Safety | 'ഡിഫൻസീവ് ഡ്രൈവിംഗ്' എന്നാൽ എന്താണ്? സുരക്ഷിത യാത്രയ്ക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
(KVARTHA) ഇന്ന് മുമ്പത്തേക്കാൾ വാഹനങ്ങൾ നമ്മുടെ നാടുകളിൽ പെരുകുകയാണ്. പല പല വാഹനാപകടങ്ങളും നമ്മുടെ കണ്മുന്നിൽ തന്നെ നടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. വാഹനാപകടം മൂലം പല ദാരുണ മരണങ്ങൾ സംഭവിക്കുന്നതും പതിവാണ്. അടുത്ത കാലത്തായി ടീനേജ് പ്രായക്കാരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും. അതുപോലെ തന്നെയാണ് ടീനേജ് പ്രായക്കാരുടെ ഡ്രൈവിങ്ങും എന്നതും വിസ്മരിക്കാനാവില്ല. റോഡിലെ അപകടങ്ങൾ പല രീതിയിലുമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്.
നമ്മുടെ അശ്രദ്ധ മൂലവും മറ്റുള്ളവരുടെ അശ്രദ്ധ മൂലവും അപകടങ്ങൾ സംഭവിക്കുന്നു. പ്രത്യേകിച്ചും സാഹസികമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന ഭീകരമായ അപകടങ്ങൾ നമ്മെ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. ഈ അപകടങ്ങളുടെ ആഴം വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നമ്മുടെ നാടിനെ അപകടരഹിതമാക്കാൻ, ഡിഫെൻസീവ് ഡ്രൈവിംഗ് പോലുള്ള സുരക്ഷാ നടപടികൾ അനിവാര്യമാണ്. എന്നാൽ ദുഖകരമായ സത്യം, അനുഭവ സമ്പത്തുള്ള ഡ്രൈവർമാർക്കുപോലും ഡിഫെൻസീവ് ഡ്രൈവിംഗിനെക്കുറിച്ച് പൂർണമായ അറിവില്ല എന്നതാണ്. റീ ഘട്ടത്തിൽ എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ? അതിൻ്റെ പ്രാധാന്യം എന്താണ്..? എന്ന് വിവരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
'എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ?
എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മൾ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാൽ അതിന്റെ പിന്നാലെ അമിതവേഗത്തിൽ പോകുക, ഹോൺ അടിച്ചതിന്റെ ദേഷ്യത്തിൽ സൈഡ് നൽകാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്.
നമ്മളിൽ പലരും ഇങ്ങനേ അല്ലേ എന്ന് ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും. നിരത്തിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിങ്ങാണ് എപ്പോഴും നമ്മൾ മാതൃകയാക്കേണ്ടത്. വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.
മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല. മറ്റു ഡ്രൈവർമാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിങ്ങ്. രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക. ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിങ്ങ്. എപ്പോഴും നമ്മൾ നമ്മുടെ മുന്നിൽ ഒരു എസ്കേപ്പ് റൂട്ട് സൃഷ്ടിക്കണം'.
ഇതായിരിക്കണം നമ്മൾ ഡ്രൈവിഗിൽ അവലംബിക്കേണ്ടത്. ഇത് നമുക്ക് മാതൃകയാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ വാഹനാപകടങ്ങളുടെ തോതും ഇവിടെ കുറഞ്ഞു വരും. എല്ലാ ഡ്രൈവർമാരും മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ആണ് ഇവിടെ പ്രതിപാദിച്ചത്. ഇത് വായിച്ചിട്ട് മറക്കുകയല്ല വേണ്ടത്. മനസ്സിൽ ഓർത്തുവെച്ച് പ്രവൃത്തിയിൽ കൊണ്ടുവരുകയാണ് വേണ്ടത്.
#defensivedriving #roadsafety #drivingsafety #traffic #accidentprevention #safetyfirst