Midnight | എന്തുകൊണ്ട് ഇന്ത്യയ്ക്ക് അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം ലഭിച്ചു, ആരെങ്കിലും ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ?

 
India's independence, midnight handover, British rule, Jawaharlal Nehru, Mountbatten, Indian history

Representational Image Generated By Meta AI

ബ്രിട്ടന്റെയും ഇന്ത്യയുടെയും ഫ് ളാഗ് കോഡ് അനുസരിച്ച് രാത്രിയില്‍ പതാക പറത്തരുത്. അങ്ങനെ അര്‍ധരാത്രിയില്‍ അധികാരക്കൈമാറ്റം നടത്തിയാല്‍ പതാകച്ചടങ്ങ് ഒഴിവാക്കാം. 

ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15 ന് അര്‍ധരാത്രിയോടെയാണെന്ന വിവരം കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. എന്നാല്‍ എന്തുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിക്കാന്‍ അര്‍ധരാത്രിവരെ കാത്തിരുന്നത് എന്ന കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്ര പേര്‍ക്ക് ഇക്കാര്യം അറിയാം. 

 

1947 ഓഗസ്റ്റ് 14 ന് സന്ധ്യയോടെ ഇന്ത്യയിലെമ്പാടുമുള്ള സര്‍ക്കാര്‍ ഓഫിസുകളിലും സൈനികകേന്ദ്രങ്ങളിലും ഉയര്‍ത്തിയിരുന്ന യൂണിയന്‍ ജാക്ക് എന്നു വിളിക്കുന്ന ബ്രിട്ടിഷ് പതാക താഴ്ത്തിയിരുന്നു. രണ്ടു നൂറ്റാണ്ടോളമായി എന്നും നടന്നിരുന്ന ആ ചടങ്ങിന് അന്നു കാഴ്ചയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലായിരുന്നു. എന്നാല്‍ പതാക താഴ്ത്തുന്ന ഏവര്‍ക്കും ഒരു കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആ പതാക അടുത്ത ദിവസം രാവിലെ അവിടെ ഉയര്‍ത്തില്ല എന്ന കാര്യം. കാരണം അവിടെ ഉയരുന്നത് ബ്രിട്ടീഷ് പതാക ആവില്ല മറിച്ച് ഇന്ത്യന്‍ പതാക ആയിരിക്കും ഉയര്‍ത്തുന്നത്.


അധികാരക്കൈമാറ്റം അര്‍ധരാത്രിയില്‍ നടത്താന്‍ തീരുമാനിച്ചതുതന്നെ ആ കാരണത്താലാണെന്നാണു പറയപ്പെടുന്നത്. പകല്‍ ഏതെങ്കിലും സമയത്താണ് അധികാരക്കൈമാറ്റമെങ്കില്‍ ആ സമയം വരെ പറന്നിരുന്ന ബ്രിട്ടീഷ് പതാക താഴ്ത്തുകയും തൊട്ടുപിന്നാലെ ത്രിവര്‍ണപതാക ഉയര്‍ത്തുകയും ചെയ്യേണ്ടിവരുമായിരുന്നു. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അത് അപമാനകരമാവുമായിരുന്നു. 


മാത്രമല്ല, താഴ്ത്തിയ ബ്രിട്ടിഷ് പതാകയെ അമിതാവേശത്തില്‍ ചിലയിടങ്ങളിലെങ്കിലും അവഹേളിച്ചെന്നും വരാം. അതുണ്ടാവരുതെന്ന് വൈസ്രോയി മൗണ്ട് ബാറ്റന് നിര്‍ബന്ധമുണ്ടായിരുന്നു. ബ്രിട്ടന്റെയും ഇന്ത്യയുടെയും ഫ് ളാഗ് കോഡ് അനുസരിച്ച് രാത്രിയില്‍ പതാക പറത്തരുത്. അങ്ങനെ അര്‍ധരാത്രിയില്‍ അധികാരക്കൈമാറ്റം നടത്തിയാല്‍ പതാകച്ചടങ്ങ് ഒഴിവാക്കാം. നെഹ്‌റുവും ദേശീയനേതാക്കളും അതിനു സമ്മതം മൂളുകയായിരുന്നു.

 

എങ്കിലും ഒരിടത്തു മാത്രം ഒരു മാറ്റമുണ്ടായി. ലക്‌നൗവില്‍. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു സാക്ഷ്യം വഹിച്ച അവിടുത്തെ റസിഡന്‍സി കൊട്ടാരത്തില്‍ ഒരിക്കലും പതാക അഴിച്ചുമാറ്റിയിരുന്നില്ല. തൊണ്ണൂറുകൊല്ലമായി രാത്രിയും പകലും അവിടെ പതാക പറന്നുകൊണ്ടിരുന്നു. ഇന്ന്, ആദ്യമായി അത് അഴിച്ചുതാഴെയിറക്കി. 

തൊട്ടുപിന്നാലെ, ഇനിയൊരു പതാകയും ആ കൊടിമരത്തില്‍ ഉയര്‍ത്താന്‍ പാടില്ല എന്നുപറഞ്ഞുകൊണ്ട് ഒരു ബ്രിട്ടിഷ് ഓഫിസറെത്തി ആ കൊടിമരം തന്നെ മുറിച്ചുമാറ്റി. ആ പതാകയും കല്‍ക്കട്ടയിലെ ഫോര്‍ട്ട് വില്യമിനു മുകളില്‍ പറത്തിയിരുന്ന പതാകയും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ക്ലോഡ് ഓക്കിന്‍ലെക്കിന് അയച്ചുകൊടുത്തു. അവ ഇന്നും ഇംഗ്ലണ്ടിലെ വിന്‍സര്‍ കൊട്ടാരത്തിലെ മ്യൂസിയത്തിലുണ്ട്.

14ന് സന്ധ്യ കഴിഞ്ഞതോടെ പിറ്റേന്നു സ്വതന്ത്ര ഇന്ത്യയുടെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരില്‍ മിക്കവരും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന്റെ വസതിയില്‍ ഒത്തുകൂടി. ഡോ. പ്രസാദിന്റെ സാന്നിധ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ സമൃദ്ധിക്കും സമാധാനത്തിനുമായി നടത്തിയ പൂജയില്‍ അവര്‍ പങ്കുകൊണ്ടു. പൂജയിലോ മതപരമായ ചടങ്ങുകളിലോ വിശ്വാസമില്ലാതിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ അസാന്നിധ്യം അവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

നെഹ്‌റുവിനൊപ്പം

സന്ധ്യ കഴിഞ്ഞതോടെ യോര്‍ക്ക് റോഡിലെ (ഇന്നത്തെ മോത്തിലാല്‍ നെഹ്‌റു മാര്‍ഗ്) നെഹ്‌റുവിന്റെ 17ാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ രണ്ടു സന്യാസിമാര്‍ എത്തി. ദക്ഷിണദേശത്തെ ജനങ്ങളുടെ ഇംഗിതമനുസരിച്ച് തഞ്ചാവൂരില്‍ നിന്നെടുത്ത കാവേരി തീര്‍ഥവും മുളവടിയും പീതാംബരവും പഞ്ചഗവ്യവുമായി കുറച്ചുപേര്‍ എത്തി. 

സ്വതന്ത്ര ഇന്ത്യയുടെ നിയുക്ത ഭരണാധിപനെ അനുഗ്രഹിക്കാന്‍ വന്നവരാണ് തങ്ങളെന്ന് പറഞ്ഞതോടെ അദ്ദേഹം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി. അദ്ദേഹത്തിനുമേല്‍ തീര്‍ഥം തളിച്ച് കുങ്കുമപ്പൊട്ടും മറ്റും നെറ്റിയില്‍ ചാര്‍ത്തി അനുഗ്രഹിച്ചശേഷമാണ് അവര്‍ മടങ്ങിയത്.

അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ നിമിഷത്തിനു മുമ്പ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രസംഗത്തിന്റെ കരട് ഒരിക്കല്‍ കൂടി വായിച്ചശേഷം അത്താഴത്തിനിരുന്ന നെഹ്‌റുവിന് ഒരു ഫോണ്‍ കോള്‍ വന്നു. ലഹോറില്‍ നിന്നാണ്. വിഭജനത്തില്‍ പാകിസ്താനിലായ അവിടുത്തെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ് എന്ന വിവരമാണ് മറുതലയ്ക്കലില്‍ നിന്നും വന്നത്.  ഇതറിഞ്ഞാല്‍ ഡെല്‍ഹിയിലും ഇന്ത്യന്‍ ഭാഗത്തെ പഞ്ചാബിലും മറ്റും പ്രതികാരക്കൊല നടന്നേക്കാം. ആഭ്യന്തരമന്ത്രി പട്ടേലിനെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിതുമ്പിക്കൊണ്ടാണു നെഹ്‌റു ഇക്കാര്യങ്ങള്‍ അറിയിച്ചത്. 


