Mukul Roy | 'തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ല'; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്
Apr 18, 2023, 09:27 IST
കൊല്‍കത: (www.kvartha.com) മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന് സുഭര്‍ഗ്ഷു റോയ്. തിങ്കളാഴ്ച വൈകുന്നേരം ഇന്‍ഡിഗോ വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ലെന്നാണ് മകന്റെ പരാതി. ജിഇ-898 വിമാനത്തിലാണ് മുകുള്‍ റോയി ഡെല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന് സുഭര്‍ഗ്ഷു റോയ് അവകാശപ്പെട്ടു.
രാത്രി 9.55ന് ഡെല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ഇതുവരെ പിതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സുഭര്‍ഗ്ഷു പറഞ്ഞു. എയര്‍പോര്‍ട് പൊലീസില്‍ മുകുള്‍ റോയിയെ കാണാതായത് സംബന്ധിച്ച പരാതിപ്പെട്ടതായാണ് മകന് പ്രതികരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ മകനുമായി വഴക്കുണ്ടായ ശേഷമാണ് മുകുള്‍ റോയി ഡെല്‍ഹിയിലേക്ക് പോയതെന്നാണ് ചില ബന്ധുക്കള്‍ പ്രതികരിക്കുന്നത്. ഭാര്യയുടെ മരണശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
68 വയസ് പ്രായമുള്ള മുകുള്‍ റോയി കഴിഞ്ഞ ഒന്നര കൊല്ലമായി സജീവ രാഷ്ട്രീയത്തിലില്ല. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്നു മുകുള്‍ റോയ്. മമത ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് 2017ല്‍ പാര്‍ടി വിട്ട മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
എന്നാല്‍ 2021ല്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ പദവിവരെയെത്തിയ മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുള്‍ റോയ് ബിജെപിയുമായി തെറ്റാന്‍ കാരണമായത്.
Keywords: News, National, National-News, West Bengal, Kolkata, Trinamool Congress, Politician, Missing, Complaint, Father, Son, TMC leader Mukul Roy is missing, says his son.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.