Counterfeit | ബ്രാൻഡുകളുടെ വ്യാജനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകല്ലേ; ലക്ഷങ്ങൾ പിഴ മുതൽ നിയമ നടപടികൾ വരെ കാത്തിരിപ്പുണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


നിരവധി ഇന്ത്യൻ യാത്രക്കാരിൽ നിന്ന് വ്യാജ വസ്തുക്കൾ കണ്ടുകെട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു
വാഷിംഗ്ടൺ: (KVARTHA) അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് ബ്രാൻഡുകളുടെ വ്യാജ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ട് പോയാൽ കുരുക്കിലാവും. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വ്യാജ വസ്തുക്കൾ തടയാനുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അഡിഡാസ്, നൈക്ക് അല്ലെങ്കിൽ ഗൂച്ചി തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനുമായാണ് നിങ്ങൾ രാജ്യത്ത് എത്തിയതെങ്കിൽ നിയമ പ്രശ്നങ്ങൾ അടക്കം നേരിടേണ്ടി വന്നേക്കാം.
വമ്പൻ ബ്രാൻഡുകളുടെ പേരിനോട് സാമ്യമുള്ള രീതിയിൽ വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അടുത്തിടെ വിമാനത്താവളത്തിൽ നിരവധി ഇന്ത്യൻ യാത്രക്കാരിൽ നിന്ന് വ്യാജ വസ്തുക്കൾ കണ്ടുകെട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിൽ എത്തുന്ന നിരവധി വിദ്യാർത്ഥികളിൽ നിന്നും സന്ദർശകരിൽ നിന്നും പ്യൂമ, അഡിഡാസ്, നൈക്ക് തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജ ഉത്‌പന്നങ്ങളാണ് പിടിച്ചെടുത്തത്.
സിബിപി നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് വ്യക്തിപരമായ ഉപയോഗത്തിനായി ഒരു തരത്തിലുള്ള വ്യാജ സാധനങ്ങൾ കൈവശം വയ്ക്കാൻ അനുവാദമുണ്ട്. അതായത് ഒരു ഷർട്ട്, ഒരു ഹാൻഡ്ബാഗ്, ഷൂ എന്നിവ പോലുള്ളവ കൊണ്ടുപോകാം. ഈ പരിധി കവിയുന്ന ഏതൊരു വ്യാജ സാധനങ്ങളും കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു.
'വ്യാജ ഉത്പന്നങ്ങൾ വാങ്ങുന്നത് ഇന്ത്യയിൽ വളരെ സാധാരണമാണ്. അമേരിക്കയിലേക്ക് ലഗേജിൽ അവ കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റമാണെന്ന് എനിക്ക് അറിയില്ലായിരുന്നു', അമേരിക്കയിൽ കുടുങ്ങിയ ഹൈദരാബാദിൽ നിന്നുള്ള 27 കാരനായ വിദ്യാർത്ഥിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.
2023-ൽ ഏകദേശം 20,000 കയറ്റുമതികളിൽ നിന്ന് 23 മില്ല്യൺ വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്നാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കൂടുതൽ കർശനമായ പരിശോധന നടത്തുന്നത്. 'വ്യാജ സാധനങ്ങൾ സാമ്പത്തിക രംഗത്തെയും ദേശീയ സുരക്ഷയെയും പൊതുജന സുരക്ഷയെയും ബാധിക്കുന്നു. അവ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് സിവിൽ അല്ലെങ്കിൽ ക്രിമിനൽ ശിക്ഷകൾക്ക് കാരണമായേക്കാം', അധികൃതർ വയ്ക്തമാക്കി.
മറ്റ് രാജ്യങ്ങളിലും സമാനമായ നിയമങ്ങൾ
ഇറ്റലിയിൽ വ്യാജ വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇറ്റാലിയൻ ഫാഷൻ വ്യവസായത്തെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം (Legge Finanziaria) തന്നെ രാജ്യത്തുണ്ട്. വ്യാജ വസ്ത്രങ്ങൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാൽ 10.62 ലക്ഷം രൂപ വരെ പിഴ ചുമത്തും. അധികാരികൾ സഞ്ചാരികളെ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
ഫ്രാൻസിസിലെ നിയമങ്ങളും വ്യാജ സാധനങ്ങളുടെ വിൽപ്പനയെ കർശനമായി നിരോധിക്കുന്നു. വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാൽ, സഞ്ചാരികൾക്ക് 6.37 ലക്ഷം രൂപ വരെ പിഴ ചുമത്തും. ജർമ്മനി, സ്പെയിൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളും വ്യാജ വസ്ത്രങ്ങളുടെ വിതരണം നിരോധിച്ചിട്ടുണ്ട്. വ്യാജ സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ ഓസ്‌ട്രേലിയയിൽ കർശനമായ നിയമങ്ങളുണ്ട്. നിങ്ങളുടെ വസ്തുക്കൾ പിടിച്ചെടുക്കുന്നതിന് പുറമേ, നിയമനടപടി നേരിടേണ്ടി വരുമെന്നും കനത്ത പിഴ നൽകേണ്ടിവരുമെന്നും ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് വെബ്‌സൈറ്റ് പ്രസ്‌താവിക്കുന്നു.