത് സാധ്യമാകാതെ തിരിച്ച് സിരകളിലേക്കുതന്നെയെത്തും. അങ്ങനെ ശുദ്ധീകരിക്കപ്പെടാത്ത രക്തം നമ്മുടെ ശരീരത്തിൽ തളംകെട്ടി നിൽക്കുമ്പോൾ ആ ഭാഗങ്ങള്‍ പ്രത്യേകമായി തടിച്ചുപൊങ്ങുകയും നീല നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ കാലുകളിലെ നിറവ്യത്യാസവും സിരകൾ തടിച്ചു വരുന്നതും നീല നിറത്തിലേക്ക് എത്തുന്നതും വെരിക്കോസ് വെയിനിന്റെ പ്രഥമ ലക്ഷണമാണ്. കണങ്കാലുകളിൽ കറുപ്പുനിറവും കാണാം. ദീർഘനേരം നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസം, കാലുകൾ തൂക്കിയിട്ട് ഇരിക്കുമ്പോൾ ഉണ്ടാകുന്ന വേദന ഇവയെല്ലാം വെരിക്കോസ് ബാധിച്ചവരില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. കാല്‍മുട്ടിന് താഴെയുള്ള ഭാഗത്താണ് വേദന കൂടുതലായി അനുഭവപ്പെടുന്നത്.

സാധാരണ വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ ആദ്യ ഘട്ടത്തിൽ കാണപ്പെടുന്നത് കുറവാണ്. എന്നാൽ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവഗണിക്കുന്നത് രോഗം ഗുരുതരമാകാൻ കാരണമാകും. ക്രമേണ കാലുകളിൽ മുറിവുകള്‍ സംഭവിക്കാൻ ഇടവരുത്തും. രക്തം പുറത്തേക്കൊഴുകുന്നതിനും കാരണമാകും. വെരിക്കോസ് മൂലം കാണപ്പെടുന്ന മുറിവുകള്‍ ഉണങ്ങാൻ വൈകുന്നതിനും വഴിവെക്കും. വേദന അനുഭവപ്പെടാത്തവരിൽ അമിതമായ രക്തപ്രവാഹവും ഉണ്ടായേക്കാം.

വെരിക്കോസ് വെയിൻ കൂടുതലായി കണ്ട് വരുന്നത് ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലാണ്. അമിതമായ ശരീര ഭാരവും ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. കിടപ്പിലായ രോഗികളിലും വെരിക്കോസിന്റെ സാധ്യത കൂടുതലാണ്. സിരകളില്‍ രക്തം കട്ടപിടിക്കുന്നതുമൂലമാണ് രോഗ സാധ്യത വർധിക്കുന്നത്. പാരമ്പര്യ ഘടകങ്ങളും വെരികോസിനു കാരണമാവാം. ഗര്‍ഭിണികളായ സ്ത്രീകളിൽ അവരുടെ ഗര്‍ഭപാത്രം വികസിക്കുന്നത്‌ മൂലം പ്രധാന സിരകളില്‍ മർദം സംഭവിക്കുന്നു. ഇതും ഒരു കാരണമാകാം. അല്ലെങ്കിൽ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വഴിയോ വെരിക്കോസ് വെയ്ന്‍ വരാനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. എന്നാല്‍, ഗര്‍ഭകാലങ്ങളിൽ കാണപ്പെടുന്ന വെരികോസ് ഗർഭ കാലം കഴിയുമ്പോൾ പരിഹരിക്കപ്പെടുന്നതാണ്. ശേഷവും തുടരുകയാണെങ്കിൽ ചികിത്സ തേടാവുന്നതാണ്.

തുടക്കത്തിൽ തന്നെ വെരിക്കോസിന്റെ ചികിത്സ തുടങ്ങേണ്ടതാണ്. അല്ലാത്ത പക്ഷം പ്രായം കൂടുംതോറും രോഗം മൂർച്ഛിക്കാൻ കാരണമായേക്കാം. രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയോ ടെസ്റ്റുകള്‍ വഴിയോ വെരിക്കോസ് വെയ്ന്‍ കണ്ടെത്താനാവും. അള്‍ട്രാസൗണ്ട് ടെസ്റ്റ്‌ വഴിയാണ് രോഗം സാധാരണ തിരിച്ചറിയുന്നത്. ചില രോഗികളിൽ വീനോഗ്രാം പരിശോധനാരീതിയും ആവശ്യമായി വരാറുണ്ട്. രോഗം ഗുരുതര അവസ്ഥയിലേക്ക് എത്തുകയാണെങ്കിൽ മരുന്നുകളിൽ ഒതുങ്ങില്ല, പ്രത്യേക രീതിയിലുള്ള ശസ്ത്രക്രിയകള്‍ അനിവാര്യമാകേണ്ടി വരും. വെരിക്കോസ് വെയ്ന്‍ ബാധിച്ച സിരകള്‍ നീക്കംചെയ്യുന്നതിലേക്കാണ് പിന്നീട് വെരികോസ് രോഗാവസ്ഥ എത്തിക്കുന്നത്.

ശരീരത്തെ അധികം മുറിവേൽപിക്കാത്ത റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ പോലുള്ളവയിലൂടെ വളരെ വേഗത്തില്‍ വെരിക്കോസ് വെയ്ന്‍ സുഖപ്പെടുത്താന്‍ സാധിക്കും. ഇത്തരം രോഗാവസ്ഥകൾ വരാതെ നോക്കുന്നതാണ് പ്രധാനം. നല്ല ഭക്ഷണ ശൈലികളും നല്ല വ്യായാമവും കൊണ്ട് ആരോഗ്യത്തെ പരമാവധി ശ്രദ്ധിക്കുക. വ്യായാമം കാലുകളിലെ രക്തയോട്ടം വർധിപ്പിക്കുകയും വെരിക്കോസ് സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും. ശരീര ഭാരം നിയന്ത്രിതമാക്കാൻ ശ്രമിക്കുക, നല്ല ഭക്ഷണ രീതിയും കൃത്യമായ അളവിൽ കഴിക്കുക. വാരി വലിച്ചുള്ള ആഹാര രീതി, ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഇവയെല്ലാം ശരീരഭാരം കൂട്ടാൻ കാരണമാകും. ഇത് വെരിക്കോസ് വെയിന്റെ സാധ്യത വർധിപ്പിക്കാനും കാരണമാകും.

Keywords: Varicose veins, Health Tips, Lifestyle, New Delhi, Veins, Older People, Leg, Blood, Pregnant, Ultrasound, Venogram, Varicose veins: Symptoms and causes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia