Safety | ഹെൽമറ്റ് എന്തിനാണ് ധരിക്കുന്നത്, എങ്ങനെ ജീവൻ രക്ഷിക്കുന്നു, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? വിശദമായി അറിയാം
ഹെൽമറ്റ് തലയോട്ടിക്ക് സംഭവിക്കുന്ന പരിക്കുകളെ കുറയ്ക്കുന്നു, തലച്ചോറിനുള്ള സംരക്ഷണം നൽകുന്നു, അപകട സാധ്യത കുറയ്ക്കുന്നു.
മിന്റു തൊടുപുഴ
(KVARTHA) ഇന്ന് നമ്മുടെ കേരളത്തിൽ ബൈക്കിലും സ്കൂട്ടറിലുമൊക്കെ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ഉപയോഗിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുറകിൽ ഇരിക്കുന്നവരായാലും മുൻപിൽ ഇരിക്കുന്നവർ ആയാലും ഹെൽമറ്റ് ശിരസ്സിൽ ധരിക്കണമെന്നത് തന്നെയാണ് ഇപ്പോഴത്തെ നിയമം. പണ്ട് ഇത് ഉത്തരവാദിത്വപ്പെട്ടവർ വാക്കുകളിൽ പറഞ്ഞിട്ട് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഹെൽമറ്റ് ധരിക്കാത്തവരെ കണ്ടുപിടിച്ച് ഫൈൻ അടപ്പിക്കുന്ന രീതി സർക്കാർ തലത്തിൽ വ്യാപകമാക്കിയിരിക്കുകയാണ്. അതിൻ്റെ ഗുണവും പൊതുവിൽ കാണാറുണ്ട്. അപകടമരണങ്ങൾ ഇവിടെ ഒത്തിരി കുറയുന്നുണ്ടെന്നാതാണ് സത്യം.
എന്നിരുന്നാലും ചിലർക്കെങ്കിലും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുക എന്നത് അരോചകമായിരിക്കുന്നത് ഇന്നും തുടരുന്നു. അതിന് മുതിർന്ന തലമുറയെന്നോ പുതു തലമുറയെന്നോ വ്യത്യാസമില്ല. ഒരു പഴുത് കിട്ടിയാൽ ഹെൽമറ്റ് തലയിൽ ധരിക്കാതെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാകും പലരും. എന്നാൽ കുറച്ചുപേരെങ്കിലും ആരും നിർബന്ധിക്കാതെ തന്നെ ഹെൽമറ്റ് വെച്ച് യാത്ര ചെയ്യുന്നവരും ഉണ്ട്. അവർക്ക് ഹെൽമറ്റ് ധരിക്കുന്നതിൻ്റെ ഗുണത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുമായിരിക്കും. അല്ലാത്തവർ ഇതിനെതിരെ ഉത്തരവാദിത്വപ്പെട്ടവരെയും ഭരിക്കുന്ന സർക്കാരിനെയും കുറ്റം പറഞ്ഞുകൊണ്ടും ഇരിക്കും. അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള ഒരു കുറിപ്പാണ് ഇത്. ഹെൽമറ്റ് ജീവൻ രക്ഷിക്കുന്നതിന്റെ ശാസ്ത്രീയ വശം വ്യക്തമാക്കുന്ന കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. നല്ല ഹെൽമറ്റ് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശരിയായി ഉപയോഗിക്കുന്നതിൻ്റെ പ്രായോഗിക ബുദ്ധി ഇതിൽ കൃത്യമായി വിവരിക്കുന്നുണ്ട്.
കുറിപ്പിൽ പറയുന്നത്: ‘ഇന്ത്യൻ നിരത്തുകളിലെ ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും അത് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് നമ്മളിൽ പലരും. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാൻ വഴിവക്കിൽനിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുകയും ചെയ്യും. ഹെൽമറ്റ് എന്തിനാണ് ധരിക്കുന്നത്..??? ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015-ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330-പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു.
ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപ്പെടുമായിരുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇൻജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കൻഡറി ഇൻജുറി) കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു വിദഗ്ദ ഡോക്ടർമാർ പറയുന്നു..!!
അപകടത്തിന്റെ ആദ്യ സെക്കൻഡിൽ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇൻജുറി. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം തലച്ചോറിൽ സംഭവിക്കാവുന്ന ആഘാതമാണു സെക്കൻഡറി ഇൻജുറി. ചികിത്സയിൽ കഴിയുന്നവർ മരിക്കാനുള്ള കാരണം ഇതാണ്. തലച്ചോറിലേക്ക് ഓക്സിജൻ എത്താത്തതിലൂടെ സംഭവിക്കുന്ന കേടുപാടുകൾ അഥവാ ഹൈപ്പോക്സിക് ഇൻജുറി, ഹൈപ്പോ ടെൻഷൻ (അമിത രക്തസ്രാവം കൊണ്ടോ ഹൃദയത്തിൽ ക്ഷതമേൽക്കുന്നതുകൊണ്ടോ ബിപിയിലുണ്ടാകുന്ന കുറവ്), സെറിബ്രൽ ഇസ്കീമിയ (തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ), ഐസിപി അഥവാ ഇൻട്രാ ക്രാനിയൽ പ്രഷർ (തലയോട്ടിക്കകത്തെ അമിത സമ്മർദ്ദം) എന്നിവയെല്ലാം സെക്കൻഡറി ഇൻജുറിയിലാണു പെടുന്നത്.
