'എന്റെ പാത മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ പാഠം പഠിപ്പിക്കും, നിങ്ങളുടെ എല്ല് ഞാന്‍ ഒടിക്കും'; പശ്ചിമ ബംഗാളില്‍ പരസ്പരം പോരടിച്ച് തൃണമൂല്‍ എംഎല്‍എമാര്‍, ഭീഷണിപ്പെടുത്തിയ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോടീസ്
Jul 31, 2021, 14:19 IST
കൊല്‍ക്കത്ത: (www.kvartha.com 31.07.2021) പശ്ചിമ ബംഗാളില്‍ ആഭ്യന്തര കലഹത്തില്‍ പരസ്പരം പോരടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍. ഒരു തൃണമൂല്‍ എം എല്‍ എ മറ്റൊരു എം എല്‍ എയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. വെള്ളിയാഴ്ചയാണ് സംഭവം പരസ്യമായത്.
ടെലിവിഷന്‍ ചാനലുകളില്‍ വന്‍തോതില്‍ പ്രചരിച്ച വിഡിയോയില്‍ ഭരത്പുരിലെ തൃണമൂല്‍ എം എല്‍ എ ഹുമയൂണ്‍ കബീര്‍ പാര്‍ടി പരിപാടിക്കിടെ ഭീഷണി മുഴക്കുന്നത് കാണാം. ആലം ചൗധരി എന്ന എം എല്‍ എയുടെ എല്ലൊടിക്കുമെന്നായിരുന്നു വിഡിയോയിലെ പരാമര്‍ശം.
'റെജിനഗര്‍ എം എല്‍ എ രബിയുള്‍ ആലം ചൗധരി അഹങ്കാരിയാണെന്നതില്‍ സ്വയം അഭിമാനിക്കുന്നു. നിങ്ങള്‍ എന്റെ പാത മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ ഒരു പാഠം ഞാന്‍ പഠിപ്പിക്കും. നിങ്ങളുടെ എല്ല് ഞാന്‍ ഒടിക്കും' -എന്നായിരുന്നു ഹുമയൂണിന്റെ പരാമര്‍ശം.
ഹുമയൂണിന്റെ ഭീഷണിക്കെതിരെ ആലം ചൗധരി എം എല്‍ എയും രംഗത്തെത്തി. 'ഞാനും നിങ്ങളും ഒരേ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. നിങ്ങള്‍ വെള്ളത്തില്‍ ജീവിക്കുന്നയാളാണെങ്കില്‍ മുതലയുമായി പോരിനിറങ്ങരുത്' -എന്നായിരുന്നു എം എല്‍ എയുടെ പ്രതികരണം.
സംഭവത്തെക്കുറിച്ച് മുതിര്‍ന്ന നേതൃത്വത്തിനെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജിയുടെ വിശ്വസ്തനായ അനുയായിയെന്ന നിലയില്‍ പാര്‍ടി തീരുമാനിക്കുന്നത് അനുസരിക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലമായി തുറന്ന പോരിലായിരുന്നു ഇരു എം എല്‍ എമാരും. പാര്‍ടി മുന്നിട്ടിറങ്ങി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ഹുമയൂണിന് കാരണം കാണിക്കല്‍ നോടീസ് അയച്ചതായി തൃണമൂല്‍ ജനറല്‍ സെക്രടറി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
ഭരത്പുരിലെ മുതിര്‍ന്ന പാര്‍ടി പ്രവര്‍ത്തകരില്‍ ഒരാളാണ് ഹുമയൂണ്‍. കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയയാളാണ് ഇദ്ദേഹം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.