UCC Bill | 'ജയ് ശ്രീറാം' വിളികൾക്കിടയിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ശബ്ദവോട്ടോടെ പാസാക്കി; വിജ്ഞാപനം വന്നാലുടൻ നിയമമാകും; മറ്റ് സംസ്ഥാനങ്ങളും സമാനമായ പാതയിലൂടെ സഞ്ചരിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

 


ഡെറാഡൂൺ: (KVARTHA) ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് (UCC) ബിൽ ശബ്ദവോട്ടോടെ പാസാക്കി. വിജ്ഞാപനം വന്നാലുടൻ ഈ ബിൽ നിയമമാകും. ഇതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ചൊവ്വാഴ്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് കരട് ബിൽ സഭയിൽ അവതരിപ്പിച്ചത്. നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ 'ജയ് ശ്രീറാം' വിളികൾക്കിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
  
UCC Bill | 'ജയ് ശ്രീറാം' വിളികൾക്കിടയിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ശബ്ദവോട്ടോടെ പാസാക്കി; വിജ്ഞാപനം വന്നാലുടൻ നിയമമാകും; മറ്റ് സംസ്ഥാനങ്ങളും സമാനമായ പാതയിലൂടെ സഞ്ചരിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഇതൊരു സാധാരണ ബില്ലല്ലെന്ന് നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ നിർമ്മാതാക്കൾ മുന്നോട്ടുവെച്ച അഭിലാഷങ്ങളും ആദർശങ്ങളും നിറവേറ്റുന്നതിന് രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളും സമാനമായ പാതയിലൂടെ സഞ്ചരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ഇതിനെതിരെ എതിർപ്പ് ഉന്നയിച്ചിരുന്നു.
ചരിത്രം സൃഷ്ടിച്ച ഉത്തരാഖണ്ഡ് നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും യു.സി.സിയുടെ കരട് തയ്യാറാക്കിയ കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും സംസ്ഥാനത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ (മുൻ ട്വിറ്റർ) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി കുറിച്ചു. 'വൈകാതെ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. രാഷ്ട്രപതി ഒപ്പിട്ടാലുടൻ ഇത് ഒരു നിയമമായി സംസ്ഥാനത്ത് നടപ്പാക്കും', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ബിൽ തയ്യാറാക്കിയത് . ഫെബ്രുവരി രണ്ടിന് സമിതി ഉത്തരാഖണ്ഡ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ പ്രക്രിയ, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വ്യവസ്ഥകൾ ഏക സിവിൽ കോഡ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Keywords:  News, News-Malayalam-News, National, National-News, Uniform Civil Code Bill passed by voice vote in Uttarakhand Assembly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia