Vande Bharat | വന്ദേഭാരത് ട്രെയിനുമായി കന്നുകാലികൾ കൂട്ടിയിടിക്കുന്നത് തടയാൻ റെയിൽവേ; വൻപദ്ധതിക്ക് രൂപം നൽകി; ചിലവ് 264 കോടി രൂപ!
മുംബൈ: (www.kvartha.com) റെയിൽ പാളത്തിൽ മൃഗങ്ങൾ എത്തുന്നതും ട്രെയിനുകൾ കൂട്ടിയിടിക്കുന്നതും തടയാൻ അടുത്ത വർഷം മെയ് മാസത്തോടെ മുംബൈ-അഹ്‌മദാബാദ് പാതയിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുമെന്ന് പശ്ചിമ റെയിൽവേ (WR) അറിയിച്ചു. 620 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 264 കോടി രൂപ ചിലവ് വരുന്ന സുരക്ഷാ വേലികളുടെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി ചർച്ച്ഗേറ്റിലെ റെയിൽവേ സോൺ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനജർ അശോക് കുമാർ മിശ്ര പറഞ്ഞു.
ഗുജറാതിലെ ഗാന്ധിനഗറിനും മുംബൈക്കും ഇടയിൽ സെപ്റ്റംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഇതുവരെ നാല് തവണ കന്നുകാലികളുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടിരുന്നു. യാത്രക്കാർക്ക് പരിക്കൊന്നും പറ്റിയില്ലെങ്കിലും ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഗുജറാതിലെ ഉദ്വാദ, വാപി സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റവും ഒടുവിലായി ഇത്തരത്തിൽ അപകടത്തിൽ പെട്ടത്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള സുരക്ഷാ വേലി 1.5 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. ജനങ്ങൾക്ക് ഇത് മറികടന്ന് പോകാമെന്നും മൃഗങ്ങൾക്ക് കഴിയില്ല എന്നതാണ് നേട്ടമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. കൂടാതെ മൃഗങ്ങൾ സുരക്ഷാവേലിക്കടിയിൽ കുടുങ്ങിപ്പോകില്ലെന്നും ഉറപ്പാക്കും. വന്ദേ ഭാരത് സർവീസ് ശരാശരി 130 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തുകയാണെന്നും ഇത് യാത്രക്കാർക്കിടയിൽ വളരെ ജനപ്രിയമായിട്ടുണ്ടെന്നും വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു.
Keywords: Vande Bharat: WR to spend Rs 264 cr to build fences, National,Mumbai,News,Top-Headlines,Latest-News,Train,Indian Railway,Animals,Ahmedabad,Gujarat,Prime Minister.