Railway | ഇന്ത്യയിലെ പേരില്ലാത്ത ഏക റെയിൽവേ സ്റ്റേഷൻ; രസകരമായ കാരണമുണ്ട്!


● പശ്ചിമ ബംഗാളിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
● 2008 മുതൽ പേരിടാത്ത റെയിൽവേ സ്റ്റേഷനാണിത്.
● ബാങ്കുര-മസഗ്രാം ആണ് കടന്നുപോകുന്ന ഒരേയൊരു ട്രെയിൻ.
കൊൽക്കത്ത: (KVARTHA) കണക്കുകൾ പ്രകാരം രാജ്യത്ത് 7300ലധികം റെയിൽവേ സ്റ്റേഷനുകളുണ്ട്. എന്നാൽ പേര് പോലുമില്ലാത്ത ഒരു റെയിൽവേ സ്റ്റേഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിചിത്രമെന്ന് തോന്നിയേക്കാം, പക്ഷേ പശ്ചിമ ബംഗാളിൽ അങ്ങനെയൊരു റെയിൽവേ സ്റ്റേഷനുണ്ട്. മഞ്ഞ നിറത്തിലുള്ള ബോർഡിൽ പേരിന് പകരം ശൂന്യത മാത്രം കാണാം! രാജ്യത്ത് പേരില്ലാത്ത ഒരേയൊരു റെയിൽവേ സ്റ്റേഷനാണിത്. അതിന് പിന്നിൽ കാരണവമുണ്ട്.
പേരിനായുള്ള പോര്
ബർദ്വാൻ ജില്ലയിൽ നിന്ന് 35 കിലോമീറ്റർ അകലെ റെയ്‌ന ഗ്രാമത്തിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പേരിടാത്തതിന് പിന്നിലെ കാരണം രസകരമാണ്. റെയ്‌ന, അയൽ ഗ്രാമമായ റെയ്‌നഗർ എന്നിവ തമ്മിൽ സ്റ്റേഷന്റെ പേരിനെച്ചൊല്ലിയുള്ള തർക്കമാണ് ഇതിന് കാരണം. മുമ്പ് ബാങ്കുര-ദാമോദർ നാരോ ഗേജ് പാത ഈ പ്രദേശത്തിലൂടെ കടന്നുപോയിരുന്നു. അന്ന് റെയിൽവേ സ്റ്റേഷൻ്റെ പേര് റായ്നഗർ എന്നായിരുന്നു.
എന്നാൽ 2008ൽ പാത ബ്രോഡ്‌ഗേജ് ലൈനായി മാറ്റിയപ്പോൾ, ഒരു പുതിയ റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചു. പുതിയ സ്റ്റേഷൻ റെയ്‌ന ഗ്രാമത്തിന്റെ പരിധിയിലായി. അങ്ങനെ റെയ്‌ന റെയിൽവേ സ്റ്റേഷൻ എന്ന് പേരിടാൻ തീരുമാനിച്ചു. പക്ഷേ, അയൽ ഗ്രാമമായ റെയ്‌നഗറിലെ ആളുകൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെ തർക്കം രൂക്ഷമായി. ഇപ്പോള്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്.
ഇന്നും പേരിട്ടില്ല
2008 മുതൽ, ഈ സ്റ്റേഷന് പേരിടാൻ കഴിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് ഇത് അത്ഭുതവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു. ബാങ്കുര-മസഗ്രാം ആണ് ആഴ്ചയിൽ ആറ് ദിവസം ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്ന ഒരേയൊരു ട്രെയിൻ. പുതിയ യാത്രക്കാർ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവർ എവിടെയാണ് എത്തിച്ചേർന്നതെന്ന് അറിയാതെ കുഴങ്ങുന്നു.
അതേസമയം ടിക്കറ്റുകളിൽ സ്റ്റേഷന്റെ പഴയ പേര് - റെയ്‌നഗർ എന്ന് ഇപ്പോഴും രേഖപ്പെടുത്തുന്നു. കടൽ നിരപ്പിൽ നിന്ന് 26 മീറ്റർ ഉയരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളമാണ് (77 കി.മീ).
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
A railway station in West Bengal remains nameless due to a long-standing dispute between two villages. Despite being functional, it poses confusion for passengers.
#IndianRailways #UniqueStation #WestBengal #Raina #Rainagar #NamelessStation