മംഗലാപുരത്തെ സ്വകാര്യ കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം പടരുന്നു

 


മംഗലാപുരത്തെ സ്വകാര്യ കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം പടരുന്നു
മംഗലാപുരം : കേരളം ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളിലേയും കര്‍ണാടകയിലെയും നിരവധി വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന മംഗലാപുരത്തെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസ്വാസ്ഥ്യം പടരുന്നു. വിദ്യാര്‍ത്ഥികളുടെ അമര്‍ഷം ഇപ്പോള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. വ്യാഴാഴ്ച നഗരത്തിലെ ബ്രൈറ്റ് ട്യൂട്ടോറിയസില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മംഗലാപുരത്തെ വിദ്യാര്‍ത്ഥികളില്‍ മാനേജുമെന്റിനെതിരെ പടരുന്ന അമര്‍ഷത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

നൂറുകണക്കിന് സ്വകാര്യ മെഡിക്കല്‍-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മംഗലാപുരം നഗരത്തിലും പരിസരത്തിലും പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളും ഇതില്‍പ്പെടും. ഇത്തരം കോളേജുകളില്‍ കോഴപ്പണം വാങ്ങി സീറ്റ് കച്ചവടം നടത്തുന്നതല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും താമസിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ സജ്ജമാക്കുന്നില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലാണ് ചൂഷണം വഴിവിട്ട് നടക്കുന്നതെന്നും പരാതിയുണ്ട്.

കരാവലി ഫാഷന്‍ ടെക്‌നോളജി കോളേജ് കാമ്പസിലാണ് ബ്രൈറ്റ് ട്യൂട്ടോറിയല്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലധിഷ്ഠിത മത്സരപരീക്ഷകള്‍ക്ക് വന്‍ തുട ഈടാക്കിയാണ് ഇവിടെ പ്രവേശനം നല്‍കുന്നത്. അധ്യയന ഫീസും ഹോസ്റ്റല്‍-ഭക്ഷണ ഫീസും ഇതിലുള്‍പ്പെടും. ഭക്ഷണമാകട്ടെ നിലവാരം കുറഞ്ഞതും ഭക്ഷ്യയോഗ്യവുമല്ല. അടുക്കളയും ഊട്ടുപുരയും വൃത്തിഹീനമാണ്. ഇതിനെതിരെയാണ് പൊറുതിമുട്ടിയ ബ്രൈറ്റിലെ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച മാനേജ്‌മെന്റിനെതിരെ തിരിഞ്ഞത്.

പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടികണ്ട മാനേജ്‌മെന്റ് ഒരാഴ്ചക്കാലം സ്ഥാപനം അടച്ചിടാന്‍ ശ്രമിച്ചതും വിദ്യാര്‍ത്ഥിരോഷം ഇരട്ടിപ്പിച്ചു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും ജീവനക്കാരെയും കായികമായി നേരിട്ടാണ് പ്രതിഷേധമുയര്‍ത്തിയത്. വിവരമറിഞ്ഞ് റൂറല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

Keywords:  Mangalore, National, Students, Protest, College 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia