Train Accident | ട്രെയിന്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു; നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ തടിതപ്പുന്നു; യഥാര്‍ത്ഥ വില്ലനാര്?


ആട് മാടുകളെ കൊണ്ടുപോകും പോലെ കുത്തിനിറച്ചാണ് പാസഞ്ചര്‍ ട്രെയിനുകളടക്കം യാത്രക്കാരുമായി കുതിക്കുന്നത്
Train Tragedy Becomes Sequel; ; Who is real villain?
Train Accident | ട്രെയിന്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു; നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ തടിതപ്പുന്നു; യഥാര്‍ത്ഥ വില്ലനാര്?
ആദിത്യന്‍ ആറന്മുള
ന്യൂഡല്‍ഹി: (KVARTHA) ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വന്ദേഭാരത് പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കുകയും മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുകയാണെന്ന് സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് ആക്ഷേപം. ഗുരുതരമായ ചികിത്സയ്ക്ക് പകരം തൊലിപ്പുറത്ത് മരുന്ന് തേയ്ക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന സ്ഥാപനമായി റെയില്‍വേ മാറിയിരിക്കുന്നു. ജീവനക്കാരെ നിയമിക്കാതെയും ഉള്ളവര്‍ക്ക് അധിക ജോലി നല്‍കിയുമാണ് കേന്ദ്രസര്‍ക്കാര്‍ അഭ്യാസം കാണിക്കുന്നത്.
കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഇടിച്ചുകയറിയ ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തുടര്‍ച്ചയായി അഞ്ച് ദിവസമാണ് രാത്രി ഡ്യൂട്ടി നല്‍കിയത്. ഇത് വളരെ ഗുരുതരമായ വീഴ്ചയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന യാത്രക്കാര്‍ ലോക്കല്‍ ട്രെയിനുകളിലും റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചുകളിലുമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് ഇന്ത്യന്‍ റെയില്‍വേയുടെ നട്ടെല്ല്. ഇവരുടെ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. ആവശ്യത്തിന് കോച്ചുകളോ, തീവണ്ടികളോ അനുവദിക്കാറില്ലെന്ന് അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച വീഡിയോകളില്‍ നിന്ന് മനസ്സിലാക്കാം.
ആട് മാടുകളെ കൊണ്ടുപോകും പോലെ കുത്തിനിറച്ചാണ് പാസഞ്ചര്‍ ട്രെയിനുകളടക്കം യാത്രക്കാരുമായി കുതിക്കുന്നത്. നിവൃത്തികേടുകൊണ്ട് കക്കൂസിലും വാതില്‍പ്പടിയിലും നിന്നും ഇരുന്നും യാത്ര ചെയ്യുന്നവരുമുണ്ട്. വന്‍കിട നഗരങ്ങളിലെല്ലാം ഇത് പതിവ് കാഴ്ചയാണ്. തിരക്ക് കൂടുന്നതിന് അനുസരിച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. റെയില്‍വേയ്ക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ചിരുന്ന നാടാണ് ഇന്ത്യ. മോദി വന്നതോടെ അതെല്ലാം തൂത്തെറിഞ്ഞു. പൊതുബജറ്റില്‍ റെയില്‍വേയെയും ഉള്‍പ്പെടുത്തി.
തുടര്‍ച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്നു. 2023 ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോനിന് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. 295 പേര്‍ കൊല്ലപ്പെടുകയും 1,100-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍, കോറോമാണ്ടല്‍ എക്‌സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ഹൗറ എസ്എഫ് എക്‌സ്പ്രസ് എന്നിവ ഒരു ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാലാമത്തെ റെയില്‍ ദുരന്തമാണിത്.
പാസഞ്ചര്‍ ട്രെയിനിന്റെ ഉയര്‍ന്ന വേഗതയും ഗുഡ്സ് ട്രെയിനിന്റെ അമിതഭാരവും കാരണം, ഇടിയുടെ ആഘാതത്തില്‍ കോറമാണ്ടല്‍ എക്സ്പ്രസിന്റെ 21 കോച്ചുകള്‍ പാളം തെറ്റുകയും അവയില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിലൂടെ എതിരെ വന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. കോറോമാണ്ടല്‍ എക്സ്പ്രസ് പൂര്‍ണ വേഗതയില്‍ പ്രധാന പാളത്തിന് പകരം കടന്നുപോകുന്ന ലൂപ്പ് ലൈനില്‍ പ്രവേശിച്ച് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഇലക്ട്രോണിക് സിഗ്‌നലിങ്ങിലെ പിഴവ് മൂലം ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗില്‍ വന്ന മാറ്റമാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ഇതേ മന്ത്രി തന്നെയാണ് ഇപ്പോഴും റെയില്‍വേ ഭരിക്കുന്നത്. അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഉള്‍പ്പെടെ അന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4,500 കിലോമീറ്റര്‍ പാളങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയും 10,000 കിലോമീറ്റര്‍ ട്രാക്ക് അടിയന്തിരമായി നന്നാക്കേണ്ടതുമുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. 1,03,395 കോടി രൂപയുടെ കുറവുണ്ടെന്നാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിഎജി കണ്ടെത്തിയത്. പഴക്കംചെന്ന കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, പാളങ്ങള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നതിന് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 94,873 കോടി രൂപയുടെ കരുതല്‍ ഫണ്ട് ആവശ്യമായിരുന്നു.