മൗണ്ട് ബാറ്റനൊപ്പം

അതേസമയം പാകിസ്താന്റെ നിയുക്ത തലസ്ഥാനമായ കറാച്ചിയില്‍ മുഹമ്മദ് അലി ജിന്നയ്ക്ക് അധികാരക്കൈമാറ്റം നടത്തി മടങ്ങവേ വിമാനത്തിലിരുന്ന് ആ കാഴ്ചകണ്ടു മൗണ്ട് ബാറ്റന്‍ ഞെട്ടി. ഇരു പഞ്ചാബിലെയും നൂറുകണക്കിന് വീടുകളും കട കമ്പോളങ്ങളും ആളിക്കത്തിക്കൊണ്ടിരിക്കുന്നു. അവയ്ക്കിടയിലൂടെ നുഴഞ്ഞുനീങ്ങുന്ന പതിനായിരക്കണക്കിനു മനുഷ്യരും അവരുടെ കാളവണ്ടികളും.

ഡെല്‍ഹിയില്‍ എത്തിയപാടേ സുരക്ഷാനടപടികളെക്കുറിച്ച് ആരാഞ്ഞശേഷം അത്താഴവും കഴിച്ച് തന്റെ പ്രസ് സെക്രട്ടറി അലന്‍ ക്യാംപ് ബെല്‍ ജോണ്‍സനെ ഓഫിസ് മുറിയിലേക്ക് വിളിച്ച് വൈസ്രോയി പദവിയുടെ ചിഹന്ങ്ങളെല്ലാം എടത്തുമാറ്റാന്‍ നിര്‍ദേശിച്ചു.

നഗരസവാരി

അതേസമയം ഗാന്ധിജി കല്‍ക്കട്ടയിലെ  ഭാര്‍ഗവീനിലയത്തില്‍ ഉറക്കം വരാതെ ഇരിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിനായി സമീപിച്ച റേഡിയോ റിപ്പോര്‍ട്ടറെ 'ഞാന്‍ ആകെ തളര്‍ന്നുപോയി' (I have gone dry) എന്നു പറഞ്ഞു മടക്കി അയച്ചു. എങ്കിലും തന്റെ ഉപവാസസമരത്തെതുടര്‍ന്ന് കല്‍ക്കട്ടയിലെ വര്‍ഗീയലഹള അടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ ചെറിയൊരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി.  രഹസ്യമായി അതൊന്നുകണ്ട് ഉറപ്പുവരുത്തിയാലോ എന്ന്? 

അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന, തന്റെ സന്തതസഹചാരിയും യുപിഐ വാര്‍ത്താ ഏജന്‍സിയുടെ ലേഖകനുമായ ശൈലേന്‍ ചാറ്റര്‍ജിയെ വിളിച്ചുണര്‍ത്തി. ആരെയും അറിയിക്കാതെ 11 മണിയോടെ ഇരുവരും ഒരു കാറില്‍ നഗരം ചുറ്റാനിറങ്ങി. അതെ, രാഷ്ട്രം മുഴുവന്‍ സ്വാതന്ത്ര്യാഹ്ലാദത്തില്‍ മുഴുകുമ്പോള്‍ രാഷ്ട്രപിതാവ് മുറിവേറ്റ ഹൃദയവുമായി തെരുവീഥികള്‍ ചുറ്റുകയായിരുന്നു.


സവാരി മധ്യേ ഗാന്ധിജി

കല്‍ക്കട്ടയിലെ ബാലിഗഞ്ചില്‍ അര്‍ധരാത്രിയില്‍ സ്വാതന്ത്യം ആഘോഷിക്കാനിറങ്ങിയ ജനക്കൂട്ടം അതുവഴി വന്ന കാര്‍ തടഞ്ഞു. തലയില്‍ മുണ്ടിട്ടിരുന്ന വ്യക്തിയെ ആരോ തിരിച്ചറിഞ്ഞു. 'മഹാത്മാഗാന്ധി കീ ജയ്' വിളി ഉയര്‍ന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാപ്പു പുറത്തിറങ്ങി. 

