Annamalai | ബൈറ്റിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ 'കുരങ്ങന്‍മാരെന്ന്' വിളിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ; തെറ്റൊന്നും ചെയ്യാത്തതിനാല്‍ മാപ്പുപറയില്ലെന്നും വിശദീകരണം
Nov 1, 2022, 16:29 IST
ചെന്നൈ: (www.kvartha.com) ബൈറ്റിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തമിഴ്‌നാട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ 'കുരങ്ങന്‍മാരെന്ന്' വിളിച്ചതായി ആരോപണം. ഒക്ടോബര്‍ 27ന് ഗൂഢല്ലൂരില്‍ നടന്ന ബിജെപിയുടെ പരിപാടിക്കിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അണ്ണാണമലൈയുടെ 'കുരങ്ങ്' പരാമര്‍ശം ഉണ്ടായത്. അണ്ണാമലൈയുടെ ബൈറ്റിനു വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് സംഭവം.
കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി എം കെ സംസ്ഥാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജി നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.
അണ്ണാമലൈയുടെ വിശദീകരണം:
'ഇത് ഒളിയാക്രമണമാണോ? കുരങ്ങന്‍മാര്‍ മരത്തില്‍ കയറുന്നതുപോലെ നിങ്ങളെല്ലാവരും എന്നെ ചുറ്റിയിരിക്കുന്നത് എന്തിനാണ്? ഞാന്‍ കഴിക്കുന്നതിന് മുമ്പ് നിങ്ങളോട് ഭക്ഷണം കഴിക്കാന്‍ ഞാന്‍ ബഹുമാനപുരസ്‌കരം പറഞ്ഞതല്ലേ? സംസ്ഥാനത്തെ നായ്ക്കള്‍ക്കും പ്രേതങ്ങള്‍ക്കും കള്ള കച്ചവടക്കാര്‍ക്കും വരെ ചോദ്യങ്ങള്‍ ചോദിക്കാം. അതിനൊക്കെ ഞാന്‍ മറുപടി പറയണോ?'
സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഒക്ടോബര്‍ 30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിപോടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ അണ്ണാമലൈ വിസമ്മതിച്ചതായും റിപോര്‍ടുണ്ട്.
' ഞാന്‍ റിപോര്‍ടര്‍മാരെ കുരങ്ങന്‍മാരെന്ന് വിളിച്ചിട്ടില്ലെന്നും ബൈറ്റ് ചോദിച്ച ശേഷം എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ എന്തിനാണ് റിപോര്‍ടര്‍മാര്‍ കുരങ്ങന്‍മാരെപ്പോലെ ചാടുന്നതെന്നാണ് ചോദിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടും വ്യത്യസ്തമാണ്. ഞാന്‍ എവിടെയും കുരങ്ങന്‍ സഹോദരാ എന്നോ കുരങ്ങന്‍ റിപോര്‍ടര്‍ എന്നോ വിളിച്ചിട്ടില്ല. എനിക്കല്ലാതെ മറ്റാര്‍ക്കും എന്റെ വാക്കുകള്‍ മാറ്റാന്‍ പറ്റില്ല' എന്നും അണ്ണാമലൈ പറഞ്ഞതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നേരിട്ട് വിളിച്ചില്ലെങ്കിലും വാക്കുകളുടെ ഉദ്ദേശം അതുതന്നെയായിരുന്നുവെന്ന് പല മാധ്യമ പ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബി ജെ പി നേതാവ് അദ്ദേഹത്തിന്റെ നിലപാട് തുടരുകയായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍:
ആരാണ് ബഹുമാനപൂര്‍വം സംസാരിക്കാത്തത്? ആരെയെങ്കിലും കുരങ്ങന്‍ എന്ന് വിളിക്കുന്നതും കുരങ്ങനെപ്പോലെ എന്ന് പറയുന്നതും ഒരു പോലെയാണ് എന്ന് നിങ്ങള്‍ കരുതിയാല്‍ അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല'.
ഞാന്‍ മാപ്പ് പറയില്ല. ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. മാപ്പ് പറയുന്നത് എന്റെ രക്തത്തില്‍ ഇല്ല. ഞാന്‍ തെറ്റൊന്നും ചെയ്യാത്തപ്പോള്‍ എന്തിന് മാപ്പ് പറയണം? എന്റെ പ്രസ് മീറ്റുകള്‍ കവര്‍ ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്.
ആരെങ്കിലും കടുവയെപ്പോലെ നടന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍, അതിനര്‍ഥം നിങ്ങള്‍ കടുവയാണെന്നാണോ? നിങ്ങള്‍ ഒരു കടുവയാണോ? ശരി, നിങ്ങള്‍ ഒരു കടുവയെപ്പോലെ ചാടുക. ശബീര്‍ അഹ് മദ് എന്നോട് കടുവയെപ്പോലെ ഒരു ചോദ്യം ചോദിച്ചു എന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്നെ കടിക്കുമോ എന്ന് നോക്കാം? ഇവയെല്ലാം രൂപകങ്ങളാണ്.
Keywords: TN BJP Chief Annamalai says he didn't call journalists monkeys, Chennai, News, BJP, Politics, Press meet, Controversy, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.