പരുക്ക് രണ്ടുവിധം:- മോട്ടോർ സൈക്കിൾ അപകടങ്ങളിൽ തലയ്ക്കേൽക്കുന്ന പരുക്ക് രണ്ടുതരത്തിലുളളതാണ് 1) തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുന്നത്. 2) പുറത്തു പരുക്കില്ലാതെ തലച്ചോറിനു ക്ഷതം പറ്റുന്നത്. അപകടത്തിൽപെടുന്നയാളുടെ ശിരസ്സ് നിലത്തോ മറ്റോ ഇടിക്കുന്ന സമയത്ത് ശിരസ്സിന്റെ ചലനം നിൽക്കുമെങ്കിലും മസ്തിഷ്കം തലയോട്ടിക്കകത്ത് അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച് തലയോട്ടിയുടെ ഉൾഭാഗത്ത് ഇടിച്ചു തിരിച്ചുപോകും. ഈ പ്രക്രിയയ്ക്കിടയിൽ (Acceleration and Declaration of Brain) തലച്ചോർ തകർന്നു തരിപ്പണമാകുന്നതാണ് ഏറ്റവും മാരകമായത്. പുറത്ത് യാതൊരു ലക്ഷണവും ഉണ്ടാകില്ല. ഗുണനിലവാരമുളള ഹെൽമറ്റ് ഈ രണ്ട് അപകടങ്ങളെയും ഒഴിവാക്കാനായി രൂപകൽപന ചെയ്യപ്പെട്ടതാണ്.
അപകടത്തിലെ ശാസ്ത്രം നാൽപ്പതു കിലോമീറ്റർ വേഗമുളള ബൈക്കിൽനിന്ന് അൻപതു കിലോ തൂക്കമുളള ഒരാൾ തെറിച്ചുവീണാൽ ശിരസ്സ് ചെന്നിടിക്കുന്ന ഭാഗത്ത് ഏകദേശം 750-kgf ബലം അനുഭവപ്പെടും. ഇത്ര ബലത്തില്‍ ഒരു പോയിന്റിൽ ചെന്നിടിച്ചാൽ ശിരസ്സു തകരുന്നതു സ്വാഭാവികം.!! എന്നാല്‍, ഹെൽമറ്റ് ധരിച്ച് ഒരാൾക്ക് ഇതേ അപകടത്തിൽ ഏൽക്കുന്ന 750-kgf ബലം 2,000 ചതുരശ്ര സെന്റിമീറ്ററില്‍ മുഴുവനായി വ്യാപിക്കുന്നതിനാൽ 750 / 2,000 അഥവാ 375 gm/sqcm മാത്രമായിട്ടായിരിക്കും അനുഭവപ്പെടുക. ഹെൽമറ്റ് ഇല്ലെങ്കില്‍ ശിരസ്സിന്റെ ഒരു പോയിന്റിൽ 750-kgf ന്റെ അടി കിട്ടുന്നിടത്തു ഹെൽമറ്റ് ധരിച്ചാൽ വെറും 375-gm/sqcm മാത്രം..!! ഹെൽമറ്റിന്റെ ഗുണം ഇപ്പോൾ മനസിലായോ..???
അപകടം നടക്കുമ്പോൾ, തലയോട്ടിക്കകത്ത് മസ്തിഷ്കം മുന്നോട്ടു കുതിച്ച് മുൻഭാഗത്ത് ഇടിച്ചു പിന്നോട്ടു വരുന്ന സമയത്ത് മസ്തിഷ്കത്തിനു സംഭവിക്കുന്ന കനത്ത നാശം ചികിത്സിച്ചു മാറ്റിയെടുക്കാൻ കഴിയില്ല. എന്നാൽ ഹെൽമറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining ഒരു കുഷ്യൻ പോലെ പ്രവർത്തിച്ച് മസ്തിഷ്കത്തിന്റെ മുന്നോട്ടും പിന്നോട്ടുമുളള ധൃതചലനവും തലയോട്ടിയിലെ ശക്തമായ ഇടിയും വളരെ കുറയ്ക്കാൻ സഹായിക്കും. ഇതു മസ്തിഷ്കത്തിനു വലിയ പരുക്കു പറ്റാതെ നോക്കും. ഹെൽമറ്റ് ധരിക്കുന്നത് എല്ലാ മോട്ടോർസൈക്കിൾ യാത്രക്കാരും ശീലമാക്കിയാൽ നമുക്കു കേരളത്തിൽ വിലപ്പെട്ട ആയിരം മനുഷ്യജീവനെങ്കിലും വർഷംതോറും രക്ഷിക്കാനാകും. ഒപ്പം 10,000 പേരുടെയെങ്കിലും മാരകമായ പരുക്കും ഒഴിവാക്കാം.