അവരുടെ ഇടയില്‍ എവിടെയോ വച്ചായിരുന്നു തന്റെയും ബാപ്പുവിന്റെയും സ്വാതന്ത്ര്യനിമിഷമെന്ന് മാത്രമേ ശൈലേന്‍ ചാറ്റര്‍ജിക്ക് മരണം വരെ ഓര്‍മയുണ്ടായിരുന്നുള്ളു. തെരുവിലെ ജനക്കൂട്ടത്തില്‍ നിന്ന് എങ്ങനെയോ ഒടുവില്‍ രക്ഷപ്പെട്ട് ബാപ്പുവും ശൈലേനും താമസസ്ഥലത്തു മടങ്ങിയെത്തി കിടന്നുറങ്ങിയപ്പോള്‍ മണി രണ്ടര.


ഒരു വിളംബരം കൂടി

പതിനൊന്നു മണിയോടെ സാമ്രാജ്യ ചിഹന്ങ്ങളെല്ലാം മേശവലിപ്പുകളിലേക്കും പെട്ടിയിലേക്കും മാറ്റിയശേഷം മൗണ്ട് ബാറ്റന്‍ ആലോചിച്ചു  വൈസ്രോയി എന്ന നിലയില്‍ അവസാനമായി എന്തു ചെയ്യണം?

ഒരു കുസൃതി തോന്നി. പാലംപുര്‍ എന്ന നാട്ടുരാജ്യത്തിന്റ ഭരണാധികാരിയായ ഒരു നവാബ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയക്കാരിയായ ഭാര്യയ്ക്ക് 'ഹൈനെസ്' പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നത് മുന്‍ വൈസ്രോയി സമ്മതിക്കാതെ കിടക്കുകയായിരുന്നു. അതങ്ങു ചെയ്തുകളയാം. പൊടുന്നനെ സ്റ്റാഫിനെയെല്ലാം വിളിച്ചുവരുത്തി വിളംബരരേഖയും സ്‌ക്രോളും (ചുരുള്‍) തയാറാക്കി വിളംബരപ്രഖ്യാപനത്തില്‍ വൈസ്രോയിയുടെ തുല്യം ചാര്‍ത്തി. അപ്പോള്‍ സമയം 12 അടിക്കാന്‍ രണ്ടു മിനിറ്റ്.

കൗണ്‍സില്‍ മന്ദിരത്തില്‍

പാര്‍ലമെന്റ് മന്ദിരമെന്ന് ഇന്നു നാം വിളിക്കുന്ന ഡെല്‍ഹിയിലെ കൗണ്‍സില്‍ മന്ദിരത്തില്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ഭരണഘടന നിര്‍മാണസഭയുടെ അഞ്ചാം സമ്മേളനം ആരംഭിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് ഒരു മണിക്കൂര്‍ കൂടി.

ആദ്യം സുചേത കൃപലാനിയുടെ വന്ദേമാതരം ആലാപനം. തുടര്‍ന്ന് ഹിന്ദിയും ഉറുദുവും ചേര്‍ന്ന ഹിന്ദുസ്ഥാനിയില്‍ നടത്തിയ അധ്യക്ഷപ്രസംഗം. അതില്‍ രാജേന്ദ്ര പ്രസാദ് മൂന്ന് ശക്തികളെ സ്മരിച്ചു  രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിധാതാവിനെ, സ്വാതന്ത്ര്യത്തിനുവേണ്ടി കൊലക്കയറേറിയ രക്തസാക്ഷികളെ, സ്വാതന്ത്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ.

തുടര്‍ന്ന് രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് രണ്ട് മിനിറ്റ് നിശ്ശബ്ദത. 12 മണിയടിക്കുമ്പോള്‍ അംഗങ്ങള്‍ ചൊല്ലേണ്ട പ്രതിജ്ഞാവാചകം അടങ്ങുന്ന പ്രമേയം അവതരിപ്പിക്കാന്‍ അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദ്, ഇടക്കാല ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിനോട് ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് നെഹ്‌റു തന്റെ പ്രസിദ്ധമായ 'Long years ago we made a tryst with destiny... 'എന്നാരംഭിക്കുന്ന പ്രസംഗം നടത്തിയത്.

പ്രമേയത്തെ പിന്തുണച്ച് രണ്ടുപേര്‍ പ്രസംഗിച്ചു. ഒന്ന് ചൗധരി ഖലീക്കുസ്സമാന്‍ (അദ്ദേഹം പിന്നീട് പാകിസ്ഥാനിലേക്കു കൂറുമാറി). മറ്റേയാള്‍ ഡോ. എസ്. രാധാകൃഷ്ണന്‍. (അദ്ദേഹം ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി.) തുടര്‍ന്ന് പ്രതിജ്ഞ എടുക്കുന്നതെങ്ങനെയെന്ന് രാജേന്ദ്ര പ്രസാദ് അംഗങ്ങള്‍ക്കു വിശദീകരിച്ചുകൊടുത്തു. ഇനിയും അര മിനിറ്റ് ബാക്കി.

സ്വാതന്ത്ര്യ ദിനം!

ക്ലോക്കില്‍ 12 അടിച്ചതോടെ അംഗങ്ങള്‍ രാജ്യസേവന പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് രാജേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചു  'ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തതായി വൈസ്രോയിയെ അറിയിക്കാനും, അങ്ങനെ മുറപ്രകാരം ഭരണമേറ്റെടുത്ത അസംബ്ലി 1947 ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരിക്കാന്‍ മൗണ്ട് ബാറ്റന്‍ പ്രഭുവിനോട് അഭ്യര്‍ഥിക്കുന്നതായി അറിയിക്കാനും ഞാന്‍ നിര്‍ദേശിക്കുന്നു.'

നിര്‍ദേശം സഭ കയ്യടിച്ചു സ്വീകരിച്ചതിനു ശേഷം, രാജ്യത്തെ വനിതകളെ പ്രതിനിധീകരിച്ചുകൊണ്ട് ഹന്‍സാ മേത്ത ഔദ്യോഗിക ദേശീയപതാക സഭയ്ക്കു സമര്‍പ്പിച്ചു. തുടര്‍ന്ന് ചൈനീസ് അംബാസഡറായ ഡോ. ചീയാ ലൂവെന്‍ ലോ അയച്ചുതന്ന കവിത സഭ സ്വീകരിക്കുന്നതായി പ്രസാദ് പ്രഖ്യാപിച്ചു. സാരേ ജഹാം സേ അച്ഛായുടെയും ജനഗണമനയുടെയും ഏതാനും വരികള്‍ ചൊല്ലിയ ശേഷം പിറ്റേന്നു രാവിലെ 10 മണിക്ക് ചേരാനായി സഭ പിരിഞ്ഞു.

തീരുമാനം അറിയിക്കുന്നു

സഭ പിരിഞ്ഞതോടെ രാജേന്ദ്ര പ്രസാദും നെഹ്റുവും സര്‍ദാര്‍ പട്ടേലും മറ്റു നേതാക്കളും അതുവരെ വൈസ്രോയി മന്ദിരമായിരുന്ന ഗവണ്‍മെന്റ് ഹൗസിലേക്ക് (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പുറപ്പെട്ടു. നേതാക്കന്മാരും ഉദ്യോഗസ്ഥരും പത്രക്കാരുമായി മൗണ്ട് ബാറ്റന്റെ പഠനമുറി നിറഞ്ഞുകവിഞ്ഞു. ഫോട്ടോഗ്രഫര്‍മാര്‍ മേശപ്പുറത്ത് വലിഞ്ഞുകയറി. ഒടുവില്‍ എങ്ങനെയോ മൗണ്ട് ബാറ്റനും പ്രസാദും പരസ്പരം അഭിമുഖമായി നിന്നു. 


സഭയുടെ രണ്ടു തീരുമാനമാനങ്ങളും അധ്യക്ഷന്‍ ഔപചാരികമായി എഴുന്നേറ്റു നിന്നുകൊണ്ട് അറിയിക്കണം. വികാരത്തള്ളലില്‍ രാജേന്ദ്ര പ്രസാദിന് വാക്കുകള്‍ കിട്ടാതായി. വേഗം ഓര്‍മയുണ്ടായിരുന്ന വരികള്‍ നെഹ്‌റു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സഭയുടെ അഭ്യര്‍ഥന താന്‍ സ്വീകരിക്കുന്നതായി മൗണ്ട് ബാറ്റന്‍ ഔപചാരിക മറുപടി നല്‍കി. തുടര്‍ന്ന് മുദ്രവച്ച ഒരു കവര്‍ നെഹ്‌റു മൗണ്ട്ബാറ്റനെ ഏല്‍പിച്ചു. 


രാവിലെ ഗവര്‍ണര്‍ ജനറലിനു മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള നിയുക്ത മന്ത്രിമാരുടെ പേരും വകുപ്പുകളും എന്നു പറഞ്ഞു. എല്ലാവരും പോയശേഷം മൗണ്ട് ബാറ്റന്‍ കവര്‍ തുറന്നു. കാലിയായിരുന്നു അത്. വെപ്രാളത്തില്‍ ലിസ്റ്റ് കവറിലിടാന്‍ നെഹ്‌റു മറന്നുപോയിരുന്നു. 


സ്വാതന്ത്ര്യപ്പുലരിയില്‍

രാവിലെ എട്ടുമണിക്ക് ഗവണ്‍മെന്റ് ഹൗസിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ഹീരാലാല്‍ കനിയ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി മൗണ്ട് ബാറ്റനു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രിട്ടന്റെ ദേശീയഗാനമായ ഗോഡ് സേവ് ദ കിങ്, സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമാക്കാന്‍ നിര്‍ദേശിച്ചിരുന്ന ജനഗണമന എന്നിവയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി, മൗണ്ട് ബാറ്റന്‍ ഇന്ത്യന്‍ ഡൊമിനിയന്റെ ആദ്യത്തെ ഗവര്‍ണര്‍ജനറലായി അധികാരമേറ്റു. തുടര്‍ന്ന് പുതിയ ഗവര്‍ണര്‍ ജനറല്‍, ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനും തുടര്‍ന്ന് മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൃത്യം പത്തുമണിക്ക് രാജേന്ദ്രപ്രസാദും മൗണ്ട് ബാറ്റനും കൗണ്‍സില്‍ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ് ലിയുടെയും മറ്റു ലോകനേതാക്കളുടെയും ആശംസാസന്ദേശങ്ങള്‍ പ്രസാദ് വായിച്ചു. തുടര്‍ന്ന് പ്രസാദിന്റെ അഭ്യര്‍ഥന അനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ സഭയെ അഭിസംബോധന ചെയ്തു. 

മൗണ്ട്ബാറ്റനുശേഷം പ്രസംഗിച്ച രാജേന്ദ്ര പ്രസാദ് പറഞ്ഞു  'ഈ വിഭജനത്തിനായി നിര്‍ബന്ധിച്ചവര്‍ക്ക് ഇന്ത്യയുടെ ആന്തരികമായ ഏകത്വത്തെക്കുറിച്ച് ഒരു ദിവസം ബോധ്യം വരും. നാമെല്ലാം ഒന്നാകുമെന്നും ആശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.'

അകലെ ഒരു പീരങ്കിവെടി. 'കൗണ്‍സില്‍ മന്ദിരത്തിനു മുകളില്‍ പതാക ഉയരട്ടെ' ഗവര്‍ണര്‍ ജനറല്‍ അനുമതി നല്‍കി. 31 ആചാരവെടികളുടെ പശ്ചാത്തലത്തില്‍, തലേന്നു രാത്രി ഇന്ത്യയിലെ വനിതകളുടെ സമ്മാനമായി സഭയില്‍ സമര്‍പ്പിച്ച ത്രിവര്‍ണപതാക ജനപ്രതിനിധിസഭാ മന്ദിരത്തിനു മുകളില്‍ ഉയര്‍ന്നു. ഓഗസ്റ്റ് 20ന് വീണ്ടും ചേരാന്‍ സഭപിരിഞ്ഞു.

അന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യാ ഗേറ്റിനടുത്ത് ഗവര്‍ണര്‍ ജനറല്‍ പതാക ഉയര്‍ത്തിയപ്പോള്‍ ചെറിയൊരു മഴ പെയ്തതായും ഒരു മഴവില്‍ പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു. പിറ്റേന്ന്, ഓഗസ്റ്റ് 16 രാവിലെ, റെഡ് ഫോര്‍ട്ടില്‍ പതാക ഉയര്‍ത്തി നെഹ്‌റു രാജ്യത്തെ അഭിസംബോധന ചെയ്തു. ആ കീഴ്വഴക്കം എല്ലാ ഓഗസ്റ്റ് 15നും തുടരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia