Tripura Election Result |ത്രിപുരയില്‍ 30 സീറ്റില്‍ ലീഡ് ചെയ്ത് ഭരണ തുടര്‍ച ഉറപ്പാക്കി ബിജെപി; സിപിഎം-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ മുന്നില്‍; മറ്റുള്ളവയുടെ നിലവാരം അറിയാം

 


അഗര്‍ത്തല: (www.kvartha.com) ആവേശകരമായ തിരഞ്ഞെടുപ്പു പോരാട്ടം നടക്കുന്ന ത്രിപുരയില്‍, തുടര്‍ഭരണം ഉറപ്പാക്കി ബിജെപിയുടെ കുതിപ്പ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണ്ട ത്രിപുരയില്‍, 30 സീറ്റുകളിലാണ് പാര്‍ടി ലീഡ് ചെയ്യുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപിയാണ്. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ മുന്നിലാണ്. ഇതില്‍ 13 സീറ്റില്‍ സിപിഎം ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത പാര്‍ടി 10 സീറ്റുകളില്‍ മുന്നിലാണ്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലുണ്ട്.

Tripura Election Result |ത്രിപുരയില്‍ 30 സീറ്റില്‍ ലീഡ് ചെയ്ത്  ഭരണ തുടര്‍ച ഉറപ്പാക്കി ബിജെപി; സിപിഎം-കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ മുന്നില്‍; മറ്റുള്ളവയുടെ നിലവാരം അറിയാം

60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത പാര്‍ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന സൂചനകളാണ് വോടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്നത്.

ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടും സിപിഎം കൂടുതല്‍ ക്ഷീണിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ ജയിച്ച സിപിഎം, നിലവില്‍ 11 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. അതേസമയം, സഖ്യത്തിന്റെ നേട്ടം ലഭിച്ച കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്ന് അഞ്ച് സീറ്റില്‍ മുന്നിലാണ്. രാഹുലിന്റെയും കൂട്ടരുടേയും പ്രയത്‌നം ഫലം കണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത പാര്‍ടി സിപിഎമിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത പാര്‍ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതുകോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇവര്‍ക്ക് കിട്ടേണ്ട വോടുകളാണ് തിപ്ര മോത പാര്‍ടിക്ക് ലഭിച്ചിരിക്കുന്നത്.

ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ആറു സീറ്റിലും മത്സരിക്കുന്നു. സിപിഎമിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നുണ്ട്.

Keywords: Tripura Election Result: BJP set to retain power; reaches halfway mark in latest trends, Tripura, News, BJP, Assembly Election, Congress, CPM, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia