മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെനി ക്യുകിന് ഇന്‍ഗ്ലന്‍ഡില്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍കാര്‍

 



ചെന്നൈ: (www.kvartha.com 16.01.2022) മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെനി ക്യുകിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍കാര്‍. അദ്ദേഹത്തിന്റെ ജന്മനാടായ ബ്രിടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. 

ഇതുമായി ബന്ധപ്പെട്ട് കാംബര്‍ലിയിലെ തമിഴര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ചില്‍ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വിറ്റെറിലൂടെ അറിയിച്ചു. ജോണ്‍ പെനി ക്യുകിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. പെനി ക്യുക് ആത്മവിശ്വാസത്തോടെയാണ് അണക്കെട്ട് നിര്‍മിച്ചതെന്നും തേനി, ഡിണ്ടികല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ കാര്‍ഷിക-കുടിവെള്ള പ്രശ്‌നങ്ങള്‍ ഇതോടെ പരിഹരിക്കപ്പെട്ടെന്നും സ്റ്റാലിന്‍ അനുസ്മരിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വരള്‍ച പരിഹരിക്കാന്‍ 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ജോണ്‍ പെനി ക്യുകിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്. അണക്കെട്ട് നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍ ബ്രിടീഷ് സര്‍കാര്‍ പ്രോജക്ടിനാവശ്യമായ തുക നല്‍കാത്തതിനെ തുടര്‍ന്ന് പെനി ക്യുക് ഇന്‍ഗ്ലന്‍ഡിലുള്ള തന്റെ സ്വത്തുക്കള്‍ വില്‍ക്കുകയും ഈ തുക അണക്കെട്ട് നിര്‍മാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പംവച്ച് ആരാധിക്കപ്പെടുന്നയാളാണ് പെനി ക്യുക്. തമിഴ്‌നാട്ടില്‍ പലയിടത്തും അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ ജനറല്‍ പെനി ക്യുകിന്റെയും ഭാര്യ സാറയുടെയും മകനായി 1841ല്‍ മഹാരാഷ്ട്രയിലെ പൂനെയിലാണ് ജോണ്‍ പെനി ക്യുക് ജനിച്ചത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെനി ക്യുകിന് ഇന്‍ഗ്ലന്‍ഡില്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍കാര്‍


ഇന്‍ഗ്ലന്‍ഡിലെ ചെല്‍ടന്‍ഹാം കോളജില്‍ നിന്ന് വിദ്യാഭ്യാസം നേടി. അദ്ദേഹത്തിന്റെ പിതാവും മൂത്ത സഹോദരന്‍ അലക്സാന്‍ഡെറും ചിലിയന്‍വാല യുദ്ധത്തില്‍ പങ്കെടുത്തെന്നും 1849ലെ യുദ്ധത്തില്‍ ഇരുവരും മരിച്ചെന്നും ചരിത്രകാരന്മാര്‍ പറയുന്നു. സറേയിലെ അഡിസ്‌കോമ്പിലുള്ള ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി മിലിടറി കോളജില്‍ അദ്ദേഹം 1857ല്‍ ചേര്‍ന്നു.

മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപില്‍ ലെഫ്റ്റനന്റായി 1858ല്‍ പെനി ക്യുക് കമീഷന്‍ ചെയ്യപ്പെട്ടു. 1860ല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങുകയും ചെയ്തു. രാജ്ഞി 1895ല്‍ അദ്ദേഹത്തെ ഓര്‍ഡെര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്‍ഡ്യയിലേക്ക് നാമനിര്‍ദേശം ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ചീഫ് എന്‍ജിനീയറായി സേവനമനുഷ്ഠിച്ച അദ്ദേഹം മറ്റ് ബ്രിടീഷ് എന്‍ജിനീയര്‍മാര്‍ക്കൊപ്പമാണ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പെനി ക്യുകിന്റെ ദൃഢനിശ്ചയത്തിന്, സര്‍കാര്‍ ഉറച്ചപിന്തുണനല്‍കി. 1895ല്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി. 81,30,000 രൂപ ( എണ്‍പത്തൊന്നുലക്ഷത്തി മുപ്പതിനായിരം) അണക്കെട്ടിനായി ആകെ ചിലവായി.

Keywords:  News, National, India, Chennai, England, Mullaperiyar, Mullaperiyar Dam, TN govt to install statue of Mullaperiyar dam builder Pennycuick in UK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia