റഷ്യയുമായുള്ള എണ്ണവ്യാപാരം നിയന്ത്രിച്ചില്ലെങ്കിൽ തീരുവയിൽ ട്രംപ് വിട്ടുവീഴ്ച ചെയ്യില്ലെന്ന്; ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎസ്


● ഇന്ത്യക്ക് ഉയർന്ന തീരുവ തുടരുമെന്ന് യുഎസ് മുന്നറിയിപ്പ്.
● ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്ന് ആരോപണം.
● അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി വിപണി തുറക്കണമെന്ന് ആവശ്യം.
● റഷ്യക്കുമേലുള്ള സമ്മർദ്ദത്തിൻ്റെ ഭാഗമാണിതെന്ന് യുഎസ്.
● ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ പ്രാബല്യത്തിൽ വന്നു.
● റഷ്യൻ എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തുന്നു.
വാഷിങ്ടൺ: (KVARTHA) റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത പക്ഷം, ചുമത്തിയ തീരുവയിൽനിന്ന് പിന്നോട്ട് പോകാൻ യുഎസ് തയ്യാറാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്. ഇന്ത്യ വിട്ടുവീഴ്‌ച ചെയ്‌തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്‌ച ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്‌ടർ കൂടിയായ അദ്ദേഹം ആരോപിച്ചു.

റഷ്യ-ഇന്ത്യ എണ്ണ വ്യാപാരം
ഒരു സമാധാന കരാർ ഉറപ്പാക്കുന്നതിനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിനും വേണ്ടി യുഎസ് റഷ്യയ്ക്കുമേൽ ചെലുത്താൻ ശ്രമിക്കുന്ന സമ്മർദ്ദത്തിൻ്റെ ഭാഗമാണിതെന്നും കെവിൻ ഹാസെറ്റ് അവകാശപ്പെട്ടു. വ്യാപാര ചർച്ചകളിൽ അന്തിമ നിലപാടിൽ എത്തുന്നതിന് മുൻപ് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിൻ്റെ പേരിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം പിഴച്ചുങ്കം കൂടിയായതോടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി ഉയർന്നു.
കയറ്റുമതി മേഖലയെ ബാധിക്കും
യുഎസിൻ്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും ഹൃസ്വകാലത്തേക്ക് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തുണിത്തരങ്ങൾ, തുന്നിയ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകലുൽപ്പന്നങ്ങൾ, ചെരുപ്പ്, രാസവസ്‌തുക്കൾ, വൈദ്യുത-മെക്കാനിക്കൽ യന്ത്രങ്ങൾ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വർധന കൂടുതൽ ബാധിക്കുക. മരുന്ന്, ഊർജോത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.
യുഎസ്സിന്റെ ഈ കടുത്ത നിലപാടിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Trump's advisor warns India on Russian oil trade.
#USIndia, #TradeWar, #DonaldTrump, #Tariff, #Economy, #India