ഒരു ഹെൽമറ്റിന് അഞ്ചു പ്രധാന ഭാഗങ്ങളാണുളളത്. 1. Rigid Outer Shell, കടുപ്പമേറിയ പുറംചട്ട നമ്മുടെ ശിരസ്സു ചെന്നിടിക്കുന്ന Impact Force ഏകദേശം 2,000 ചതുരശ്ര സെന്റിമീറ്റർ പ്രതല വിസ്തീർണമുളള ഹെൽമറ്റിലേക്കു വ്യാപിപ്പിക്കുന്നതിനാൽ Impact Force 2,000 ൽ ഒന്നായി കുറയുന്നു. 2. Impact Absorbing Liner, ‘സ്റ്റൈറോഫോം’ എന്ന പേരിലറിയപ്പെടുന്ന Impact Absorbing Liner ആണ് അപകടസമയത്ത് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ചലിച്ച് മാരകമായ പരുക്കിൽനിന്നു മസ്തിഷകത്തെ രക്ഷിക്കുന്നത്. ഈ കുഷ്യൻ പോലുളള ഭാഗത്തിന് Shock Absorbing കഴിവുളളതിനാലാണ് ഇതു സാധ്യമാകുന്നത്. 3. Comfort or Fit Pedding 4. Face Shield ബാഹ്യമായ പരിക്കുകളിൽ നിന്നും മുഖത്തെ സംരക്ഷിക്കുന്നു. 5. Chin Strap ഹെൽമറ്റിനെ ശരിയായവിധം തലയിൽ ഉറപ്പിച്ചു നിർത്താനുളള (Retention System) ബെൽറ്റ്.
ഹെല്‍മറ്റ് വാങ്ങുമ്പോൾ സ്വന്തം ശിരസ്സിന് ഏറ്റവും അനുയോജ്യമായ വലുപ്പത്തിലുളളതായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. Face Shield ഉളളതാണ് എന്തുകൊണ്ടും ഉത്തമം. വില കുറഞ്ഞതും തെരുവുകളിൽ വിൽക്കുന്നതുമായ ഹെൽമറ്റുകൊണ്ടു വലിയ പ്രയോജനം ലഭിക്കില്ല. പൊലീസുകാരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും ജീവിതകാലം മുഴുവൻ തളർന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും നല്ല ഹെൽമറ്റ് ശരിയായി ഉപയോഗിക്കുന്നതാണു ബുദ്ധി’.
ഈ കുറിപ്പിൽ ഹെൽമറ്റ് ഉപയോഗിക്കുന്നതിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മുൻപിലും പിറകിലും ഇരിക്കുന്നവർ ശിരസ്സിൽ ഹെൽമറ്റ് ധരിക്കുന്നത് ഒരിക്കലും ഒരു കുറവല്ലെന്ന് എല്ലാവർക്കും അറിയാമെങ്കിലും പലരും ഇതിനെ നിസ്സാരവത്ക്കരിച്ചു കാണുന്നത് ആണ് പതിവ്. അത് നമ്മുടെ കുടുംബത്തിലേയ്ക്ക് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. അങ്ങനെയുള്ളവർക്ക് കൃത്യമായി ബോധ്യപ്പെടുവാൻ ഉപകരിക്കുന്നതാണ് ഇത്. ഹെൽമറ്റ് ഉപയോഗിക്കുന്നത് യാത്രാ വേളയിൽ ഒരു ബുദ്ധിമുട്ടോ ഭാരവുമായോ ആരും കരുത്. കൂടെയുള്ള കുട്ടികളെപ്പോലും ഹെൽമറ്റ് ധരിപ്പിച്ചു കൊണ്ട് യാത്ര ചെയ്യിപ്പിക്കുന്നത് കൂടുതൽ നല്ലത് തന്നെയാണ്. അത് നമ്മുടെ ജീവിതത്തെ സുരക്ഷിതമാക്കും. ഒപ്പം നമ്മുടെ യാത്രകളെ സുന്ദരമാക്കുകയും ചെയ്യും. അതുകൊണ്ട് മടികൂടാതെ ഹെൽമറ്റ് ധരിച്ചു തന്നെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവർ ഇന്ന് തന്നെ ഒരു ഹെൽമറ്റ് വാങ്ങി എല്ലാ യാത്രകളിലും ഇത് ധരിച്ചു തന്നെ യാത്ര ചെയ്യാൻ പരിശ്രമിക്കുക. ഒപ്പം ഇനിയെങ്കിലും ഇത് ധരിക്കാൻ പ്രേരിപ്പിക്കുന്നതിൻ്റെ പേരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ സർക്കാരിനെയോ കുറ്റം പറയുകയും ചെയ്യരുത്. അവർ നമ്മളെ ഇക്കാര്യം നിരന്തരം ബോധ്യപ്പെടുത്തുന്നത് നമ്മുടെ ജീവൻ സുരക്ഷിതമാക്കാനാണെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ ഹെൽമറ്റിനെ സ്നേഹിക്കാൻ പഠിക്കുകയാണ് വേണ്ടത്.
#helmetsafety #roadsafety #twowheeler #accidentprevention #savelives #keralasafety