Key Decisions | 'അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം, മറ്റൊരു ജെൻഡറില്ല', അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ 5 സുപ്രധാന പ്രഖ്യാപനങ്ങൾ


● അമേരിക്കയുടെ സുവർണകാലം ഇന്ന് മുതൽ ആരംഭിക്കുകയാണ്
● യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.
● പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കാൻ ആലോചന.
● അമേരിക്കയെ പുതിയ ഉയരങ്ങളിലേക്ക്.
● പശ്ചിമേഷ്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുകയും സമാധാനം കൊണ്ടുവരുകയും ചെയ്യുന്ന നേതാവായി താൻ മാറും.
വാഷിംഗ്ടൺ: (KVARTHA) ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അധികാരമേറ്റപ്പോൾ തന്നെ തന്റെ പ്രവർത്തനം എങ്ങനെയിരിക്കുമെന്ന വ്യക്തമായ നയപ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. നിരവധി ദേശീയ നേതാക്കൾ, ലോകമെമ്പാടുമുള്ള വ്യവസായികൾ, മുൻ യുഎസ് പ്രസിഡൻ്റുമാരായ ബരാക് ഒബാമ, ജോർജ് ബുഷ്, ബിൽ ക്ലിൻ്റൺ തുടങ്ങിയവർ ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
'അമേരിക്കയുടെ സുവർണകാലം ഇന്ന് മുതൽ ആരംഭിക്കുകയാണ്', എന്ന് അദ്ദേഹം പ്രസംഗത്തിൽ പ്രഖ്യാപിച്ചു. നമ്മുടെ രാജ്യം ഇനി സമൃദ്ധവും ആദരണീയവുമായിരിക്കും. ഞാൻ എപ്പോഴും അമേരിക്കയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ദിവസം തന്നെ, കുടിയേറ്റം, ഊർജം, സമ്പദ്‌വ്യവസ്ഥ, ലിംഗഭേദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ട്രംപ് ഒപ്പിടാൻ പോകുകയാണ്.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ
യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ഉത്തരവിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത പ്രവേശനം ഉടൻ അവസാനിപ്പിക്കുമെന്നും ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, അതിർത്തിയിൽ കൂടുതൽ സൈനികരെയും വിഭവങ്ങളെയും വിന്യസിക്കാനുമുള്ള പദ്ധതികളും പരാമർശിച്ചു. ഇതുകൂടാതെ, മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടലാക്കി എന്നാക്കി മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
പനാമ കനാലിന്റെ നിയന്ത്രണം
പനാമ കനാലിനെ 'ഒരു മണ്ടൻ സമ്മാനം' എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയാണ് പനാമ കനാൽ പ്രവർത്തിപ്പിക്കുന്നത്. ഞങ്ങൾ ഇത് ചൈനയ്ക്ക് നൽകിയിട്ടില്ല, അത് തിരിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപ് പനാമയോട് പനാമ കനാലിൻ്റെ ഫീസ് കുറയ്ക്കണമെന്നും അല്ലെങ്കിൽ അതിൻ്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
പനാമ കനാൽ പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട കപ്പൽ ചാലാണ്. ഇത് പനാമയുടെ ഭരണത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. 1914 ൽ കനാൽ തുറന്നതുമുതൽ അമേരിക്കയുടെ വലിയ സ്വാധീനം ഇതിൽ ഉണ്ടായിരുന്നു. 1999 ഡിസംബർ 31 വരെ അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു ഈ കനാൽ. പിന്നീട് പനാമയ്ക്ക് അതിന്റെ പൂർണ നിയന്ത്രണം ലഭിച്ചു.
അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ ചൊവ്വയിലേക്ക്
അമേരിക്കയെ പുതിയ ഉയരങ്ങളിലേക്കും മികച്ച വിജയങ്ങളിലേക്കും കൊണ്ടുപോകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക സമ്പത്ത് വർധിപ്പിക്കുമെന്നും പ്രദേശം വികസിപ്പിക്കുമെന്നും ചൊവ്വയിൽ പതാക ഉയർത്തുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം
പശ്ചിമേഷ്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുകയും സമാധാനം കൊണ്ടുവരുകയും ചെയ്യുന്ന നേതാവായി താൻ മാറുമെന്ന് ഡൊണാൾഡ് ട്രംപ് പ്രസംഗത്തിൽ നയം വ്യക്തമാക്കി. ഗസ്സയിൽ ഹമാസ് വിട്ടയച്ച മൂന്ന് ഇസ്രാഈലി ബന്ദികളെയും അദ്ദേഹം പരാമർശിച്ചു. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു
അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം
പൊതു-സ്വകാര്യ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ജാതിയും ലിംഗഭേദവും ഉൾപ്പെടുത്തുന്ന നിലവിലെ നയം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതും ശ്രദ്ധേയമായി. അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെൻഡറുകളെ ആണും പെണ്ണുമായി മാത്രം പരിമിതപ്പെടുത്തി മറ്റ് 'റാഡിക്കലും പാഴുമായ' വൈവിധ്യങ്ങൾ അവസാനിപ്പിക്കാനുള്ള ഓർഡറുകളിൽ ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ഒദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
Trump's major announcements after taking power include changes to immigration, Panama Canal control, space exploration, gender identity, and Middle East peace.
#Trump #USNews #PresidentialAnnouncement #Immigration #PanamaCanal #GenderPolicy