Bilkis Bano | എന്താണ് 19-ാം വയസിൽ ബിൽകീസ് ബാനുവിന്റെ ജീവിതത്തിൽ സംഭവിച്ചത്? ക്രൂരതയുടെയും നീതിക്കായുള്ള വർഷങ്ങളുടെ പോരാട്ടത്തിന്റെയും കഥ ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) ക്രൂരതയുടെയും നീതിക്കായുള്ള 22 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെയും കഥയാണ് ബിൽക്കീസ് ബാനു കേസ്. 11 പ്രതികളെയും വിട്ടയച്ചത് റദ്ദാക്കിയ തിങ്കളാഴ്ചത്തെ സുപ്രീം കോടതി വിധി ഇരയ്ക്ക് നൽകിയത് വലിയ ആശ്വാസമാണ് നൽകിയത്. 'നിയമം ലംഘിച്ച കുറ്റവാളികളെ തിരികെ ജയിലിലേക്ക് അയച്ചേ മതിയാകൂ. ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂ. നിയമവാഴ്ച ഉണ്ടെങ്കിൽ മാത്രമേ സമത്വമുണ്ടാകു. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണ്', എന്ന ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ വിധിയിലെ പരാമർശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗുജറാത്ത് കലാപത്തിന് ശേഷം ബിൽകീസ് ബാനു കൂട്ടബലാത്സംഗക്കേസ് ഒരു പ്രധാന വിഷയമായി തുടരുകയും സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസായി വേറിട്ടുനിൽക്കുകയും ചെയ്യുന്നു.

Bilkis Bano | എന്താണ് 19-ാം വയസിൽ ബിൽകീസ് ബാനുവിന്റെ ജീവിതത്തിൽ സംഭവിച്ചത്? ക്രൂരതയുടെയും നീതിക്കായുള്ള വർഷങ്ങളുടെ പോരാട്ടത്തിന്റെയും കഥ ഇങ്ങനെ

  എന്താണ് ബിൽക്കീസ് ബാനുവിന്റെ ജീവിതത്തിൽ സംഭവിച്ചത്?

2002 ഫെബ്രുവരി 27-ന് ഗോധ്രയിൽ സബർമതി ട്രെയിൻ തീവയ്പ്പിന് ശേഷം ഗുജറാത്ത് സംഘർഷഭരിതമായ കാലഘട്ടമാണ് അനുഭവിച്ചത്. അന്ന് ട്രെയിൻ ദുരന്തത്തിൽ 59 കർസേവകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതേത്തുടർന്നാണ് ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ, ബിൽക്കീസ് ബാനു എന്ന യുവതി തന്റെ മൂന്നര വയസുള്ള മകളോടും ഭർത്താവിനോടും മറ്റ് 15 കുടുംബാംഗങ്ങളോടും ഒപ്പം സുരക്ഷിതമായ ഇടം കണ്ടെത്തുന്നതിനായി രൺധിക്പൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് പലായനം ചെയ്തു. അഞ്ച് മാസം പ്രായമുള്ള ഗർഭിണിയായിരുന്നു അന്ന് 19 വയസുണ്ടായിരുന്ന ബിൽകീസ് ബാനു.

ബക്രീദ് ദിനത്തിൽ ദഹോദിലും പരിസര പ്രദേശങ്ങളിലും കലാപകാരികൾ നിരവധി വീടുകൾ കത്തിച്ചിരുന്നു. ഛപർവാദ് ജില്ലയിലാണ് ബൽകീസിന്റെ കുടുംബം സുരക്ഷ തേടിയത്. 2002 മാർച്ച് മൂന്നിന് ഛപർവാദ് ഗ്രാമത്തിലെത്തി വയലിൽ ഒളിച്ചു. നിർഭാഗ്യവശാൽ, അരിവാളുകളും വാളുകളും വടികളുമായി 20 മുതൽ 30 വരെ വ്യക്തികളുള്ള ഒരു സംഘം ബിൽകീസിനെയും കുടുംബത്തെയും ആക്രമിച്ചു. ഈ അക്രമികളിൽ 11 പേരും ബിൽകീസിനെ കൂട്ടബലാത്സംഗം ചെയ്തു. ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. ജീവിത്തിനും മരണത്തിനും ഇടയിലായ ബിൽകീസിനെ പിന്നീട് ഗോധ്ര ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അവിടെ നിന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കേസിന്റെ നാൾവഴികൾ

പരാതി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ പൊലീസ് കേസ് തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിൽകീസ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്തത്. കേസ് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിട്ടു. 18 പേർ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. പ്രതികളെ സഹായിക്കാൻ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് അഞ്ച് പൊലീസുകാരും രണ്ട് ഡോക്ടർമാരും ഇവരിൽ ഉൾപ്പെടുന്നു.

2004 ഓഗസ്റ്റിൽ തെളിവുകളിൽ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചും സാക്ഷികൾക്കുള്ള അപകടസാധ്യതകളെക്കുറിച്ചും ബിൽകീസ് ആശങ്ക പ്രകടിപ്പിച്ചു. തുടർന്നാണ് വിചാരണ അഹമ്മദാബാദിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ ഹൈക്കോടതി തീരുമാനിച്ചത്. 2008 ജനുവരിയിൽ ബലാത്സംഗം, ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വിവിധ കുറ്റങ്ങളിൽ 13 വ്യക്തികൾ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തി. ഇവരിൽ 11 പേർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു.

വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. 2017 മേയിൽ ബോംബെ ഹൈകോടതി 11 പ്രതികളുടെ ജീവപര്യന്തം ശരിവച്ചു. പിന്നീട് 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്
ഗുജറാത്ത് സർക്കാർ പതിനൊന്ന് പ്രതികളെയും മോചിപ്പിച്ചത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയും മുൻ സിപിഐ എംപി സുഭാഷിണി അലിയും ഉൾപ്പെടെയുള്ള പ്രമുഖർ 2022 ഓഗസ്റ്റിൽ പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചു.

തുടർന്ന്, 2022 നവംബറിൽ, 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽകീസ് ബാനു തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇതിനൊടുവിലാണ് പ്രതികളെ വിട്ടയക്കാൻ അനുമതി നൽകിയ ഹൈകോടതി ഉത്തരവ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ബിൽകീസ് ബാനു കേസിലെ പതിനൊന്ന് പ്രതികളുടെ അകാല മോചനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴമ്പുണ്ടെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. പ്രതികൾക്ക് കീഴടങ്ങാൻ സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Keywords: News, Malayalam, National, Bilkis Bano, Gujarat, Bombay High Court, Supreme Court, Timeline Of Bilkis Bano Case
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia