Doctors Trapped | ഹിമാചലില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മലയാളി ഡോക്ടര്‍മാരുള്‍പെടെയുള്ളവരുടെ യാത്രാ സംഘം; 45 പേരും സുരക്ഷിതരെന്ന് റിപോര്‍ട്
Jul 10, 2023, 17:17 IST
ന്യൂഡെല്‍ഹി : (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പെടെ നിരവധി പേര്‍ കുടുങ്ങിയതായി റിപോര്‍ട്. യാത്രക്കാരുമായി പോയ ബസ് ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറില്‍ കുടുങ്ങിയത്.
ജൂണ്‍ 27 നാണ് തൃശൂര്‍ മെഡികല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ 18 അംഗ സംഘം യാത്ര പുറപ്പെട്ടത്. ട്രെയിന്‍ മാര്‍ഗം ആഗ്ര എത്തി അവിടെ നിന്ന് ഡെല്‍ഹിയിലേക്കും ഡെല്‍ഹിയില്‍ നിന്ന് അമൃതസര്‍ തുടര്‍ന്ന് മണാലി, സ്പിറ്റ് വാലിയിലേക്കും പോയിരുന്നു. ഘീര്‍ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയില്‍ കുടുങ്ങിയത്.
ബസിന്റെ ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുടുങ്ങിയത്. ഇവര്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി. സുരക്ഷിതമായി കാംപിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡികല്‍ കോളജ് ആശുപത്രിയിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങി കിടക്കുന്നത്. വൈകിട്ട് 4 മണിക്ക് തിരിച്ച് പുറപ്പെടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഡെല്‍ഹി കേരള ഹൗസ് അധികൃതരുമായി വിദ്യാര്‍ഥികള്‍ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേര്‍ന്ന് ശ്രമം തുടരുകയാണെന്നും കെവി തോമസ് പറഞ്ഞു. അതേസമയം, പ്രദേശത്ത് നിലവില്‍ മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാല്‍ കസോളില്‍ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ഡെല്‍ഹിയിലേക്ക് പുറപ്പെടുമെന്നും തിരുവനന്തപുരം ലിയോ ട്രാവല്‍ ഏജന്‍സി അറിയിച്ചു.
അതിനിടെ, ഉത്തരേന്‍ഡ്യയില്‍ കാലവര്‍ഷ കെടുതികളില്‍ 50 ല്‍ അധികം മരണം റിപോര്‍ട് ചെയ്തിട്ടുണ്ട്. ഡെല്‍ഹി, രാജസ്താന്‍, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ജമു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസമായി കനത്തമഴ തുടരുകയാണ്. ഡെല്‍ഹിയില്‍ നാലു പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ് (153 എംഎം) 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഡെല്‍ഹിയിലെ റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ വ്യാപകമായി കടപുഴകി. വൈദ്യുതി തടസ്സപ്പെട്ടു.
ഞായറാഴ്ച (09.07.2023) ഹിമാചലില്‍ അഞ്ചുപേരും രാജസ്താനില്‍ നാലു പേരും ജമു കശ്മീരില്‍ പൂഞ്ചിലെ മിന്നല്‍പ്രളയത്തില്‍ രണ്ടു സൈനികരും ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയും അമ്മയും ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ദമ്പതികളും ഡെല്‍ഹിയില്‍ ഒരാളും മരിച്ചു. പൂഞ്ചില്‍ ജലാശയം മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ മിന്നല്‍പ്രളയത്തിലാണ് നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തേലുറാം എന്നിവര്‍ മരിച്ചത്.
36 മണിക്കൂറിനുള്ളില്‍ 13 മണ്ണിടിച്ചിലും ഒമ്പത് മിന്നല്‍ പ്രളയവുമാണ് ഹിമാചലില്‍ ഉണ്ടായത്. രവി, ബിയാസ്, സത്‌ലജ്, ചെനാബ് തുടങ്ങി നദികളെല്ലാം കരകവിഞ്ഞു. കുളുവില്‍ ബിയാസ് നദിയോട് ചേര്‍ന്നുള്ള ദേശീയപാതയുടെ ഒരുഭാഗം ഒഴുകിപ്പോയി. പല മേഖലകളെയും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ ടൂറിസ്റ്റുകള്‍ ഉള്‍പെടെ ഇരുനൂറിലധികം പേര്‍ കുടുങ്ങി.
സംസ്ഥാനത്ത് മഴക്കെടുതി മരണം 48 ആയി. 362 കോടിയുടെ നാശനഷ്ടം റിപോര്‍ട് ചെയ്തു. ഒഡിഷയില്‍ ആറുപേര്‍ മരിച്ചു. മയൂര്‍ഭഞ്ജ്, കേന്ദ്രപാര, ബാലസോര്‍ തുടങ്ങി ഒട്ടേറെ ജില്ലകളില്‍ സര്‍കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു. ശനിയാഴ്ച (08.07.2023) മഹാനദിയില്‍ ഒഴുക്കില്‍പെട്ട ബോടില്‍ നിന്ന് 70 പേരെ രക്ഷപ്പെടുത്തി. അടുത്ത ഏതാനും ദിവസങ്ങളില്‍ പശ്ചിമ മധ്യപ്രദേശിലും കിഴക്കന്‍ രാജസ്താനിലും അതിശക്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുണ്ട്.
അതിനിടെ, വെള്ളിയാഴ്ച (07.07.2023) നിര്‍ത്തിവെച്ച ജമു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഞായറാഴ്ച (09.07.2023) രാവിലെ പുനരാരംഭിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വൈഷ്ണോദേവി ക്ഷേത്ര ബോര്‍ഡ് ചീഫ് എക്സിക്യുടീവ് ഓഫീസര്‍ അന്‍ഷുല്‍ ഗാര്‍ഗ് പറഞ്ഞു.
Keywords: News, National, National-News, Tourists, Kerala, Stranded, Flood, Himachal Pradesh, Doctors, Tourists from Kerala stranded in flood in Himachal Pradesh; Team of 45 doctors safe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.