ഇതില്‍ 58,459 കോടി രൂപ ട്രാക്ക് നവീകരണത്തിനുള്ളതായിരുന്നു. 671.92 കോടിരൂപയാണ് റെയില്‍ മന്ത്രാലയം അനുവദിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ യാതൊരു തരത്തിലും നീതികരിക്കാനാകാത്ത കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആരോപണം. ഇക്കാര്യങ്ങളൊക്കെ പുറത്തുകൊണ്ടുവരുകയും ചര്‍ച്ച നടത്തുകയും ചെയ്യേണ്ട ദേശീയ മാധ്യമങ്ങളടക്കം വന്ദേഭാരതിന് പിന്നാലെയാണ്. പ്രധാനമന്ത്രി ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തുന്നത് പോലെയുള്ള ഗിമ്മിക്‌സുകളാണ് അവര്‍ക്ക് പ്രധാനം.
നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷം 2017ല്‍ റെയില്‍വേ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രാഷ്ട്രീയ റെയില്‍ സംരക്ഷണ ഘോഷ് എന്ന പ്രത്യേക ഫണ്ട് അനുവദിച്ചു. വലിയ വാര്‍ത്തയായി ഇത് മാറുകയും ചെയ്തു. ഫണ്ട് സുരക്ഷയ്ക്ക് ചെലവഴിക്കുന്നതിന് പകരം പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, കാല്‍ മസാജിംഗിനുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങി കമ്മീഷന്‍ അടിക്കുകയാണ് ചെയ്തത്. പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിവെച്ച ഫണ്ടിന്റെ ചെറിയൊരു ഭാഗം മാത്രമേ ചെലവഴിച്ചുള്ളൂ എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. അടുത്തകാലത്തുണ്ടായ ട്രെയിന്‍ അപകടങ്ങളെ പറ്റി സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കണ്ടെത്തലുകള്‍ പാര്‍ലമെന്റില്‍ വയ്ക്കണമെന്നും ഫൈനാന്‍സിയല്‍ അക്കൗണ്ടബിലിറ്റി നെറ്റ് വര്‍ക്ക് എന്ന സംഘടന ആവശ്യപ്പെട്ടു.
വന്ദേഭാരത് പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന ട്രെയിനുകള്‍ കൊട്ടിഘോഷിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പരമപ്രധാനമായ സുരക്ഷ പോലുള്ള കാര്യങ്ങളില്‍ റെയില്‍വേ മന്ത്രാലയത്തിന് യാതൊരു ആശങ്കയുമില്ലെന്ന് സംഘടന ആരോപിക്കുന്നു. പശ്ചിമബംഗാളിലെ രംഗപാണി റെയില്‍വേ സ്റ്റേഷനില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന് പിന്നില്‍ ചരക്ക് തീവണ്ടിയിടിച്ച് പത്തോളം പേര്‍ മരിച്ചതിന് പിന്നാലെയാണ് അപകടങ്ങളെ കുറിച്ചുള്ള അന്വേഷണം സംഘടന ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. രണ്ട് സംഭവങ്ങളിലും യാത്രക്കാരുള്‍പ്പെടെ മരിച്ചു.
അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രി പദത്തിലിരിക്കുമ്പോഴാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. അപകടത്തിന് ശേഷം, ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലാകുമ്പോള്‍ റെഡ്‌സിഗ്നല്‍ മറികടക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ നല്‍കിവരുന്ന അനുമതി പത്രം കിഴക്കന്‍മേഖല റെയില്‍വേ റദ്ദാക്കി. തീരുമാനം മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. അതായത് ഉത്തമാ... എല്ലാം ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് നൈസായിട്ട് തലയൂരാനുള്ള സര്‍ക്കാര്‍ നീക്കമല്ലേ?
കാഞ്ചന്‍ജംഗ ദുരന്തത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും അതീവഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് അരലക്ഷവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ, സിഗ്‌നല്‍ സംവിധാനം കാര്യക്ഷമമാക്കുക, ട്രാക്ക് ആധുനികവല്‍ക്കരിക്കുക എന്നിവയ്ക്ക് മതിയായ ഫണ്ട് അനുവദിക്കാതെ, അപകടത്തില്‍ ആളുകള്‍ മരണപ്പെട്ട ശേഷം നഷ്ടപരിഹാരം നല്‍കുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുകയാണ്. പ്രതിപക്ഷനേതാക്കളടക്കം ഇത് ഉന്നയിച്ചുകഴിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അത് ചെയ്യാതെ, ജീവന്‍ നഷ്ടപ്പെടുത്തിയ ശേഷം ചില്ലിക്കാശ് ബന്ധുക്കളുടെ കീശയില്‍ വച്ചുകൊടുക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ കൊല്ലം ജൂണില്‍ ഒഡീഷയിലുണ്ടായ അപകടം റെയില്‍വെയുടെ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെയും ഗുരുതരമായ വീഴ്ചയായിരുന്നു. അന്വേഷണത്തില്‍, ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ലൊക്കേഷന്‍ ബോക്‌സിന്റെ വയറിംഗിലെ തകരാര്‍ അഞ്ച് കൊല്ലമായി പരിഹരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. റെയില്‍ സുരക്ഷാ കമ്മീഷന്‍ (സിആര്‍എസ്) റിപ്പോര്‍ട്ട് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് വീഴ്ചവരുത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ റെയില്‍വേ എത്രപരിതാപകരമാണ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ?
വന്ദേഭാരത് പോലെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പദ്ധതികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, സുരക്ഷ സംബന്ധിച്ച യാതൊരാശങ്കയും അവര്‍ക്കില്ലെന്നും സംഘടന ആരോപിക്കുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവനക്കാരെ ബലിയാടാക്കുകയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്ത് തടിതപ്പുന്നതിന് പകരം യഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സുസ്ഥിരമായ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ ദുരന്തങ്ങള്‍ ഇനിയും തുടര്‍ക്കഥയാകും.