ദേശീയപാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഹൈക്കോടതി വിധി

 


കൊച്ചി: (www.kvartha.com 31/05/2017) സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍എച്ച് 66ല്‍ അടച്ചു പൂട്ടപ്പെട്ട മദ്യവില്‍പനശാലകളുടെ വിലക്കുനീങ്ങി. ദേശീയപാതയോരത്തെ ഈ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോടു നിര്‍ദേശിച്ചു.

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചപ്പോള്‍ ഈ റോഡിനിരു വശത്തുമുള്ള ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു. ഈ നടപടി നീതിപൂര്‍വമല്ലെന്ന ബാറുടമകളുടെ വാദം ഹൈക്കോടതി ശരിവച്ചു.

കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ദേശീയപാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഹൈക്കോടതി വിധി

ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയുന്നത്. ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ലഭിക്കുമോ എന്നറിയാനായി ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണപ്രദേശമായ മാഹിയിലെ പൂട്ടിയ 32 ബാറുകളും ഇന്നും നാളെയുമായി തുറന്നു പ്രവര്‍ത്തിക്കുമെന്നും ബാറുടമകള്‍ അറിയിച്ചു.

അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ മദ്യനയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ നടപടികളൊന്നും കൈകൊള്ളാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ്. അതേസമയം രണ്ട് വര്‍ഷമായി തുടരുന്ന നിയമപ്പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ണായക വിധി സ്വന്തമാക്കിയ ബാറുടമകള്‍ ബാറുകള്‍ അറ്റകുറ്റപണികള്‍ നടത്തിയും മോടിപിടിപ്പിച്ചും പെട്ടന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Summary: The ban was lifted on liquor shops at National highway 66 from Cherthala to Thiruvananthapuram. The high court had directed the exercise department to accept the licenses of deserved closed bars.

Keywords: India, Kerala, Supreme Court of India, High Court of Kerala, Liquor, Kannur, Thiruvananthapuram, National, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia