മുംബൈ മോഡലിനെ പീഡിപ്പിച്ച പാക്കിസ്ഥാന് അമ്പയര്‍ കുടുങ്ങി
Aug 15, 2012, 18:56 IST
മുംബൈ: മുംബൈ മോഡലിനെ പീഡിപ്പിച്ച പാക്കിസ്ഥാന് അമ്പയര്‍ കുടുങ്ങി. വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചതായി മുംബൈയില്‍ മോഡലായ ലീന കപൂര്‍ പാക്കിസ്ഥാന് അമ്പയറായ ആസാദ് റൗഫിനെതിരെയാണ് പരാതി നല്കിയത്.
ആറു മാസങ്ങളായി താനും ആസാദ് റൗഫുമായി പ്രണയത്തിലായിരുന്നുവെന്ന് ഇരുപത്തിയൊന്നുകാരിയായ ലീന വെളിപ്പെടുത്തി. തന്നെ വിവാഹം കഴിക്കാമെന്ന് ആസാദ് റൗഫ് ഉറപ്പുനല്കിയിരുന്നതായി ലീന പരാതിയില്‍ പറയുന്നു. ആസാദ് റൗഫ് തന്നില് നിന്നും അകലാന് ശ്രമിക്കുകയാണെന്നും പിന്മാറുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് ദിഘാവ്കറിന് നല്‍കിയ പരാതിയില്‍ ലീന വെളിപ്പെടുത്തി.
ആസാദ് റൗഫിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കാന് കൂട്ടാക്കിയില്ല. കഴിഞ്ഞ ആഴ്ച ആസാദ് റൗഫ് തന്നെ വിളിക്കുകയും തന്നെ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും ലീന അറിയിച്ചു.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ വച്ചാണ് റൗഫിനെ ആദ്യമായി കണ്ടുമുട്ടിയത്. സുഹൃത്തു മുഖേന പരിചയപ്പെട്ട തങ്ങള്‍ മൊബൈല്‍ നമ്പറുകള് പരസ്പരം കൈമാറുകയും മൂന്നു ദിവസം ഒരുമിച്ച് ഭാര്യഭര്ത്താക്കന്മാരെ പോലെ താമസിക്കുകയും ചെയ്തിരുന്നു. തനിക്ക് സുഖമില്ലാതിരുന്നപ്പോള് റൗഫ് മുംബൈയില്‍ എത്തുകയും അപ്പോള് തങ്ങള്‍ കൂടുതല്‍ അടുക്കുകയുമായിരുന്നു. റൗഫ് വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായിരുന്നു. എന്നാല് തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്കിയിരുന്നു. ഒന്നില്‍ക്കൂടുതല്‍ വിവാഹം റൗഫിന്റെ മതത്തില്‍ അനുവദനീയമായതിനാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയിച്ചതെന്നും ലീന വെളിപ്പെടുത്തി.
രണ്ടാം വിവാഹം കഴിക്കുന്നതില് കുടുംബത്തിന് എതിര്പ്പുണ്ടാകില്ലെന്നും റൗഫ് അറിയിച്ചിരുന്നു. എനിക്ക് മുംബൈയില്‍ ഒരു ഫ്ളാറ്റ് നല്‍കാമെന്നും റൗഫ് വാഗ്ദാനം നല്കിയിരുന്നു. എന്നാല് തിരക്കുള്ള മോഡലായ തനിക്ക് റൗഫിന്റെ പണം ആവശ്യമില്ലെന്നാണ് അറിയിച്ചത്. താന്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം മാത്രം മതി തനിക്ക് ജീവിക്കാനെന്ന് ലീന പരാതിയില്‍ വ്യക്തമാക്കി.
റൗഫ് ലീനയുടെ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചതായി പാകിസ്ഥാനിലെ ഒരു വൈബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടിയാണ് താനുമായി ബന്ധപ്പെടുത്തി ലീന ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് റൗഫ് അറിയിച്ചതായും വെബ്സൈറ്റിന്റെ റിപ്പോര്ട്ടില് പറയുന്നു.
ലീനയുടെ പരാതി ലഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് ദിഘാവ്കര് അറിയിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാനും തുടര്‍ന്ന് നടപടിയെടുക്കാനും മുതിര്ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഐസിസി അമ്പയറായ റൗഫ് 44 ടെസ്റ്റ് മത്സരങ്ങളും 95 ഏകദിന മത്സരങ്ങളും 17 ട്വന്റി ട്വന്റി മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. അംപയറാകുന്നതിനു മുമ്പ് റൗഫ് പാകിസ്ഥാനില്‍ ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്ററായിരുന്നു. ലീനയുടെ കൈവശം തെളിവായി റൗഫ് ആസാദുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും അവര് സൂചിപ്പിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും ഇവരുടെ പക്കലുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.